റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് 1221 കോടി രൂപയുടെ സംയോജിത നഷ്ടം

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് 1221 കോടി രൂപയുടെ സംയോജിത നഷ്ടം

കൊല്‍ക്കത്ത: നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 1,221 കോടി രൂപയുടെ സംയോജിത നഷ്ടം രേഖപ്പെടുത്തിയതായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 54 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മാര്‍ച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോഴും അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) നഷ്ടം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 966 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. കുറഞ്ഞ നിരക്കില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കികൊണ്ടുള്ള ജിയോയുടെ മുന്നേറ്റവും ഇതോടെ ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഉടലെടുത്ത നിരക്ക് യുദ്ധവുമാണ് ആര്‍കോമിന്റെ നഷ്ടം വര്‍ധിപ്പിക്കുന്ന മുഖ്യ ഘടകം. കമ്പനിയുടെ വരുമാനത്തില്‍ 33 ശതമാനത്തിന്റെ ഇടിവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ദ്യ പാദത്തില്‍ അനുഭവപ്പെട്ടതെന്ന് ആര്‍കോം അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 5,361 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയതെങ്കില്‍ നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ 3,591 കോടി രൂപയുടെ വരുമാനം മാത്രമാണ് ആര്‍കോമിന് നേടാനായത്.

ജൂണ്‍ പാദത്തിലെ കനത്ത നഷ്ടത്തിന് കാരണം, വിപണിയിലെ കടുത്ത മല്‍സരമാണെന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പറയുന്നത്. ഇന്ത്യന്‍ ടെലികോം രംഗത്ത് ഞെരുക്കം തുടരുമെന്നും ആര്‍കോം പത്രക്കുറിപ്പിലൂടെ അറിയിച്ചു. നികുതിയടക്കമുള്ള ചെലവുകള്‍ പരിഗണിക്കുന്നതിന് മുന്‍പുള്ള നേട്ടം, മുന്‍ വര്‍ഷത്തേ 1,560 കോടി രൂപയില്‍ നിന്നും 65 ശതമാനം ഇടിഞ്ഞ് 543 കോടി രൂപയിലെത്തി. നെറ്റ് ഫിനാന്‍സ് ചര്‍ജ് 25.5 ശതമാനം വര്‍ധിച്ച് 998 കോടി രൂപയിലെത്തി. ഡിപ്രിസിയേഷന്‍ ചാര്‍ജുകള്‍ 43 ശതമാനം ഉയര്‍ന്ന് 1,184 കോടി രൂപയായിട്ടുണ്ടെന്നും ആര്‍കോം വ്യക്തമാക്കി.

സെപ്റ്റംബര്‍ അവസാനത്തോടെ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍, ഓഹരി മൂലധനം 5,000 കോടി രൂപയിലേക്ക് ഉയര്‍ത്തുന്നതിനും, കടം ഇക്വറ്റി ഓഹരികളിലേക്ക് മാറ്റുന്നതിനും ഓഹരിയുടമകളുടെ അനുവാദം തേടുമെന്ന് ആര്‍കോം അറിയിച്ചിട്ടുണ്ട്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ പ്രത്യേകമായി സമര്‍പ്പിച്ച ഫയലിംഗിലാണ് ആര്‍കോം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Comments

comments

Categories: Business & Economy