ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 9 കമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച മൊത്തം 1,05357 കോടി രൂപയുടെ നഷ്ടം

ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 9 കമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച മൊത്തം 1,05357 കോടി രൂപയുടെ നഷ്ടം

ന്യൂഡെല്‍ഹി: കഴിഞ്ഞ ആഴ്ച നടന്ന വ്യാപാരത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള പത്ത് കമ്പനികളുടെ പട്ടികയിലുള്‍പ്പെട്ട ഒന്‍പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ മൊത്തം 1,05,357 കോടി രൂപയുടെ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (ആര്‍ഐഎല്‍), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ് കനത്ത നഷ്ടം നേരിട്ടത്. കഴിഞ്ഞ ആഴ്ച നടന്ന വ്യാപാരത്തില്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 355.60 പോയ്ന്റ് താഴ്ന്നു. ബോംബെ സൂചികയായ സെന്‍സെക്‌സ് 3.43 ശതമാനം ഇടിഞ്ഞിരുന്നു.

ടെക് കമ്പനിയായ ഇന്‍ഫോസിസ് മാത്രമാണ് ആദ്യ 10 കമ്പനികളില്‍ വിപണി മൂലധനത്തില്‍ നേട്ടം കൊയ്തത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി എന്നിവ ഉള്‍പ്പടെ ബാക്കി ഒന്‍പത് കമ്പനികള്‍ക്കും കഴിഞ്ഞ വാരം അത്ര സുഖകരമായിരുന്നില്ല. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂലധനം 24,671.41 കോടി രൂപ കുറഞ്ഞ് 5,02,922.78 കോടി രൂപയിലെത്തി. എസ്ബിഐയുടെ മൂല്യത്തില്‍ 21,407.49 കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്. ഇതോടെ ബാങ്കിന്റെ വിപണി മൂലധനം 2,42,258.49 കോടി രൂപയിലെത്തി. ഐടിസി 10,882.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യത്തില്‍ 10,274.83 കോടി രൂപയുടെ ഇടിവുണ്ടായി. മാരുതി സുസുക്കി ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയ്ക്കും ഓഹരി വിപണിയില്‍ കനത്ത നഷ്ടമാണുണ്ടായത്. അതേസമയം ടെക് ഭീമന്‍ ഇന്‍ഫോസിസ് 551.27 കോടി രൂപ കൂട്ടിച്ചേര്‍ത്തുകൊണ്ട് വിപണി മൂലധനം 2,26,880.71 കോടി രൂപയിലേക്ക് ഉയര്‍ത്തി. വിപണി മൂലധനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന പത്ത് ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപുറകെ ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, എച്ച്‌യുഎല്‍, എസ്ബിഐ, ഇന്‍ഫോസിസ്, മാരുതി, ഒഎന്‍ജിസി എന്നിങ്ങനെയാണുള്ളത്.

Comments

comments

Categories: Slider, Top Stories