അടിസ്ഥാനസൗകര്യ വികസനം; 400 മില്യണ്‍ ദിര്‍ഹത്തിന്റെ വന്‍പദ്ധതിയുമായി അബുദാബി

അടിസ്ഥാനസൗകര്യ വികസനം; 400 മില്യണ്‍ ദിര്‍ഹത്തിന്റെ വന്‍പദ്ധതിയുമായി അബുദാബി

തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശമായ ഷവാമിഖിലാണ് പദ്ധതി നടപ്പാക്കുന്നത്

അബുദാബി: അബുദാബിയിലെ റോഡുകളും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി 397.6 മില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചു. അബുദാബി പബ്ലിക് സര്‍വീസ് കമ്പനി മുസാനധയുടെ സഹകരണത്തോടെ അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പില്‍ അഫയേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടാണ് തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശമായ ഷവാമിഖില്‍ പദ്ധതി നടപ്പാക്കുന്നത്. ഇവയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുവന്ന് ആധുനിക സേവനങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

259 മില്യണ്‍ ദിര്‍ഹത്തിന്റെ ആദ്യ ഘട്ടത്തിന്റെ പ്രവര്‍ത്തനം സെക്റ്റര്‍ ഏഴിലും 12 ലും ആരംഭിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ ഇത് പൂര്‍ത്തിയാകും. ആശയവിനിമയത്തിന്റേയും അഴുക്കുചാലുകളുടേയും ജലവൈദ്യുതിയുടേയും ശൃംഖലകള്‍ വികസിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. മേഖലയിലെ 800 പ്ലോട്ടുകളില്‍ 732 എണ്ണം റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളാണ്. ഒന്‍പത് ഭൂപ്രദേശങ്ങള്‍ മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. പൊതുജന സേവനങ്ങള്‍ക്കായി ഒരു ഭൂപ്രദേശവും ആറെണ്ണം ഗവണ്‍മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കുക.

സ്ട്രീറ്റ് ലൈറ്റുകള്‍ ഇടുന്നതിനും മറ്റു സേവനങ്ങളുടേയും പ്രവര്‍ത്തനത്തിന് വേണ്ടി 16.3 മില്യണ്‍ ദിര്‍ഹത്തില്‍ അധികമാണ് ചെലവാക്കുന്നത്. 1,2,3,4,5,9,10 സെക്റ്ററുകളിലെ പ്രാദേശിക റോഡിന്റേയും അടിസ്ഥാനസൗകര്യങ്ങളുടേയും ഷവാമിഖ് മേഖലയിലെ രണ്ടാം ഘട്ട നിര്‍മാണത്തിനായി 138.6 മില്യണില്‍ അധികമാണ് ചെലവ് വരുന്നത്. 2019 ന്റെ ആദ്യത്തോടെ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

301 പ്രോപ്പര്‍ട്ടികള്‍ പദ്ധതിയിലൂടെ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുമെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു. ഇതില്‍ 241 എണ്ണം റസിഡന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കും ഏഴെണ്ണം മത ആവശ്യങ്ങള്‍ക്കും 10 എണ്ണം പാര്‍ക്കുകള്‍ക്കും മൂന്നെണ്ണം വീതം പൊതുവായ സൗകര്യങ്ങള്‍ക്കും ഗവണ്‍മെന്റിനും ഒരെണ്ണം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കുക. താമസക്കാര്‍ക്ക് ആവശ്യമായ വൈദ്യുതി, ജലം, അഴുക്കുചാലുകള്‍, വാര്‍ത്താവിനിമയത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ ഇതിലൂടെ സാധിക്കും.

ലോകത്തിലെ പ്രധാന സമ്പദ്ഘടനകളില്‍ ഒന്നാവുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുമായി തയാറാക്കിയ അബുദാബി 2030 വിഷന്റെ ചുവടുപിടിച്ചാണ് പദ്ധതി ഒരുങ്ങുന്നതെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു.

Comments

comments

Categories: Arabia, Slider