ഹോണ്ടയെ എതിരിടാന്‍ ഹീറോ മൂന്ന് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കും

ഹോണ്ടയെ എതിരിടാന്‍ ഹീറോ മൂന്ന് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കും

പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ മോഡലുകളുടെ എണ്ണം വര്‍ധിപ്പിക്കും

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഒന്നാമനായ ഹീറോ മോട്ടോകോര്‍പ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തോടെ മൂന്ന് പുതിയ സ്‌കൂട്ടര്‍ മോഡലുകള്‍ അവതരിപ്പിക്കും. പഴയ പങ്കാളിയായ ഹോണ്ട തങ്ങളുടെ ഒന്നാം സ്ഥാനം തട്ടിയെടുക്കുമോയെന്ന ആശങ്കയുടെ നിഴലിലാണ് ഇപ്പോള്‍ ഹീറോ. ഒന്നാം സ്ഥാനം മെച്ചപ്പെടുത്തുകയും ഹോണ്ടയെ എതിരിടുകയുമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ മോഡലുകള്‍ നിര്‍മ്മിക്കുന്നത്. ഈ സാമ്പത്തിക പാദത്തിലെ നാലാം പാദത്തില്‍ പുതിയ 125 സിസി സ്‌കൂട്ടര്‍ പുറത്തിറക്കും. 2018-19 ല്‍ രണ്ട് പുതിയ മോഡലുകളും വിപണിയിലെത്തിക്കും.

കൂടാതെ, പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ മോഡലുകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവും ഹീറോയുടെ മനസ്സിലുണ്ട്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ പുതിയ 200 സിസി സ്‌പോര്‍ട്‌സ് ബൈക്ക് അവതരിപ്പിക്കും. മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ നേതൃസ്ഥാനം നിലനിര്‍ത്തുമ്പോള്‍തന്നെ പ്രീമിയം ബൈക്ക്, സ്‌കൂട്ടര്‍ സെഗ്‌മെന്റുകളില്‍ പോള്‍ പൊസിഷന്‍ നിലനിര്‍ത്താനുറച്ചാണ് ഹീറോ അണിയറ നീക്കങ്ങള്‍ നടത്തുന്നത്.

വലിയ സാധ്യതകളുള്ള പ്രീമിയം ബൈക്ക്, സ്‌കൂട്ടര്‍ സെഗ്‌മെന്റുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ തീരുമാനം. മാസ്‌ട്രോ എഡ്ജ്, ഡ്യുവറ്റ് (രണ്ടും 110 സിസി), പ്ലഷര്‍ (100 സിസി) എന്നീ മൂന്ന് സ്‌കൂട്ടര്‍ മോഡലുകളാണ് നിലവില്‍ ഹീറോ മോട്ടോകോര്‍പ്പിനുള്ളത്. ഹോണ്ടയുടേതായി അഞ്ച് സ്‌കൂട്ടര്‍ മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ആക്റ്റിവ 4ജി, ഡിയോ, ഏവിയേറ്റര്‍, ആക്റ്റിവ ഐ, ക്ലിക്ക് എന്നിവയാണവ. ആക്റ്റിവ 125 സിസിക്കൊപ്പം ഇവയെല്ലാം 110 സിസി സ്‌കൂട്ടറുകളാണ്. സെസ്റ്റ് 110, സ്‌കൂട്ടിപെപ് പ്ലസ്, വീഗോ, ജൂപിറ്റര്‍ എന്നീ മോഡലുകളാണ് ടിവിഎസ് വില്‍ക്കുന്നത്.

ഹോണ്ടയില്‍നിന്ന് വേര്‍പ്പെട്ട് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും അമ്പത് ശതമാനത്തിലധികം വിപണി വിഹിതത്തോടെ ആഭ്യന്തര മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ഹീറോ തന്നെയാണ് നായകന്‍. എന്നാല്‍ സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ 12 ശതമാനം വിപണി വിഹിതത്തോടെ ഹീറോ മോട്ടോകോര്‍പ്പ് മൂന്നാം സ്ഥാനത്താണ്. അറുപത് ശതമാനത്തോളം വിപണി വിഹിതത്തോടെ ഹോണ്ട ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 15 ശതമാനത്തോളം വിപണി പങ്കാളിത്തം കരസ്ഥമാക്കിയ ടിവിഎസ് മോട്ടോര്‍ കമ്പനി രണ്ടാമനാണ്.

ഹീറോയെ മറികടന്ന് 2020 ഓടെ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായി മാറുകയെന്ന ലക്ഷ്യം ഹോണ്ട ഈയിടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

2015 ഓടെ ഹീറോയെ പിന്തള്ളുമെന്ന് 2013 ല്‍ ഹോണ്ട പ്രഖ്യാപിച്ചിരുന്നെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല. 2017 ഏപ്രില്‍-ജൂലൈ കാലയളവിലെ സിയാം കണക്കുകളനുസരിച്ച് ഹീറോ മോട്ടോകോര്‍പ്പ് 24,22,650 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്ക് 19,90,438 യൂണിറ്റ് വില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ഇതേ കാലയളവില്‍ സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഹീറോ വിറ്റത് 2,77,159 യൂണിറ്റുകളാണെങ്കില്‍ 13,17,610 യൂണിറ്റ് സ്‌കൂട്ടര്‍ വിറ്റ് ഹോണ്ട ബഹുദൂരം മുന്നിലെത്തി. 3,38,723 സ്‌കൂട്ടറുകളാണ് ടിവിഎസ് വിറ്റത്. ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂലൈ കാലയളവില്‍ ആകെ 22,17,499 യൂണിറ്റ് സ്‌കൂട്ടറുകളുടെ വില്‍പ്പന നടന്നു.

അതേസമയം, മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ഹീറോ 21,45,491 യൂണിറ്റ് വിറ്റു. ഹോണ്ടയുടെ വില്‍പ്പന 6,72,828 യൂണിറ്റുകളില്‍ ഒതുങ്ങി. ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ ആകെ 41,03,644 യൂണിറ്റ് മോട്ടോര്‍സൈക്കിളാണ് വിറ്റുപോയത്.

Comments

comments

Categories: Auto