ഈജിപ്റ്റിലേക്ക് എത്തിയത് 40 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം

ഈജിപ്റ്റിലേക്ക് എത്തിയത് 40 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം

കറന്‍സിയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയും പലിശ നിരക്ക് ഉയര്‍ത്തിയും ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞും സമ്പദ് വ്യവസ്ഥയെ ഉടച്ചുവാര്‍ത്തതു മുതല്‍ രാജ്യത്തിന്റെ വായ്പയിലേക്കും ഓഹരികളിലേക്കുമുള്ള നിക്ഷേപത്തില്‍ മികച്ച മുന്നേറ്റമാണുണ്ടായത്

കെയ്‌റോ: നവംബറില്‍ ഈജിപ്ഷ്യന്‍ കറന്‍സിയായ ഈജിപ്ഷ്യന്‍ പൗണ്ടിന്റെ വില ഇടിയാന്‍ തുടങ്ങിയത് മുതല്‍ രാജ്യത്തേക്ക് എത്തിയത് 40 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം. കയറ്റുമതിയിലൂടെയും ഈജിപ്ഷ്യന്‍ ആസ്തികള്‍ വാങ്ങുന്നതിനായി നിക്ഷേപകര്‍ ഡോളറുകള്‍ വിറ്റതിലൂടെയും ഈജിപ്ഷ്യന്‍ പൗണ്ടിന് വേണ്ടി ഡോളറുകള്‍ എക്‌സ്‌ചേഞ്ചുചെയ്തതിലൂടെയും ലഭിച്ച ഫണ്ടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയതെന്ന് സെന്‍ട്രല്‍ ബാങ്ക് സബ് ഗവര്‍ണര്‍ റമി അബൗള്‍ നഗ പറഞ്ഞു.

എന്നാല്‍ ഐഎംഎഫി(ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്)ല്‍ നിന്നുള്ള വായ്പ ഉള്‍പ്പടെയുള്ളവയെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് ലഭിച്ച വലിയ വായ്പയാണ് രാജ്യത്തെ പിടിച്ചു നിര്‍ത്തിയത്. കറന്‍സിയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയും പലിശ നിരക്ക് ഉയര്‍ത്തിയും ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞുമെല്ലാം നിരവധി ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി. സമ്പദ് വ്യവസ്ഥയെ ഉടച്ചുവാര്‍ത്തതു മുതല്‍ രാജ്യത്തിന്റെ വായ്പയിലേക്കും ഓഹരികളിലേക്കുമുള്ള നിക്ഷേപത്തില്‍ മികച്ച മുന്നേറ്റമാണുണ്ടായത്.

രാജ്യത്തിന്റെ വിദേശ കരുതല്‍ ധന ശേഖറം ജൂലൈയില്‍ 36 ബില്യണ്‍ ഡോളറിന് മുകളിലായി. വായ്പ വിപണിയിലേക്ക് 15 ബില്യണ്‍ ഡോളറിന് മുകളിലാണ് വിദേശ നിക്ഷേപം എത്തിയത്. എന്നാല്‍ ഈജിപ്റ്റില്‍ ജീവിക്കുന്നവര്‍ കടുത്ത സാമ്പത്തിക പ്രശ്‌നത്തിലാണ്. കറന്‍സി അസ്ഥിരമായതും നികുതി ഉയര്‍ത്തിയതും സബ്‌സിഡി വെട്ടിക്കുറച്ചതും വിലക്കയറ്റം 33 ശതമാനം വര്‍ധിക്കാന്‍ കാരണമായി. 93 മില്യണ്‍ വരുന്ന ജനസംഖ്യയില്‍ പകുതി ദാരിദ്ര്യ രേഖയ്ക്ക് അടുത്തോ അതിന് താഴെയോ ആണ് ജീവിക്കുന്നത്.

മറ്റ് മേഖലകളിലും മികച്ച പ്രകടനമാണ് ഈജിപ്റ്റ് കാഴ്ചവെച്ചത്. ജൂണില്‍ അവസാനിച്ച 12 മാസത്തിലെ ബജറ്റ് കമ്മി അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 10 ബില്യണ്‍ ഡോളറിന് മുകളിലേക്ക് ഉയരുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia