ഡാറ്റ്‌സണ്‍ ഗോ ലൈവ് : ജാപ്പനീസ് കമ്പനിയുടെ പുതിയ കണ്‍സെപ്റ്റ്

ഡാറ്റ്‌സണ്‍ ഗോ ലൈവ് : ജാപ്പനീസ് കമ്പനിയുടെ പുതിയ കണ്‍സെപ്റ്റ്

ഗോ ലൈവ് കണ്‍സെപ്റ്റിനെ ഒറ്റ വാക്കില്‍ ‘ഫ്രീ സ്റ്റൈല്‍’ എന്ന് വിശേഷിപ്പിക്കാം

ന്യൂ ഡെല്‍ഹി : ഡാറ്റ്‌സണ്‍ ഗോ ലൈവ് എന്ന പുതിയ കണ്‍സെപ്റ്റുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഡാറ്റ്‌സണ്‍ രംഗത്ത്. കഴിഞ്ഞയാഴ്ച്ച ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് ഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവ കണ്‍സെപ്റ്റ് ഹാച്ച്ബാക്കിന് ഓട്ടോ ഷോയില്‍ താരപരിവേഷം ലഭിക്കുന്നതിന് ഇടയാക്കി. വാഹനങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയ ഇന്തോനേഷ്യന്‍ യുവതയെ ലക്ഷ്യംവെച്ചുള്ളതാണ് പുതിയ കണ്‍സെപ്‌റ്റെന്ന് ഡാറ്റ്‌സണ്‍ അറിയിച്ചു. നിര്‍മ്മാണം ആരംഭിക്കുകയാണെങ്കില്‍ ഡാറ്റ്‌സണ്‍ ഗോ ലൈവ് ഇന്ത്യയിലെത്താനുള്ള സാധ്യത വിരളമാണെന്ന് ഡാറ്റ്‌സന്റെ ഈ പ്രസ്താവന സൂചിപ്പിക്കുന്നു.

ഗോ ലൈവ് കണ്‍സെപ്റ്റിനെ ഒറ്റ വാക്കില്‍ ഫ്രീ സ്റ്റൈല്‍ എന്ന് വിശേഷിപ്പിക്കാമെന്ന് ഡാറ്റ്‌സണ്‍ എക്‌സിക്യൂട്ടീവ് ഡിസൈന്‍ ഡയറക്റ്റര്‍ കെയ് ക്യു പറഞ്ഞു. ഇന്തോനേഷ്യയിലെ കാര്‍ പ്രേമികള്‍ക്ക് അനുയോജ്യമായ കാറാണ് ഗോ ലൈവ് എന്നും ഈ കാറിലൂടെ ജക്കാര്‍ത്ത നഗരത്തിന്റെ മനം കവരുകയാണ് ലക്ഷ്യമെന്നും കെയ് ക്യു വ്യക്തമാക്കി. കണ്‍സെപ്റ്റ് കാറിന്റെ ബോഡിയിലുടനീളം ബ്രൈറ്റ് യെല്ലോ ആക്‌സന്റുകള്‍ നല്‍കിയിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലുകളിലും സമാനമായ ചാര, മഞ്ഞ നിറങ്ങളാണ് പെയിന്റ് ചെയ്തിരിക്കുന്നത്. സ്‌പോര്‍ടി സൈഡ് സ്‌കര്‍ട്ടുകള്‍ കാറിന്റെ പ്രൊഫൈലിനെ സാധൂകരിക്കുന്നതാണ്.

കാറിന്റെ പവര്‍ട്രെയ്ന്‍ വിശദാംശങ്ങള്‍ ഡാറ്റ്‌സണ്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ ഇന്ത്യയിലെ ഗോ ഹാച്ച്ബാക്ക് പോലെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും കാറിനെ മുമ്പോട്ട് പായിക്കുക. ഈ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും.

Comments

comments

Categories: Auto