ഓഗസ്റ്റില്‍ ഇതു വരെ എത്തിയത് 10,419 കോടി രൂപയുടെ നിക്ഷേപം

ഓഗസ്റ്റില്‍ ഇതു വരെ എത്തിയത് 10,419 കോടി രൂപയുടെ നിക്ഷേപം

ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചതാണ് വിദേശ നിക്ഷേപകര്‍ക്ക് ഉല്‍സാഹം പകരുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഡെറ്റ് വിപണിയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ഉത്സാഹം കൂടുന്നു. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് മാസം ഇതു വരെ 10,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ നടത്തിയിട്ടുള്ളത്. അതേസമയം, വിദേശ നിക്ഷേപകര്‍ ഇക്കാലയളവില്‍ ഓഹരി വിപണിയില്‍ നിന്നും 2,000 കോടി രൂപയിലധികം പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഏറ്റവും പുതിയ ഡെപ്പോസിറ്ററി ഡാറ്റ അനുസരിച്ച്, ഓഗസ്റ്റ് ഒന്നു മുതല്‍ 12 വരെയുള്ള കാലയളവില്‍ ആകെ 10,419 കോടി രൂപ (1.6 ബില്യണ്‍ ഡോളര്‍)യാണ് ഇന്ത്യന്‍ ഡെറ്റ് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിട്ടുള്ളത്. നടപ്പു വര്‍ഷം ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള ആറ് മാസങ്ങളില്‍ ഡെറ്റ് വിപണിയിലേക്കെത്തിയത് 1.16 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ്. ഇതിനു മുന്‍പ് 2,300 കോടിയിലധികം രൂപ അവര്‍ പിന്‍വലിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റില്‍ ഇതുവരെയുള്ള നിക്ഷേപം കൂടി കണക്കിലെടുക്കുമ്പോള്‍ നടപ്പു വര്‍ഷം ആകെ 1.24 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് എഫ്പിഐ വഴി ഡെറ്റ് വിപണിയിലേക്കെത്തിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡെറ്റ് വിപണിയിലെ എഫ്പിഐ നിക്ഷേപത്തിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. എങ്കിലും, ഓഗസ്റ്റ് ആദ്യ വാരം നടന്ന ധനനയ അവലോകന യോഗത്തിനു മുന്നോടിയായി ഡെറ്റ് വിപണിയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കില്‍ ചെറിയ ഉത്സാഹക്കുറവ് അനുഭവപ്പെട്ടിരുന്നതായി ഫണ്ട്‌സ്ഇന്ത്യ.കോം എംഎഫ് റിസര്‍ച്ച് മേധാവി വിദ്യ ബാല പറഞ്ഞു. ഓഗസ്റ്റ് രണ്ടിന് നടന്ന ധനനയ യോഗത്തില്‍ ആര്‍ബിഐ അടിസ്ഥാന പലിശ നിരക്ക് 25 ബേസിസ് പോയ്ന്റ് കുറച്ചതോടെ എഫ്പിഐ നിക്ഷേപത്തിന്റെ ഗതിവേഗം വര്‍ധിച്ചതായും വിദ്യ ബാല പറഞ്ഞു.

Comments

comments

Categories: Slider, Top Stories