അദാനി പോര്‍ട്‌സിന്റെ അറ്റാദായം 13.65% ഇടിഞ്ഞ് 710 കോടി രൂപയായി

അദാനി പോര്‍ട്‌സിന്റെ അറ്റാദായം 13.65% ഇടിഞ്ഞ് 710 കോടി രൂപയായി

കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി മുന്ദ്ര ഉയര്‍ന്നുവരുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നിര്‍മാതാക്കളും അദാനി ഗ്രൂപ്പിന്റെ ലോജിസ്റ്റിക് വിഭാഗവുമായ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണി (എപിഎസ്ഇഇസഡ്) ന്റെ നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ അറ്റാദായത്തില്‍ ഇടിവ്. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ അദാനി പോര്‍ട്‌സിന്റെ അറ്റാദായം 13.65 ശതമാനം ഇടിഞ്ഞ് 710.25 കോടിയായി. മുന്‍പാദത്തിലെ ഇതേ കാലയളവില്‍ അറ്റാദായം 822.57 കോടി രൂപയായിരുന്നുവെന്നാണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കുന്നത്.

ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 2,959.63 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ മൊത്തം വരുമാനം 2085.14 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ 1206.40 കോടി രൂപയായിരുന്ന കമ്പനിയുടെ മൊത്തം ചെലവ് ഈ പാദത്തില്‍ 1867.43 കോടി രൂപയായി ഉയര്‍ന്നു. അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന് ഉയര്‍ന്ന നികുതി ഈടാക്കിയതാണ് നികുതിക്ക് ശേഷമുള്ള ലാഭം കുറയാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. തുറമുഖത്തിന് ലഭിച്ചിരുന്ന നികുതിയിളവ് അവസാനിച്ചതിനെ തുടര്‍ന്നാണിത്.

തങ്ങളുടെ തുറമുഖ, ലോജിസ്റ്റിക്‌സ് ബിസിനസുകളുടെ പ്രവര്‍ത്തനം ശക്തമായി തുടരുന്നുണ്ടെന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്ക്‌ണോമിക് സോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരണ്‍ അദാനി പറഞ്ഞു. കപ്പല്‍ ചരക്കിന്റെ വ്യാപ്തി മുന്‍ നിഗമനങ്ങള്‍ക്കനുസരിച്ച് തന്നെ നടപ്പുസാമ്പത്തിക വര്‍ഷം വളരും. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി മുന്ദ്ര ഉയര്‍ന്നു വരികയാണ്. ലോജിസ്റ്റിക് മേഖല വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തുടരുമെന്നും കരണ്‍ അദാനി പറഞ്ഞു.

ഓസ്‌ട്രേലിയയിലെ അബോട്ട് പോയ്ന്റ് ഓപ്പറേഷന്‍സ് പിടിവൈ ലിമിറ്റഡിലേക്കുള്ള 6 മില്യണ്‍ ടണ്‍ കപ്പല്‍ ചരക്ക് ഉള്‍പ്പടെ ആദ്യപാദത്തില്‍ അദാനി പോര്‍ട്‌സ് കൈകാര്യം ചെയ്തത് 50 മില്യണ്‍ ടണ്‍ കപ്പല്‍ച്ചരക്കാണ്. കാര്‍ഗോ മിക്‌സ് വൈവിധ്യവത്കരിക്കാനുള്ള തന്ത്രത്തിന്റെ ഫലമായി കണ്ടെയ്‌നര്‍ വ്യാപ്തി 21 ശതമാനവും വര്‍ധിച്ചു. മറ്റ് കാര്‍ഗോ 12 ശതമാനവും വര്‍ധിച്ചു. മുന്ദ്രയിലെ കണ്ടെയ്‌നര്‍ വ്യാപ്തി 20 ശതമാനവും, ഹസീറയിലേത് 25 ശതമാനവും കാട്ടുപ്പള്ളിയിലേത് 31 ശതമാനവും വര്‍ധിച്ചു.

Comments

comments

Categories: Business & Economy