മെട്രോയുടെ ഭാവി എന്ത് ? പ്രമുഖര്‍ പ്രതികരിക്കുന്നു

മെട്രോയുടെ ഭാവി എന്ത് ? പ്രമുഖര്‍ പ്രതികരിക്കുന്നു

കേരളത്തിനു പുതിയൊരു യാത്രാ സംസ്‌കാരം സമ്മാനിച്ചു കൊണ്ടാണു ജൂണ്‍ 17നു കൊച്ചി മെട്രോ യാത്ര ആരംഭിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഏകദേശം രണ്ട് മാസത്തോട് അടുക്കുമ്പോള്‍, കൊച്ചി മെട്രോ സര്‍വീസിനെ കുറിച്ചു ഭൂരിഭാഗം ആളുകള്‍ക്കും നല്ല അഭിപ്രായമാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ ഭിന്നാഭിപ്രായവുമുണ്ട്. പ്രധാനമായും യാത്രാ നിരക്കുകളെ കുറിച്ചാണു പലര്‍ക്കും പരാതി. എന്നാല്‍ സ്ത്രീകള്‍ക്കു മികച്ച യാത്രാ സുരക്ഷയാണു മെട്രോ ഉറപ്പാക്കുന്നതെന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പലരും മുന്നോട്ടുവയ്ക്കുന്നുണ്ട്. മെട്രോ സര്‍വീസ് യാഥാര്‍ഥ്യമായതിനു ശേഷമുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടും അറിയാനായി ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ്‌സ് നടത്തിയ സര്‍വേ ഫലം കഴിഞ്ഞ ദിവസം പുറത്തുവിടുകയുണ്ടായി. മെട്രോ യാഥാര്‍ഥ്യമായതിനു ശേഷമുള്ള നമ്മളുടെ കാഴ്ചപ്പാട് എന്താണെന്ന് അറിയാനുള്ള ശ്രമമാണു ഡീവാലര്‍ നടത്തിയത്.

സ്ത്രീ യാത്രികര്‍ക്കു സുരക്ഷിതമായ യാത്രാമാര്‍ഗമാണു മെട്രോയെന്നു 82 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. രാത്രി സമയങ്ങളില്‍ സ്ത്രീകള്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്നും ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. എന്നാല്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തിട്ടുള്ളതില്‍ 26 ശതമാനം മാത്രമാണു സ്ത്രകള്‍, യാത്രക്കാരില്‍ 74 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ തന്നെ 18നും 25നുമിടയില്‍ പ്രായമുള്ളവരാണു മെട്രോയില്‍ ഏറ്റവുമധികം യാത്രചെയ്യുന്ന വിഭാഗം. മെട്രോ ഒരു സ്ഥിര യാത്രാമാര്‍ഗമായി ആളുകള്‍ സ്വീകരിക്കില്ലെന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയും സര്‍വേയില്‍ ലഭിച്ചിട്ടുണ്ട്.

61 ശതമാനം ആളുകളാണു മെട്രോയെ നിത്യോപയോഗത്തിനായി ആശ്രയിക്കുമെന്നു പറയുന്നത്. മെട്രോയില്‍ ഇതു വരെ യാത്ര ചെയ്തിട്ടുള്ളവരെ എടുത്തു നോക്കിയാല്‍ വിദ്യാര്‍ഥികളാണു കൂടുതല്‍. യാത്രക്കാരില്‍ 31 ശതമാനം വിദ്യാര്‍ത്ഥികളായപ്പോള്‍ 21 ശതമാനം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു. മെട്രോ യാത്രാനുഭവം നേടുക എന്നതായിരുന്നു ഭൂരിഭാഗം യാത്രക്കാരുടെയും ഉദ്ദേശ്യം. 39 ശതമാനം ആളുകളാണ് ഈ ഉദ്ദേശ്യലക്ഷ്യത്തോടെ മെട്രോയെ സമീപിച്ചിരിക്കുന്നത്. 18 ശതമാനം പേര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി മെട്രോ പ്രയോജനപ്പെടുത്തിയപ്പോള്‍ 13 ശതമാനം പേര്‍ ഷോപ്പിംഗിനെത്തിച്ചേരാനുള്ള യാത്രാ മാര്‍ഗമായി മെട്രോയെ കണക്കാക്കി. ആറ് ശതമാനം പേരാണ് വിനോദ സഞ്ചാരമെന്നോണം മെട്രോയില്‍ യാത്ര ചെയ്തിട്ടുള്ളത്. എന്നാല്‍ ഒന്നിലധികം തവണ മെട്രോ യാത്ര നടത്തിയവരുടെ എണ്ണം കുറവാണെന്നതു മെട്രോ സേവനങ്ങളുടെ പരിഷ്‌കരണം ആവശ്യപ്പെടുന്നതാണ്. 21 ശതമാനം ആളുകള്‍ മാത്രമാണ് ഒന്നിലധികം തവണ മെട്രോയെ ആശ്രയിച്ചിട്ടുള്ളത്. യാത്രാ നിരക്കിനെകുറിച്ചു സമ്മിശ്ര പ്രതികരണമാണു സര്‍വേയില്‍ ഉയര്‍ന്നതെങ്കിലും നേരിയ തോതില്‍ മിതമായ നിരക്കാണെന്നു സമ്മതിക്കുന്നവരാണു കൂടുതല്‍. 53 ശതമാനം ആളുകള്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടപ്പോള്‍ 43 ശതമാനം ആളുകള്‍ യാത്രാനിരക്ക് കൂടുതലാണെന്ന് പ്രതികരിച്ചു.

പുറത്തുവന്ന സര്‍വേ ഫലങ്ങളെ മുന്‍നിര്‍ത്തി വിവിധ മേഖലകളിലെ പ്രമുഖര്‍ മെട്രോയെ കുറിച്ചുള്ള അവരുടെ അനുഭവങ്ങളും വിശകലനങ്ങളും ഫ്യൂച്ചര്‍ കേരളയുമായി പങ്കുവയ്ക്കുന്നു.

ഹൈബി ഈഡന്‍
എംഎല്‍എ, എറണാകുളം.

ഓരോ മലയാളിയുടെയും ദീര്‍ഘകാലത്തെ സ്വപ്‌നമായിരുന്നു മെട്രോ റെയ്ല്‍. ആ സ്വപ്‌നമാണു ജൂണ്‍ 17നു സാക്ഷാത്കരിച്ചത്. വാട്ടര്‍ മെട്രോയും, ബസ് സര്‍വീസും, മെട്രോ ട്രെയ്‌നും ഉള്‍പ്പെടുന്ന സംയോജിത ഗതാഗത സംവിധാനം ഉറപ്പാക്കുന്ന ഉംട്ടയുടെ (അര്‍ബന്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) ഒരു ഘട്ടം മാത്രമാണു മെട്രോ റെയ്ല്‍. ഇതാകട്ടെ, പൂര്‍ണമായും സജ്ജമായിട്ടില്ല. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യ ഘട്ടമാണു പൂര്‍ത്തിയായിരിക്കുന്നത്. നിലവില്‍ യാത്രാ നിരക്കു കൂടുതലാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുമുണ്ട്. നിരക്കിന്റെ കാര്യത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഇത്തരമൊരു ആക്ഷേപം ഉയര്‍ന്നതു പരിഹരിക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. ആലുവ മുതല്‍ പേട്ട വരെ മെട്രോ റെയ്ല്‍ പൂര്‍ണമായി സജ്ജമായതിനു ശേഷം നിരക്ക് വര്‍ധിപ്പിച്ചാലും കുഴപ്പമില്ല. ഉയര്‍ന്ന നിരക്കിനു പുറമേ സ്റ്റേഷനില്‍ ഫുഡ് സ്റ്റാളില്ലാത്തതും പ്ലാറ്റ്‌ഫോമില്‍ മെട്രോ ട്രെയ്ന്‍ കോച്ചിന്റെ ഡോര്‍ പൊസിഷന്‍ മാര്‍ക്ക് ചെയ്യാത്തതും ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. എന്നാല്‍ ഈ കുറവ് എടുത്തുപറയുമ്പോഴും സ്ത്രീ സുരക്ഷ മെട്രോ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് നിസാരമല്ല. മെട്രോ ട്രെയ്ന്‍ സര്‍വീസ് പൂര്‍ണമായി സജ്ജമായാല്‍ മാത്രമേ ഇതിന്റെ ഗുണവും ദോഷവും പറയാന്‍ സാധിക്കു. അതിനു മുന്‍പ് ഏതെങ്കിലും വിധമുള്ള അഭിപ്രായങ്ങള്‍ പറയുന്നത് അനവസരത്തിലുള്ളതായിരിക്കും.

സുധ ദിലീപ്കുമാര്‍
കൗണ്‍സിലര്‍, കൊച്ചിന്‍ കോര്‍പറേഷന്‍.

പൊതുഗതാഗതത്തിനു കൂടുതല്‍ പ്രാമുഖ്യം നല്‍കിയാലേ മെട്രോയെ സാമ്പത്തികപരമായി ലാഭത്തിലേക്കെത്തിക്കാന്‍ സാധിക്കുകയുള്ളു. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ നീട്ടുമ്പോള്‍ തന്നെ നഗരത്തിലേക്കു യാത്ര ചെയ്യുന്നവര്‍ മെട്രോ തെരഞ്ഞെടുക്കുമെന്നത് ഉറപ്പാണ്. ഒരാള്‍ ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോള്‍ കാര്‍ തെരഞ്ഞെടുക്കാതെ പൊതു ഗതാഗതം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഗതാഗതക്കുരുക്കൊന്നുമില്ലാതെയുള്ള യാത്ര ഉറപ്പാക്കാം. മെട്രോ സ്‌റ്റേഷനുകളോടനുബന്ധിച്ചുള്ള പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഇത്തരത്തിലുള്ള യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്നവയാണ്. മെട്രോയുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുകയാണെങ്കില്‍ സാധാരണക്കാര്‍ക്കു കൂടുതല്‍ പ്രയോജനപ്പെടുത്താവുന്ന ഒരു യാത്രാ മാര്‍ഗമായി ഇതു മാറും. നിലവില്‍ ബസ് നിരക്കിനേക്കാള്‍ ഇരട്ടിയാണു മെട്രോ യാത്രകള്‍ക്കു നല്‍കേണ്ടി വരുന്നത്. ഇതു പക്ഷേ സ്ഥിരമായി യാത്ര ചെയ്യുന്നവരെ മെട്രോയില്‍ നിന്ന് അകറ്റി നിര്‍ത്തും. സ്ഥിര യാത്രക്കാര്‍ക്കു നിരക്ക് കുറച്ചുകൊണ്ടുള്ള സീസണ്‍ ടിക്കറ്റുകളും മറ്റും ഏര്‍പ്പെടുത്തുകയാണെങ്കില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും. രാത്രി കാലങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവസരമാണ് മെട്രോ ഒരുക്കുന്നത് അതുകൊണ്ട് കൂടുതല്‍ ആളുകള്‍ ഉപയോക്താക്കളാകുന്നതുവഴി കൂടുതല്‍ സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കും.

ജോര്‍ജ്ജ് പോള്‍
മുന്‍ മാനേജിംഗ് ഡയറക്റ്റര്‍, സിന്തൈറ്റ് ഗ്രൂപ്പ്.

മെട്രോ പ്രൊജക്റ്റ് പൂര്‍ണമായി കമ്മീഷന്‍ ചെയ്യുന്നതു വരെ നിലവിലുള്ള ചാര്‍ജ്ജ് 50 ശതമാനമായി കുറയ്ക്കുക. അടുത്ത ഘട്ടത്തില്‍ മഹാരാജാസ് കോളെജ് വരെ കമ്മീഷന്‍ ചെയ്യുമ്പോള്‍ 25 ശതമാനം കൂട്ടുക. പിന്നീട് തൃപ്പൂണിത്തുറ വരെ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥമായ ചാര്‍ജ്ജ് ഈടാക്കാന്‍ പാടുള്ളു. നിലവില്‍ നിരക്ക് കുറച്ചു കഴിഞ്ഞാല്‍ ആളുകള്‍ മെട്രോ ഉപയോഗിക്കുന്നതു കൂടും. മഹാരാജാസ് വരെ പൂര്‍ത്തിയാകുമ്പോള്‍ 25 ശതമാനം കൂട്ടിയാലും എളുപ്പത്തില്‍ എറണാകുളത്തെത്താന്‍ ആളുകള്‍ മെട്രോ തെരഞ്ഞെടുക്കും. സാമ്പത്തിക ലാഭം നേടി മെട്രോ മുന്നോട്ടു പോകണമെങ്കില്‍ നിലവിലുള്ള നിരക്കെങ്കിലും ചാര്‍ജ് ചെയ്‌തേ പറ്റു. എന്നാല്‍ ഈ സമയത്ത് ഇത്തരമൊരു നിരക്ക് വച്ചാല്‍ അത് യാത്രക്കാര്‍ക്കു താങ്ങാന്‍ പറ്റുന്നതാവില്ല.

മെട്രോ വില്ലേജ് എന്ന ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അതിനായി കളമശേരിയില്‍ മെട്രോ മാനേജ്‌മെന്റിനു വേണ്ടി സ്ഥലം നല്‍കിയിട്ടുമുണ്ട്. ആ പ്രൊജക്റ്റ് ഒരു സംയുക്ത സംരംഭമായി പിപിപി മോഡലില്‍ ചെയ്താല്‍ അതില്‍ നിന്നുണ്ടാക്കുന്ന ലാഭം ഉപയോഗിച്ച് മെട്രോയെയും സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കും.

മോഹനവര്‍മ്മ
എഴുത്തുകാരന്‍

മെട്രോ റെയില്‍ എന്നുള്ള ആധുനിക യാത്രാരീതി എല്ലാ രാജ്യങ്ങളിലും ഒരു പുതിയ യാത്രാ സംസ്‌കാരം വളര്‍ത്തിയിട്ടുണ്ട്. ഇതിലും മെച്ചപ്പെട്ട യാത്രാ സമ്പ്രദായങ്ങള്‍ പലയിടത്തും വന്നിട്ടുണ്ട്. എന്നാല്‍ ഈ രീതിയിലുള്ള സംസ്‌കാരം കേരളത്തെ സംബന്ധിച്ച് ഇത് ആദ്യമാണ്. യാത്രയോടൊപ്പം തന്നെ പഴയ രീതികളില്‍ നിന്ന് മാറി വൃത്തി, സമയനിഷ്ട, സൗകര്യം എന്നിവയെല്ലാം ചേര്‍ന്ന ഒരു യാത്ര സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ഇതിനു നാം സാമ്പത്തികമായ മൂല്യം കല്‍പ്പിക്കരുത്. സംസ്‌കാരത്തിനു സാമ്പത്തികമായ വിലയിടാന്‍ സാധിക്കില്ല. പുതിയ, മികച്ച ഒരു യാത്രാ സംസ്‌കാരം എന്ന നിലയില്‍ ഇത് ലാഭം തന്നെയാണ്. വലിയൊരു പദ്ധതിയുടെ ആദ്യ ഘട്ടം മാത്രമാണ് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ യാത്ര. പൂര്‍ണ തോതില്‍ സജ്ജമാകുന്നതോടെ ഈ നഗരത്തിലും ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കുമിടയില്‍ പുതിയൊരു യാത്രാ സംസ്‌കാരം രൂപപ്പെട്ടു വരും. പിന്നെ, ഇതുപോലുള്ള കാര്യങ്ങള്‍ അംഗീകരിക്കപ്പെടാന്‍ കുറച്ചു സമയമെടുക്കും. തടസങ്ങളെല്ലാം മറികടന്ന മെട്രോ നമുക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ഏറ്റവും വലിയ ലാഭം.

ശീതള്‍ രാജ്
മാധ്യമ പ്രവര്‍ത്തക

ഡെല്‍ഹി മെട്രോയെക്കാള്‍ ചാര്‍ജ്ജ് കൂടുതലാണു തുടക്കത്തില്‍ തന്നെ കൊച്ചി മെട്രോയില്‍. ഒന്നോ രണ്ടോ തവണ ഈ ചെറിയ ദൂരത്തില്‍ 40 രൂപ നല്‍കി യാത്ര ചെയ്യാന്‍ ആളുകള്‍ തയാറാകും. എന്നാല്‍ എല്ലാവരും എല്ലായ്‌പ്പോഴും ഇതിനു തയാറാവണമെന്നില്ല. ചാര്‍ജ്ജ് കുറച്ചാലേ മെട്രോയ്ക്കു പിടിച്ചു നില്‍ക്കാന്‍ സാധിക്കു. മറ്റെല്ലാ മെട്രോകളേയും പോലെ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ മുന്നിലാണു കൊച്ചി മെട്രോ എന്നാണു കരുതുന്നത്. നിലവില്‍ സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങളെല്ലാം കാര്യക്ഷമമാണ്. ട്രാന്‍സ്‌ജെന്‍ഡേര്‍സിനു ജോലി കൊടുത്തതടക്കം വളരെ നല്ല നടപടിയാണ്. എന്നാല്‍ അവരെ ആ ജോലിയില്‍ പിടിച്ചു നിര്‍ത്താനും കൂടി സാധിക്കണമായിരുന്നു. പൊതുഗതാഗത സംവിധാനം എന്ന തലത്തിലേക്ക് കൊച്ചി മെട്രോ ഇതുവരെ എത്തിയിട്ടില്ല. ആളുകള്‍ കൂടുതല്‍ യാത്ര ചെയ്യുന്നയിടങ്ങളിലേക്കായിരുന്നു ആദ്യഘട്ടത്തില്‍ മെട്രോ എത്തേണ്ടിയിരുന്നത്. ഉദാഹരണത്തിന് എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, ഇന്‍ഫോ പാര്‍ക്ക് എന്നിവിടങ്ങളില്‍. കൗതുകത്തിനു വേണ്ടി മെട്രോ ഉപയോഗിക്കുന്നവരാണ് ഇന്ന് ഏറെയും. ദൈനംദിന യാത്രകള്‍ക്കായി സാധാരണക്കാര്‍ മെട്രോയെ ആശ്രയിക്കുന്ന രീതി നിലവിലില്ല.

യാത്രക്കാരുടെ പ്രധാന നിര്‍ദേശങ്ങള്‍

* യാത്രാ നിരക്ക് കുറയ്ക്കണം

* ഫീഡര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കണം

* സീസണ്‍ ടിക്കറ്റ് നടപ്പിലാക്കണം

* വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തണം

* നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കണം

* മലയാള ഭാഷ സംസാരിക്കാന്‍ അറിയുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം

* കുടിവെള്ളം ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണം

* പാര്‍ക്കിംഗ് സൗകര്യംങ്ങള്‍ വര്‍ധിപ്പിക്കണം

* സ്ത്രീകള്‍ക്കായി പ്രത്യേക കമ്പാര്‍ട്ടുമെന്റുകള്‍ വേണം

* സ്റ്റേഷനുകളിലെ ടോയ്‌ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കണം

Comments

comments

Categories: FK Special