നവസംരംഭങ്ങളെക്കുറിച്ചുള്ള മൂന്നു മിത്തുകള്‍

നവസംരംഭങ്ങളെക്കുറിച്ചുള്ള മൂന്നു മിത്തുകള്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടത്ര പ്രോല്‍സാഹനം ഇന്നു ലഭിക്കുന്നുണ്ട്. സര്‍ക്കാരാകട്ടെ, സ്വകാര്യമേഖലയാകട്ടെ നവ സംരംഭകര്‍ക്ക് നിരവധി സാധ്യതകള്‍ തുറക്കുന്നു. കോര്‍പ്പറേറ്റ് സാരഥികള്‍ തന്നെ നേരിട്ട് നിക്ഷേപം നടത്തി സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുന്നതിന് മുന്നിട്ടിറങ്ങുന്നു. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് ഇന്നും ചില അവാസ്തവമോ അതിശയോക്തി കലര്‍ന്നതോ ആയ കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയപ്പോഴാണ് പലര്‍ക്കും ഇതിലൊക്കെ എന്തു മാത്രം സത്യമുണ്ടെന്നു മനസിലായത്.

നിക്ഷേപത്തിന് തുല്യമായ വിജയം ഉറപ്പില്ല

സ്റ്റാര്‍ട്ടപ്പുകള്‍ക്കു നിക്ഷേപം എങ്ങനെ, എവിടെ നിന്ന് ലഭിക്കുമെന്നതിനെക്കുറിച്ച് ആദ്യമേ തന്നെ വലിയ കുശുകുശുപ്പുകള്‍ ഉണ്ടാകാറുണ്ട്. വലിയ നിക്ഷേപങ്ങള്‍ നാഴികക്കല്ലാകുമ്പോള്‍ത്തന്നെ വരുമാനം സംബന്ധിച്ച് ഒരുറപ്പും നല്‍കാത്ത ഒന്നാണ് നവസംരംഭങ്ങള്‍. തുടക്കക്കാര്‍ക്ക് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിക്ഷേപപ്രക്രിയയില്‍ അതിന് ആനുപാതികമല്ലാത്ത ശ്രദ്ധയും സമയവും ചെലുത്തേണ്ടി വരുന്നു. നവസംരംഭകര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ഉപഭോക്താക്കളുടെ ആവശ്യത്തേക്കാള്‍ നിക്ഷേപകരുടെ താല്‍പര്യത്തിന് പ്രാധാന്യം കൊടുക്കേണ്ടി വരുന്നതാണ്. വെബ് ആപ്പിന് ഉപഭോക്താക്കളുടെ വലിയ പ്രീതി സമ്പാദിക്കാനായാല്‍ മൊബീല്‍ ആപ്പ് നിര്‍മ്മിക്കുക അത്ര ശ്രമകരമാകില്ല. നിക്ഷേപകര്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടോളും. എന്നാല്‍ മറിച്ചാണെങ്കില്‍ നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ പാടുപെടണം. ഉപഭോക്താക്കളുടെ പിന്തുണയാണ് ദീര്‍ഘകാല വിജയത്തിനാധാരം.

ഏത് ഉപദേശവും സ്വീകാര്യമല്ല

മാര്‍ഗനിര്‍ദേശകര്‍ ഏതു സ്റ്റാര്‍ട്ടപ്പിനും അനിവാര്യരാണ്. എന്നാല്‍ ഏത് ഉപദേശവും സ്വീകരിക്കാമോ. മെന്റര്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തണം. ചാരുകസേര ഉപദേശകരെയും പാര്‍ട്ട് ടൈം ഉപദേശകരെയും വിട്ടുകളയുകയാണു വേണ്ടത്. കാരണം ഇത്തരക്കാരുടെ ഉപദേശം പലപ്പോഴും സംരംഭകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും തെറ്റായ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഒരുപാട് ആളുകളെ ആശ്രയിച്ചാല്‍ എവിടെയുമെത്തില്ല. വളരെയധികം തിരക്കുള്ളവരെയും പിന്തുടരരുത്. നമ്മുടെ കമ്പനിയിലും ഉല്‍പ്പന്നത്തിലും താല്‍പര്യം കാട്ടാത്തവരെയും ആശ്രയിക്കരുത്.

എല്ലാ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ല

എല്ലാ ബിസിനസ് പാര്‍ട്ടികളിലും പങ്കെടുക്കുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്ന ഘട്ടത്തില്‍ നല്ലതാണെന്ന തെറ്റിദ്ധാരണ മിക്കവര്‍ക്കുമുണ്ട്. ഇത്തരത്തിലുള്ള ഉപദേശമായിരിക്കാം പലപ്പോഴും കിട്ടാറുള്ളത്. എന്നാല്‍ നന്നായി ഗൃഹപാഠം ചെയ്യുകയാണ് എല്ലാ ബിസിനസ് പാര്‍ട്ടികളിലും പങ്കെടുക്കുന്നതിനേക്കാള്‍ വേണ്ട കാര്യം. നമ്മുടെ ബിസിനസിന് ഗുണപരമായി എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കിലേ പരിപാടികളില്‍ പങ്കെടുക്കുന്നതു കൊണ്ട് അര്‍ത്ഥമുള്ളൂ. നമ്മുടെ പ്രയത്‌നങ്ങളുടെ ശോഭ വര്‍ധിപ്പിക്കുന്നതിന് ഉതകുന്നതാണോ പങ്കെടുക്കുന്ന പരിപാടിയെന്നു നോക്കണം. പുതിയ കാര്യങ്ങള്‍ പഠിക്കുക, ഉല്‍പ്പന്നത്തിനുള്ള പിന്തുണ വര്‍ധിപ്പിക്കുക, പ്രയോജനകരമായ ബന്ധങ്ങള്‍ ഉണ്ടാക്കുക, മികച്ച ഓഹരിയുടമകളെ കണ്ടെത്തുക എന്നിവയാകണം പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ മാനദണ്ഡം.

ഏതു സ്റ്റാര്‍ട്ടപ്പിന്റെയും ആദ്യ ആറുമാസക്കാലം ക്ലേശകരമായിരിക്കും. സംരംഭകന് നിത്യേനയുള്ള വെല്ലുവിളികള്‍ നേരിടുകയും തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയും വേണ്ടതുണ്ട്. നിക്ഷേപങ്ങളെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍, എല്ലായിടത്തും നിന്നുയരുന്ന ഉപദേശങ്ങള്‍, മീറ്റിംഗുകള്‍ അങ്ങനെ താങ്ങാനാകാത്തവിധം നിരവധി ഘടകങ്ങളാണ് നേരിടേണ്ടത്. ഈ ഘട്ടത്തില്‍ ആര്‍ജ്ജവത്തോടെയിരിക്കാനും ഇഷ്ടപ്പെട്ട കാര്യമാണ് ചെയ്യുന്നതെന്ന് ആത്മവിശ്വാസം ഉണര്‍ത്താനുമാണ് ശ്രദ്ധിക്കേണ്ടത്.

Comments

comments

Categories: FK Special, Slider