നികുതി-ജിഡിപി അനുപാതം 11.9%മായി വര്‍ധിക്കാന്‍ സാധ്യത

നികുതി-ജിഡിപി അനുപാതം 11.9%മായി വര്‍ധിക്കാന്‍ സാധ്യത

മൂലധന ചെലവിടല്‍ കുറയുമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)യും ഇതുമായി ബന്ധപ്പെട്ട സൂക്ഷ്മപരിശോധനയും ഇന്ത്യയുടെ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 2020 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയുടെ നികുതിയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 11.9 ശതമാനമായി ഉയര്‍ന്നേക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇടക്കാല ചെല് സംബന്ധിച്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നികുതിദായകരുടെ എണ്ണം വര്‍ധിക്കുന്നതോടെ നികുതി വരുമാനവും ജിഎസ്ടിയും തമ്മിലുള്ള അനുപാതം വര്‍ധിക്കുമെങ്കിലും, അടുത്ത സാമ്പത്തിക വര്‍ഷത്തോടെ മൂലധന ചെലവിടലിനായി കേന്ദ്രം മാറ്റിവെക്കുന്ന തുകയില്‍ വലിയ വര്‍ധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഭക്ഷണ സബ്‌സിഡികള്‍ ഉയര്‍ത്തുന്നതും ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നതും മൂലം മൂലധന ചെലവിടലില്‍ കുറവു വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉയര്‍ന്ന നികുതി വരുമാനം കൂടുതല്‍ മൂലധന ചെലവിടല്‍ നടത്താന്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കമെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷങ്ങളില്‍ മൂലധന ചെലവിടലിലെ വളര്‍ച്ചയി ഇടിവ് വന്നേക്കുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.

2018-2019ല്‍ മൂലധനചെലവിടല്‍ 10.1 ശതമാനം വര്‍ധിക്കും. നടപ്പു വര്‍ഷം 10.7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നിടത്താണിത്. 2019-2020ല്‍ ഇത് 14.4 ശതമാനത്തിലേക്ക് ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം വരുമാനത്തിനായുള്ള ചെലവിടലില്‍ 8.8 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കാര്‍ഷികം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളിലേക്കുള്ള വിഹിതത്തില്‍ ഈ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന വര്‍ധനയുണ്ടാകുമെന്നും, ആരോഗ്യം, ഗ്രാമവികസനം, ഗതാഗതം തുടങ്ങിയ മേഖലകളിലേക്കുള്ള ചെലവിടലില്‍ കുറഞ്ഞ വര്‍ധന മാത്രമെ ഉണ്ടാകുകയുള്ളുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

2020 ഓടെ ധനക്കമ്മി ജിഡിപിയുടെ മൂന്ന് ശതമാനത്തോളമായി സ്ഥിരത കൈവരിക്കുമെന്നും വരുമാന കമ്മി 1.4 ശതമാനമായി ചുരുക്കാനുമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 2018-2019ലും, 2019-20120ലും നികുതി-ജിഡിപി അനുപാതം 30 ബേസിസ് പോയ്ന്റ് ഉയര്‍ന്ന് യഥാക്രമം 11.6 ശതമാനം, 11.9 ശതമാനം എന്നിങ്ങനെയാകുമെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Comments

comments

Categories: Business & Economy