ആദ്യ പകുതിയില്‍ ടക നേടിയത് 112 മില്യണ്‍ ദിര്‍ഹത്തിന്റെ അറ്റലാഭം

ആദ്യ പകുതിയില്‍ ടക നേടിയത് 112 മില്യണ്‍ ദിര്‍ഹത്തിന്റെ അറ്റലാഭം

എണ്ണയുടേയും വാതകത്തിന്റേയും വില വര്‍ധിച്ചതോടെ കമ്പനിയുടെ ആദ്യ പകുതിയിലെ വരുമാനം അഞ്ച് ശതമാനം വര്‍ധിച്ച് 8.4 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തി

അബുദാബി: 2017ന്റെ ആദ്യ പകുതിയില്‍ അബുദാബി നാഷണല്‍ എനര്‍ജി കമ്പനി (ടക) 112 മില്യണ്‍ ദിര്‍ഹം അറ്റലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1.2 ബില്യണ്‍ ദിര്‍ഹത്തിന്റെ അറ്റനഷ്ടത്തിലായിരുന്നു കമ്പനി. രണ്ട് വര്‍ഷത്തെ പുനര്‍രൂപീകരണ പരിപാടി പൂര്‍ത്തിയാക്കിയതോടെ ഉല്‍പ്പന്നത്തിന്റെ വില വര്‍ധിച്ചതും ചെലവ് കുറഞ്ഞതുമാണ് മുന്നേറ്റത്തിന് കാരണമായത്.

എണ്ണയുടേയും വാതകത്തിന്റേയും വില വര്‍ധിച്ചതോടെ കമ്പനിയുടെ ആദ്യ പകുതിയിലെ വരുമാനം അഞ്ച് ശതമാനം വര്‍ധിച്ച് 8.4 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തി. 2016 ല്‍ ഇത് 7.9 ബില്യണ്‍ ദിര്‍ഹമായിരുന്നു. രണ്ടാം പാദത്തില്‍ കമ്പനിക്ക് 4.2 ബില്യണ്‍ ദിര്‍ഹം വരുമാനമാണ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ നേടിയ 4.03 ബില്യണ്‍ ദിര്‍ഹം വരുമാനത്തില്‍ നിന്നാണ് വര്‍ധനവുണ്ടായത്. 2016 ലെ രണ്ടാം പാദത്തില്‍ നേടിയ 588 മില്യണ്‍ ദിര്‍ഹത്തിന്റെ നഷ്ടത്തില്‍ നിന്ന് ഈ വര്‍ഷം 35 മില്യണ്‍ ദിര്‍ഹം ലാഭത്തിലേക്കാണ് കമ്പനി ഉയര്‍ന്നത്.

രണ്ട് പാദങ്ങളിലും മികച്ച വരുമാനം സ്വന്തമാക്കിയാണ് ടക ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒാപ്പറേഷണല്‍ പെര്‍ഫോര്‍മന്‍സ് ശക്തമാക്കിയതിന്റേയും കഴിവ് മെച്ചപ്പെടുത്തിയതിന്റേയും കോര്‍ ഓപ്പറേഷന്‍സിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടേയും ഫലമായാണ് കമ്പനി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതെന്നും ടകയുടെ ആക്റ്റിംഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സയീദ് അല്‍ ദഹെരി പറഞ്ഞു.

ടകയുടെ 74 ശതമാനം ഓഹരികളാണ് അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കൈവശമുള്ളത്. 11 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടകയ്ക്ക് അബുദാബി കൂടാതെ ഒമാന്‍, സൗദി അറേബ്യ, ഇന്ത്യ, ഘാന, മൊറോക്കോ, യുഎസ് എന്നിവിടങ്ങളിലാണ് പ്ലാന്റുള്ളത്. കമ്പനിയുടെ ആദ്യ പകുതിയിലെ വൈദ്യുതി, ജല ഉല്‍പ്പാദനവും മികച്ച രീതിയിലായിരുന്നു.

കമ്പനിയുടെ ആദ്യ പകുതിയില്‍ പ്രതിദിനം 1,31,086 ബാരല്‍ ഓയിലാണ് ഉല്‍പ്പാദിപ്പിച്ചത്. മൂലധന ചെലവ് വര്‍ധിപ്പിച്ചതിന്റെ ഭാഗമായി 2016 ല്‍ നടത്തിയ ഉല്‍പ്പാദനത്തേക്കാള്‍ 11 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇറാഖിലെ കുര്‍ദിഷ് മേഖലയിലെ അര്‍തുഷ് പദ്ധതിയില്‍ നിന്ന് മികച്ച ഉല്‍പ്പാദനമാണുണ്ടായത്. ഗ്രൂപ്പിന്റെ വരുമാനം വര്‍ധിപ്പിക്കുന്ന പ്രധാന പദ്ധതിയായിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്. ഈ വര്‍ഷം പദ്ധതിയില്‍ നിന്നുള്ള പ്രതിദിന ഉല്‍പ്പാദന ശേഷി 30,000 ബാരലാക്കി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia

Related Articles