നിയമവിരുദ്ധ താമസക്കാര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഷാര്‍ജ

നിയമവിരുദ്ധ താമസക്കാര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഷാര്‍ജ

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ 500 ദിര്‍ഹമാണ് പിഴ ചുമത്തുക. വീണ്ടും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ഇരട്ടിയാക്കും

ഷാര്‍ജ: നഗരത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി ഷാര്‍ജ മുനിസിപ്പാലിറ്റി. പരിശോധന ശക്തമാക്കാനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴ ചുമത്തുവാനും അധികൃതര്‍ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുകയാണെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.

2017 ലെ ആദ്യത്തെ ആറ് മാസത്തില്‍ ഷാര്‍ജ മുനിസിപ്പാലിറ്റി വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് 6,395 മുന്നറിയിപ്പ് നോട്ടീസുകളാണ് അയച്ചത്. ഹൗസിംഗ് റൂളുകള്‍ ലംഘിച്ച് യുവാക്കള്‍ കൂട്ടമായി താമസിക്കുന്ന 1,296 അപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള വൈദ്യുതിയും മുനിസിപ്പാലിറ്റി വിച്ഛേദിച്ചു. കഴിഞ്ഞ വര്‍ഷം 10,311 മുന്നറിയിപ്പു നോട്ടീസുകളാണ് വാടകക്കാര്‍ക്ക് അയച്ചത്. ഇതുപൊലെ ബാച്ചിലേഴ്‌സ് താമസിക്കുന്ന 3,733 അപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള വൈദ്യുതി വിതരണവും വിച്ഛേദിച്ചിരുന്നു.

റസിഡന്‍ഷ്യല്‍ മേഖലകളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ ഓപ്പറേഷന്‍ ആന്‍ഡ് മുനിസിപ്പല്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഖാലിഫ അല്‍ സുവൈദി പറഞ്ഞു.

നിയമലംഘനം നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രധാന മേഖലകളില്‍ എല്ലാ ദിവസവും മുനിസിപ്പാലിറ്റി പരിശോധന നടക്കുന്നുണ്ട്. ഇതുമൂലമുണ്ടാകുന്ന ആരോഗ്യ, സുരക്ഷ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ 500 ദിര്‍ഹമാണ് പിഴ ചുമത്തുക. വീണ്ടും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ഇരട്ടിയാക്കും. ചില അപ്പാര്‍ട്ട്‌മെന്റുകളില്‍ 15 ബാച്ചിലേഴ്‌സ് വരെയാണ് താമസിക്കുന്നത്, മറ്റു ചില സ്ഥലത്ത് ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് പങ്കുവെക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടെന്നും അല്‍ സുവൈദി പറഞ്ഞു. ഒന്നില്‍ കൂടുതല്‍ കുടുംബം ഒരു അപ്പാര്‍ട്ട്മന്റെില്‍ താമസിക്കുന്നത് മുന്‍സിപ്പാലിറ്റിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ജൂലൈയില്‍ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ 40 ആളുകള്‍ താമസിക്കുന്നതായി കണ്ടെത്തിയിരുന്നു.

മുന്‍സിപ്പാലിറ്റിയുടെ നിയമങ്ങള്‍ അനുസരിച്ച് കൊമേഴ്‌സ്യല്‍ ബില്‍ഡിംഗുകളില്‍ മാത്രമാണ് ബാച്ചിലേഴ്‌സിന് താമസിക്കാന്‍ അനുവാദമൊള്ളൂ. അതും ചില നിയമങ്ങള്‍ക്കനുസരിച്ച് മാത്രം. പ്രൊഫഷണല്‍ ജോലിക്കാരും പാസ്‌പോര്‍ട്ടും ചട്ടപ്രകാരം വിസയും ഉള്ളവര്‍ക്കും അപ്പാര്‍ട്ട്‌മെന്റ് പങ്കുവെക്കാന്‍ കെട്ടിടത്തിന്റെ ഉടമകളില്‍ നിന്നും അനുവാദം ലഭിച്ചിട്ടുള്ളവര്‍ക്കും മാത്രമേ ഇത്തരത്തില്‍ താമസിക്കാന്‍ സാധിക്കൂ.

റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ ബില്‍ഡിംഗുകളില്‍ താമസിക്കുന്നതില്‍ നിന്ന് തൊഴിലാളികള്‍ക്ക് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് വ്യാവസായിക മേഖലകളില്‍ താമസിക്കാനുള്ള അനുവാദമാണുള്ളത്. അല്ലാതെയുള്ള പ്രൊഫഷണല്‍ ബാച്ചിലേഴ്‌സിന് കെട്ടിട ഉടമകളുടെ അനുവാദ പ്രകാരം കൊമേഴ്‌സ്യല്‍ ബില്‍ഡിംഗുകളില്‍ താമസിക്കാനാവൂ.

Comments

comments

Categories: Arabia, Slider