2 കമ്പനികള്‍ക്കെതിരായ ഉത്തരവ് എസ്എടി സ്റ്റേ ചെയ്തു

2 കമ്പനികള്‍ക്കെതിരായ ഉത്തരവ് എസ്എടി സ്റ്റേ ചെയ്തു

കമ്പനികളുടെ യോഗ്യതകള്‍/ അടിസ്ഥാന സാഹചര്യങ്ങള്‍ എന്നിവ അന്വേഷിക്കാതെയാണ് നടപടി സ്വീകരിച്ചതെന്നാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം

മുംബൈ: സാമ്പത്തിക ക്രമക്കേടുകള്‍ക്കു മറയായി രൂപീകരിച്ച കമ്പനികളാണെന്ന സംശയത്തെ തുടര്‍ന്ന് സെബി വിലക്കിയ 331 കമ്പനികളില്‍ 2 കമ്പനികളുടെ വിലക്ക് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്എടി) സ്റ്റേ ചെയ്തു. ജെ കുമാര്‍ ഇന്‍ഫ്രാ പ്രോജക്റ്റ്‌സ്, പ്രകാശ് ഇന്‍ഡസ്ട്രീസ് എന്നിവയെ ഓഹരി വ്യാപാരത്തില്‍ നിന്നും വിലക്കിയ നടപടിയാണ് സ്റ്റേ ചെയ്തത്.

യാതൊരു അന്വേഷണവും കൂടാതെയാണ് കമ്പനികള്‍ക്കെതിരെ സെബി നടപടിയെടുത്തതെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. സംശയാസ്പദമായ 331 ഷെല്‍ കമ്പനികളുടെ പട്ടിക കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ മാണ് തയാറാക്കിയത്.

പിന്നീട് ഈ പട്ടിക തുടര്‍നടപടികള്‍ക്കായി സെബിക്ക് അയച്ച് കൊടുക്കുകയായിരുന്നു. ജൂണ്‍ 9നാണ് നിന്നും ഷെല്‍ കമ്പനികളുടെ പട്ടിക സെബിക്ക് ലഭിച്ചത്. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന് സംശയിക്കപ്പെടുന്നവയാണ് ഷെല്‍ കമ്പനികള്‍.
കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓഗസ്റ്റ് 7നാണ് സെബി ഓഹരി വിപണികള്‍ക്ക് നിര്‍ദേശം നല്‍കിയത്. മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിക്കാന്‍ രണ്ട് മാസത്തോളമെടുത്തെന്നാണ് ഇത് കാണിക്കുന്നത്. കമ്പനികളുടെ യോഗ്യതകള്‍/ അടിസ്ഥാന സാഹചര്യങ്ങള്‍ എന്നിവ അന്വേഷിക്കാതെയാണ് നടപടി സ്വീകരിച്ചതെന്നാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം.

ജെ കുമാര്‍ ഇന്‍ഫ്ര, പ്രകാശ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ പരാതികള്‍ വസ്തുനിഷ്ഠമാണെന്നും അവയ്ക്ക് വിപണിയില്‍ തുടരാമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. വെള്ളിയാഴ്ച ഓഹരിവിപണിയില്‍ ഇരു കമ്പനികളും വ്യാപാരം പുനരാരംഭിച്ചു. സെപ്റ്റംബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും. പര്‍സ്വനാഥ് ഡെവലപേഴ്‌സ്, ഗല്ലന്റ് ഇസ്പാത്, എസ്‌ക്യുഎസ് ഇന്ത്യ ബിഎഫ്എസ്‌ഐ, പിന്‍കോണ്‍ സ്പിരിറ്റ് തുടങ്ങിയ കമ്പനികളും സെബിയുടെ നടപടി നേരിട്ടവയില്‍ ഉള്‍പ്പെടുന്നു. ഈ കമ്പനികള്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ തിങ്ങളാഴ്ചയാണ് സെബി ബിഎസ്ഇ, എന്‍എന്‍എസ്ഇ വിപണികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

Comments

comments

Categories: Business & Economy