സര്‍ക്കാരിലേക്കുള്ള ആര്‍ബിഐ ഡിവിഡന്റ് പകുതിയായി

സര്‍ക്കാരിലേക്കുള്ള ആര്‍ബിഐ ഡിവിഡന്റ് പകുതിയായി

30,659 കോടി രൂപ ഡിവിഡന്റായി ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിനു കൈമാറി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നയം സര്‍ക്കാരിലേക്കുള്ള നികുതി റിട്ടേണുകളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കിയെന്ന റിപ്പോര്‍്ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ വിവിധ മേഖലകളില്‍ ഈ നയം എങ്ങനെയെല്ലാം ബാധിച്ചിട്ടുണ്ട് എന്നത് ഇപ്പോഴും വിലയിരുത്തലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന ഡിവിഡന്റിലും നോട്ട് അസാധുവാക്കല്‍ പ്രതിഫലിച്ചിരിക്കുകയാണ്. മുന്‍സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് സര്‍ക്കാരിന്റെ ഡിവിഡന്റ് വിഹിതം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പകുതിയായാണ് കുറഞ്ഞിരിക്കുന്നത്. 30,659 കോടി രൂപ ഡിവിഡന്റായി ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിനു കൈമാറി.

കേന്ദ്ര സര്‍ക്കാരിന്റെ നികുതി ഇതര വരുമാനത്തില്‍ വലിയ ഇടിവുണ്ടാകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുന്‍വര്‍ഷം 65876 കോടി രൂപയാണ് ആര്‍ബിഐ സര്‍ക്കാരിന് ഡിവിഡന്റായി നല്‍കിയിരുന്നത്. നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് പുതിയ കറന്‍സികളുടെ അച്ചടിക്കായി വന്‍കുത ചെലവഴിക്കേണ്ടി വന്നതും ആര്‍ബിഐയുടെ ഡിവിഡന്റ് കുറയ്ക്കാനിടയാക്കി. നോട്ട് ക്ഷാമം രൂക്ഷമായ ഘട്ടത്തില്‍ അതിവേഗം നോട്ട് അച്ചടിക്കുന്നതിനും ബാങ്കുകളില്‍ എത്തിക്കുന്നതിനുമായി വന്‍ ചെലവിടല്‍ നടത്തേണ്ടി വന്നിട്ടുണ്ട്. പ്രവര്‍ത്തന ചെലവ് വര്‍ധിച്ചത് തന്നെയാണ് ആര്‍ ബി ഐ യുടെ ഡിവിഡന്റ് കുറയുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് ആക്‌സിസ് ബാങ്കിലെ ചീഫ് ഇക്ക്‌ണോമിസ്റ്റായ സൗഗത ഭട്ടാചാര്യ നിരീക്ഷിക്കുന്നു. അധിക പണമൊഴുക്കലിനെ നിയന്ത്രിക്കാനായി ചെലവഴിച്ച തുകയും നിര്‍ണായകമായി.

വിദേശ കരുതല്‍ ധനത്തില്‍ നിന്നുള്ള വരുമാനത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാന്ദ്യമനുഭവപ്പെട്ടു. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കേണ്ട റിവേഴ്‌സ് റിപ്പോ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുഴുവനായും ഉയര്‍ന്ന തലത്തില്‍ ആയിരുന്നതും ആര്‍ബിഐയുടെ വരുമാനത്തെ ബാധിച്ചു.

2013-14 സാമ്പത്തിക വര്‍ഷം മുതലാണ് ആര്‍ബിഐ ലഭിക്കുന്ന ലാഭം മുഴുവന്‍ സര്‍ക്കാരിന് നല്‍കാന്‍ തുടങ്ങിയത്. ഇത്തവണ ലാഭവിഹിതത്തില്‍ കനത്ത ഇടിവുണ്ടായത് രാജ്യത്തെ ധനകമ്മി വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ധനക്കമ്മി നിയന്ത്രണ വിധേയമാണ് എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ആര്‍ബി ഐ അടുത്തിടെ പലിശ നിരക്കുകളില്‍ കുറവു വരുത്തിയിരുന്നു.

നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുകളുടെ മൂല്യം സംബന്ധിച്ച് ആര്‍ബിഐ ഇനിയും വ്യക്തമാക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നോട്ടെണ്ണല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആര്‍ബിഐ കൂടുതല്‍ നോട്ടെണ്ണല്‍ മെഷീനുകള്‍ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Comments

comments

Categories: Slider, Top Stories