ഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ പേപാല്‍ ഏറ്റെടുക്കുന്നു

ഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ പേപാല്‍ ഏറ്റെടുക്കുന്നു

ചെറുകിട ബിസിനസുകള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് പേ പാല്‍

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ ചെറുകിട ബിസിനസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ വായ്പാദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ ആഗോള ഇന്റര്‍നെറ്റ് പേമെന്റ് കമ്പനിയായ പേപാല്‍ ഏറ്റെടുക്കും. ചെറുകിട ബിസിനസ് ഉടമസ്ഥരുടെയും സംരംഭകരുടെയും കഠിനാധ്വാനത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേപാല്‍ പറയുന്നത്. 2006ല്‍ സ്ഥാപിതമായ സ്വിഫ്റ്റ് ഫിനാന്‍ഷ്യല്‍ ഡെലാവാരയിലെ വില്‍മിംഗ്ടണ്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. വായ്പകളും, മുന്‍കൂര്‍ ധനസഹായവും വഴി അമേരിക്കയിലെ 20,000 ബിസിനസുകള്‍ക്ക് സ്വിഫ്റ്റ് ഫിനാന്‍ഷ്യല്‍ ഫണ്ട് നല്‍കുന്നുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പേപാല്‍ വൈസ് പ്രസിഡന്റ് ഡാരെല്‍ എസ്ച് കമ്പനിയുടെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. നിലവില്‍ ചെറുകിട ബിസിനസുകള്‍ക്ക് പേപാല്‍ വര്‍ക്കിംഗ് കാപിറ്റല്‍ സംരംഭം വഴി കമ്പനി ഫണ്ട് നല്‍കുന്നുണ്ട്. 2013ല്‍ പ്രവര്‍ത്തം ആരംഭിച്ച പേപാല്‍ വര്‍ക്കിംഗ് കാപിറ്റല്‍ ഏകദേശം 115,000 ചെറുകിട ബിസിനസുകള്‍ക്ക് 3 ബില്യണ്‍ ഡോളറിലധികം ഫണ്ട് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും സംരംഭകരുടെ ഉള്‍ക്കാഴ്ചകളെ മാത്രം അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഫണ്ട് നല്‍കുന്നതെന്നും സ്വിഫ്റ്റ് ഫിനാന്‍സിന്റെ ടെക്‌നോളജി ഒരു ബിസിനസിന്റെ കരുത്ത് പൂര്‍ണമായി മനസ്സിലാക്കുന്നതിനും അനുബന്ധ വിവരങ്ങളെ വിലയിരുത്തുന്നതിനും പേപാലിനെ സഹായിക്കുമെന്നുമാണ് എസ്ച് പറയുന്നത്.

ചെറുകിട ബിസിനസുകള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ ഏറ്റെടുക്കല്‍ വഴി സാധിക്കുമെന്നാണ് പേപാല്‍ വിലയിരുത്തുന്നത്. കൂടുതല്‍ ബിസിനസുകള്‍ക്ക് പ്രാപ്തമാകുന്ന വിധത്തില്‍ ബിസിനസ് ധനസഹായ സേവനങ്ങള്‍ അവതരിപ്പിക്കും.

1998ല്‍ സ്ഥാപിതമായ പേപാല്‍ 2002ല്‍ നാസ്ഡാക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും 2015ല്‍ പൂര്‍ണമായും ഇബേ ഇന്‍കിന്റെ ഉപസ്ഥാപനമായി മാറുകയും ചെയ്തു. ചെക്കുകള്‍, മണി ഓര്‍ഡറുകള്‍ തുടങ്ങിയ പേപ്പര്‍ ഇടപാട് രീതികള്‍ക്ക് ബദലായി ഓണ്‍ലൈന്‍ പണമിടപാടുകളെയും സേവനങ്ങളെയും പിന്തുണയ്ക്കുന്ന ഒരു പേയ്‌മെന്റ് സംവിധാനമായാണ് പേപാല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

Comments

comments

Categories: Business & Economy