അട്ടിമറിക്കപ്പെടുന്ന മോദി വികസന മോഡല്‍

അട്ടിമറിക്കപ്പെടുന്ന മോദി വികസന മോഡല്‍

നിതി ആയോഗ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള അരവിന്ദ് പനഗരിയയുടെ രാജിയും ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഡോ. രാജീവ് കുമാറിന്റെ പകരം നിയമനവും നല്‍കുന്ന സന്ദേശത്തിന് പല മാനങ്ങളുണ്ട്. സംഘപരിവാറിന്റെ അജണ്ടകള്‍ക്കപ്പുറത്തേക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പരിഷ്‌കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കില്ലെന്നതാണ് അതില്‍ പ്രധാനം. എന്നാല്‍ 64 വര്‍ഷമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതിനിര്‍ണയിച്ച പ്ലാനിംഗ് കമ്മീഷന്‍ ഇല്ലാതാക്കി പകരം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ (നിതി ആയോഗ്) എന്ന പുതിയ സംവിധാനം മോദി കൊണ്ടുവന്നത് എന്തിനായിരുന്നുവെന്ന വലിയ ചോദ്യവും പുതിയ സംഭവവികാസങ്ങള്‍ ഉയര്‍ത്തുന്നു. എന്തും തകര്‍ക്കാന്‍ എളുപ്പമാണ് നിര്‍മിക്കലാണ് ദുഷ്‌കരം എന്ന് നരേന്ദ്ര മോദിയെ ഒരിക്കല്‍ കൂടി ഇത് ബോധ്യപ്പെടുത്തും.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പുകള്‍പെറ്റ പ്രൊഫസറായ അരവിന്ദ് പനഗരിയ മോദിയുടെ സാമ്പത്തിക നയങ്ങളെ ശക്തമായി പിന്തുണച്ചുവന്ന ആളായിരുന്നു. അപ്രതീക്ഷിതമായാണ് നിതി ആയോഗിന്റെ തലപ്പത്തേക്ക് മോദി അരവിന്ദ് പനഗരിയയെ കൊണ്ടുവന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയെ സംഘപരിവാര്‍ അജണ്ടക്കനുസരിച്ച് മാറ്റിപ്പണിയുന്നതിനായിരുന്നില്ല ആ നിയമനം എന്ന് വ്യക്തമായിരുന്നു. സോവിയറ്റ് വികസന മാതൃക പിന്‍പറ്റി പ്രവര്‍ത്തിച്ചുവന്ന പ്ലാനിംഗ് കമ്മീഷനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്ത് നിതി ആയോഗ് രൂപീകരിച്ചത് പാശ്ചാത്യ മാതൃകയിലുള്ള തുറന്ന വിപണിയിലേക്കുള്ള മാറ്റത്തിന്റെ ശക്തമായ സൂചനയാണ് നല്‍കിയത്. പനഗരിയയുടെ വരവും അദ്ദേഹം നടപ്പാക്കിയ പരിഷ്‌കാരങ്ങളും ഇത് ബലപ്പെടുത്തി. നരേന്ദ്ര മോദിയുടെ ആഗോള സ്വീകാര്യതയുടെ കാരണങ്ങളിലൊന്നും ‘മോദിയിസ’ത്തിന്റെ മുദ്രപതിഞ്ഞ ഇത്തരം കടുത്ത നടപടികളായിരുന്നു. പക്ഷേ, മൂന്നു വര്‍ഷം കൊണ്ട് നിതി ആയോഗ് നമ്മളെ ബോധ്യപ്പെടുത്തിയത് കുപ്പി പുതിയതാണെങ്കിലും വീഞ്ഞ് പഴയതു തന്നെയാണ് എന്നാണ്.

മോദിയുടെ കടുത്ത ആരാധകനായിരുന്ന അരവിന്ദ് പനഗരിയക്ക് ചില ഇന്ത്യന്‍ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്ക് മുമ്പില്‍ മോദി നിസംഗനാണെന്ന് ബോധ്യപ്പെടാന്‍ കുറച്ചു സമയം എടുത്തുവെന്ന് മാത്രം. ഹിന്ദുത്വ ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മോദി സര്‍ക്കാരിനെ നയിക്കാന്‍ ശ്രമിക്കുന്നവരുടെ താല്‍പര്യങ്ങളുമായി സ്വതന്ത്ര വിപണിയില്‍ അധിഷ്ഠിതമായ ശക്തമായ ഒരു സമ്പദ്ഘടന സ്വപ്‌നം കണ്ട പനഗരിയക്ക് ഒരുവിധത്തിലും ഒത്തുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായിരുന്നു

മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നിതി ആയോഗിന് സ്വന്തം അജണ്ടകളോ മോദിയുടെ അജണ്ടകളോ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും സ്ത്രീകളുടെ രാത്രി ജോലി സംബന്ധിച്ച നിയമഭേദഗതി നീക്കവും ശക്തമായി തിരിച്ചടിക്കുന്നതാണ് കണ്ടത്. കടുത്ത എതിര്‍പ്പുയര്‍ന്നത് സംഘ പാളയത്തില്‍ നിന്നു തന്നെയായിരുന്നു. സ്വദേശി ജാഗരണ്‍ മഞ്ചും ഭാരതീയ മസ്ദൂര്‍ സംഘും പനഗരിയയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ അതിശക്തമായ എതിര്‍പ്പുയര്‍ത്തി. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെക്കുറിച്ചറിയാത്ത പനഗരിയ പാശ്ചാത്യ മുതലാളിത്ത മാതൃക നിതി ആയോഗിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന ഇടതുപക്ഷ വിമര്‍ശനത്തിന്റെ ശബ്ദമാണ് സംഘ കുടുംബത്തിനുള്ളില്‍ നിന്നും മുഴങ്ങിയത്. പാശ്ചാത്യ സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായി വീടുകളില്‍ വലിയ ജോലിഭാരമുള്ള ഇന്ത്യന്‍ വനിതകള്‍ക്ക് നൈറ്റ് ഷിഫ്റ്റ് താങ്ങാനാകാത്ത ഭാരമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നിതി ആയോഗിലെ ബുദ്ധിജീവികള്‍ ഗവണ്‍മെന്റിനെ തെറ്റായ വഴികളിലൂടെ നയിക്കാന്‍ ശ്രമിക്കുകയാണെന്ന കുറ്റപ്പെടുത്തലും അവരുടെ ഭാഗത്തു നിന്നുണ്ടായി.

മോദിയുടെ കടുത്ത ആരാധകനായിരുന്ന അരവിന്ദ് പനഗരിയക്ക് ചില ഇന്ത്യന്‍ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്ക് മുമ്പില്‍ മോദി നിസംഗനാണെന്ന് ബോധ്യപ്പെടാന്‍ കുറച്ചു സമയം എടുത്തുവെന്ന് മാത്രം. ഹിന്ദുത്വ ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മോദി സര്‍ക്കാരിനെ നയിക്കാന്‍ ശ്രമിക്കുന്നവരുടെ താല്‍പര്യങ്ങളുമായി സ്വതന്ത്ര വിപണിയില്‍ അധിഷ്ഠിതമായ ശക്തമായ ഒരു സമ്പദ്ഘടന സ്വപ്‌നം കണ്ട പനഗരിയക്ക് ഒരുവിധത്തിലും ഒത്തുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായിരുന്നു. എല്ലാം മോദിയുടെ നിയന്ത്രണത്തിലല്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിയെന്നും പനഗരിയ തിരിച്ചറിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് നിതി ആയോഗില്‍ തുടരാന്‍ കഴിയാത്ത സ്ഥിതി സംജാതമായിക്കഴിഞ്ഞിരുന്നു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലിരുന്നു കണ്ടതല്ല ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെന്നും തന്റെ വികസന കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാനുള്ള അന്തരീക്ഷം ഇവിടെയില്ലെന്നും മനസിലാക്കിയതോടെ അതുവരെ കണ്ട ഇന്ത്യന്‍ സ്വപ്‌നങ്ങളെല്ലാം വലിച്ചെറിഞ്ഞ് കൊളംബിയ സര്‍വകലാശാലയിലേക്ക് മടങ്ങിപ്പോകാന്‍ പനഗരിയ തീരുമാനിക്കുകയായിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറായി രഘുറാം രാജന് വീണ്ടുമൊരു കാലയളവിലേക്ക് നിയമനം ലഭിക്കാതിരുന്നതും നോട്ട് അസാധുവാക്കല്‍ പോലുള്ള ഒരു സര്‍ജിക്കല്‍ ഓപ്പറേഷന്‍ സൃഷ്ടിച്ച അനന്തരഫലങ്ങളും സമാനമായ സാഹചര്യത്തിലുള്ളതായിരുന്നു. ബിജെപിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന കനത്ത എതിര്‍പ്പുകളാണ് രഘുറാം രാജന് രണ്ടാമതും ഒരു ടേം നല്‍കാന്‍ മോദിക്ക് ധൈര്യം നല്‍കാഞ്ഞത്. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയെ പോലുള്ളവര്‍ അക്ഷരാര്‍ഥത്തില്‍ രഘുറാം രാജനെ വേട്ടയാടുകയായിരുന്നു. സമാനമായ എതിര്‍പ്പ് നേരിടുന്നയാളാണ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യനും. സുബ്രഹ്മണ്യന്‍ സ്വാമിയെ പോലുള്ളവര്‍ ഉയര്‍ത്തുന്ന എതിര്‍പ്പിനെ അതിജീവിച്ച് പിടിച്ചു നില്‍ക്കുന്ന അരവിന്ദ് സുബ്രഹ്മണ്യന്റേതാകുമോ അടുത്ത ഊഴം എന്ന് സംശയിക്കുന്നവര്‍ നിരവധിയുണ്ട്.

ബിജെപിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന കനത്ത എതിര്‍പ്പുകളാണ് രഘുറാം രാജന് രണ്ടാമതും ഒരു ടേം നല്‍കാന്‍ മോദിക്ക് ധൈര്യം നല്‍കാഞ്ഞത്. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയെ പോലുള്ളവര്‍ അക്ഷരാര്‍ഥത്തില്‍ രഘുറാം രാജനെ വേട്ടയാടുകയായിരുന്നു. സമാനമായ എതിര്‍പ്പ് നേരിടുന്നയാളാണ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യനും. സുബ്രഹ്മണ്യന്‍ സ്വാമിയെ പോലുള്ളവര്‍ ഉയര്‍ത്തുന്ന എതിര്‍പ്പിനെ അതിജീവിച്ച് പിടിച്ചു നില്‍ക്കുന്ന അരവിന്ദ് സുബ്രഹ്മണ്യന്റേതാകുമോ അടുത്ത ഊഴം എന്ന് സംശയിക്കുന്നവര്‍ നിരവധിയുണ്ട്

ഹിന്ദുത്വ അജണ്ടയും മോദിയുടെ വികസന അജണ്ടയും സമാന്തരമായി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ചില ഉള്‍പ്പിരിവുകളുടെ പരിണിതഫലങ്ങളായി ഇതിനെ കാണാന്‍ കഴിയും. പശുക്കളെ കശാപ്പ് ചെയ്യുന്നവരെ കശാപ്പ് ചെയ്യാനായി പ്രവര്‍ത്തിക്കുന്ന ഗോരക്ഷക് സേനയെയും മുസ്ലിങ്ങളെ ഹിന്ദുമതത്തിലേക്ക് പ്രതിവര്‍ത്തനം ചെയ്യിക്കാനായി പ്രവര്‍ത്തിക്കുന്ന ഘര്‍വാപസിക്കാരെയും നിയന്ത്രിക്കാന്‍ മോദി പാടുപെടുകയാണ്. ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന മോദിയുടെ പ്രശസ്തിക്ക് കളങ്കമേല്‍പ്പിക്കാന്‍ കഴിയുന്ന ശക്തികളാണ് ഇവയൊക്കെ. വിരുദ്ധ താല്‍പര്യങ്ങളെ ബാലന്‍സ് ചെയ്ത് മുന്നോട്ടു പോകാനുള്ള മോദിയുടെ ശ്രമം അദ്ദേഹത്തിന്റെ നടപടികളിലൊക്കെ കാണാന്‍ കഴിയും. അരവിന്ദ് പനഗരിയയെ പോലുള്ളവരെ രാജ്യത്തിന്റെ പരമോന്നത നയരൂപീകരണ സമിതികളിലേക്ക് കൊണ്ടുവന്ന മോദി തന്നെയാണ് ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലും ഇന്ത്യന്‍ സാമൂഹ്യശാസ്ത്ര ഗവേഷണ കൗണ്‍സിലും പോലുള്ള സമുന്നത സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘകുടുംബത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി യോഗ്യതയില്ലാത്തവരെ നിയമിച്ചതും. ആത്യന്തികമായി മോദിക്ക് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍എസ്എസ്) താല്‍പര്യങ്ങള്‍ക്ക് കീഴ്‌പ്പെട്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്ന അടിസ്ഥാന യാഥാര്‍ഥ്യം രാജ്യത്തിന്റെ മുന്നിലുണ്ട്. അതിനോട് ചെറുത്തു നില്‍ക്കാന്‍ ഒരു പനഗരിയക്കും കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ രാജി വിളിച്ചു പറയുന്നത്.

ഈ അടിസ്ഥാന യാഥാര്‍ഥ്യം നന്നായി ഉള്‍ക്കൊള്ളുന്നയാളാണ് പനഗരിയയുടെ പിന്‍ഗാമിയായി നിതി ആയോഗിന്റെ തലപ്പത്ത് എത്തിയിരിക്കുന്ന സാമ്പത്തിക വിദഗ്ധന്‍ ഡോ. രാജീവ് കുമാര്‍. പനഗരിയക്ക് പിന്നാലെ വേറെയും ചില തലകള്‍ ഉരുളുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. പുതിയ മാറ്റത്തിന്റെ ഭാഗമായി ഇന്ത്യയുടെ അടിസ്ഥാന യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഉത്തമബോധ്യമുള്ള ചില വ്യക്തികളുടെ നിയമനം നടക്കാന്‍ പോകുന്നുവെന്നും ‘ദി ഹിന്ദു’ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ രാജീവ് കുമാര്‍ സൂചന നല്‍കി. അമേരിക്കന്‍ സാമ്പത്തിക നയം പിന്തുടരുന്ന ഇന്തോ- അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ രാജ്യത്തെ സാമ്പത്തിക നയങ്ങളില്‍ രണ്ടു ദശാബ്ദമായി ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും രാജീവ്കുമാര്‍ എഴുതുന്നു. നിതി ആയോഗ് പോലുള്ള പരമോന്നത നയരൂപീകരണ സമിതിയുടെ തലപ്പത്തിരിക്കുന്നയാള്‍ നടത്തേണ്ട പ്രസ്താവനയാണോ രാജീവ് കുമാര്‍ നടത്തിയതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും പിന്നില്‍ നിന്ന് കളി നിയന്ത്രിക്കുന്നവര്‍ സംതൃപ്തരായെന്ന് വേണം കരുതാന്‍. മോദി സര്‍ക്കാരിന്റെ ഭാഗമായി തുടരാന്‍ വേണ്ട അടിസ്ഥാനപരമായ ചില ബോധ്യങ്ങള്‍ രാജീവ് കുമാറിനുണ്ടെന്നും അദ്ദേഹത്തിന്റെ വരവും വാക്കും വ്യക്തമാക്കുന്നുണ്ട്. ഒപ്പം അരവിന്ദ് സുബ്രഹ്മണ്യത്തെ പോലുള്ളവര്‍ക്ക് ഭയപ്പെടേണ്ട സാഹചര്യമാണുള്ളതെന്നും ഈ വാക്കുകള്‍ അടിവരയിടുന്നു.

Comments

comments

Categories: FK Special, Slider