ഗതാഗത മേഖലയില്‍ ജൈവ ഇന്ധനങ്ങള്‍ ; ദേശീയ നയം രൂപീകരിക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍

ഗതാഗത മേഖലയില്‍ ജൈവ ഇന്ധനങ്ങള്‍ ; ദേശീയ നയം രൂപീകരിക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍

ജൈവ ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും

ന്യൂ ഡെല്‍ഹി : ഗതാഗത മേഖലയില്‍ ജൈവ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവരും. എന്നാല്‍ ജൈവ ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്ന് പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

രാജ്യത്തിന് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ എണ്‍പത് ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ജൈവ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതോടെ 2022 ആകുമ്പോഴേക്കും അസംസ്‌കൃത എണ്ണ ഇറക്കുമതി പത്ത് ശതമാനം കുറയ്ക്കാനാകുമെന്ന് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹ മന്ത്രി പറഞ്ഞു. ലോക ജൈവ ഇന്ധന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൈവ ഇന്ധനങ്ങള്‍ സംബന്ധിച്ച ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താന്‍ പൊതു മേഖലാ എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ തയ്യാറായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ജൈവ ഇന്ധന നയം രൂപീകരിക്കുന്ന കാര്യം കേന്ദ്ര മന്ത്രിസഭാ യോഗം ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. നിക്ഷേപ അന്തരീക്ഷം ഉറപ്പുവരുത്തല്‍, ആനുകൂല്യങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ കര്‍ത്തവ്യങ്ങള്‍, ബന്ധപ്പെട്ടവര്‍ക്ക് വരുമാനം ലഭിക്കുമെന്ന ഉറപ്പ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതായിരിക്കും നയം.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ ജൈവ ഇന്ധന സമ്പദ്‌വ്യവസ്ഥ രൂപപ്പെടുന്നതിന് പുതിയ നയം അടിത്തറ പാകും. വരും വര്‍ഷങ്ങളില്‍ പന്ത്രണ്ട് കേന്ദ്രങ്ങളില്‍ എഥനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പൊതു മേഖലാ എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൈവ ഇന്ധനങ്ങള്‍ പ്രോത്‌സാഹിപ്പിക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സാമ്പത്തിക വളര്‍ച്ച പരിപോഷിപ്പിക്കുമെന്നും കര്‍ഷകരെ തുണയ്ക്കുമെന്നും രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷാ മെച്ചപ്പെടുന്നതിന് സഹായിക്കുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മാലിന്യങ്ങള്‍ ജൈവ ഇന്ധനങ്ങളായി മാറ്റുന്നതിനുള്ള വഴികളാണ് അന്വേഷിക്കുന്നത്. തരിശ് നിലങ്ങളില്‍ രണ്ടാം തലമുറ ജൈവ ഇന്ധനങ്ങള്‍ക്കായി വിളയിറക്കാനും പദ്ധതിയുണ്ട്.

ജൈവ ഇന്ധനങ്ങള്‍ ചെലവ് കുറഞ്ഞതാണെന്ന് മാത്രമല്ല പരിസ്ഥിതി സൗഹാര്‍ദ്ദവുമാണെന്ന മേന്‍മയുമുണ്ട്. കാര്‍ഷിക മാലിന്യങ്ങള്‍, മുള പോലുള്ള ചെടികള്‍, ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണക്കുരുക്കള്‍ തുടങ്ങിയവയില്‍നിന്നാണ് ജൈവ ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

രാജ്യത്ത് 22 ശതമാനമെന്ന നിരക്കിലാണ് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നത്. അതിനാല്‍ വില കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ജൈവ ഇന്ധനങ്ങളും വൈദ്യുതിയും പൊതു ഗതാഗതത്തിന്റെ ഭാഗമാക്കുന്നതിന് ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

നിലവില്‍ നാഗ്പുര്‍ നഗരത്തില്‍ 55 ബസ്സുകള്‍ നൂറ് ശതമാനം ബയോ എഥനോള്‍ ഉപയോഗിച്ചും 50 ബസ്സുകള്‍ ബയോ-സിഎന്‍ജി ഉപയോഗിച്ചും സര്‍വീസ് നടത്തുന്നുണ്ട്. നഗരത്തിലെ 200 ഇലക്ട്രിക് ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പുറമേയാണിത്. കപ്പലുകളും ബാര്‍ജുകളും മെഥനോളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ശ്രമിക്കുന്നതായും നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Auto, More