അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റിട്ട് ആറ് മാസം കഴിഞ്ഞു. എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായി കുതിപ്പൊന്നും യുഎസില്‍ സംഭവിക്കുന്നില്ല. സംരക്ഷണവാദത്തിന്റെ കുഴപ്പമാണിതെന്ന് ട്രംപിനെ ആരെങ്കിലും പറഞ്ഞു മനസിലാക്കുമോ
ധനകാര്യ വിപണികളുടെ ചില പൊരുത്തക്കേടുകള്‍ക്ക് സാക്ഷിയാകുന്നുണ്ട് അമേരിക്ക. ഓഹരി വിപണികള്‍ കുതിപ്പ് രേഖപ്പെടുത്തുമ്പോഴും അമേരിക്കയുടെ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന വളര്‍ച്ചയ്ക്ക് അത്ര ഗമ അവകാശപ്പെടാനില്ല.
2017ന്റെ ആദ്യപകുതിയില്‍ കേവലം രണ്ട് ശതമാനം മാത്രമാണ് യുഎസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക്. ബരാക് ഒബാമയുടെ ഭരണത്തിന് കീഴിലെ വളര്‍ച്ചാ നിരക്കിനേക്കാളും പരിതാപകരമാണ് സ്ഥിതി. അമേരിക്കയെ മഹത്തരമാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപിന് ഇതുവരെ സമ്പദ് വ്യവസ്ഥയില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ആറ് മാസം കഴിഞ്ഞു ട്രംപ് അധികാരത്തിലേറിയിട്ട്. എന്നാല്‍ ട്രംപ് ട്വീറ്റ് ചെയ്യുന്നതിന്റെ ഉത്സാഹം പോലും സമ്പദ് വ്യവസ്ഥയ്ക്കുണ്ടായില്ല. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന് എന്ന മുദ്രാവാക്യം മാത്രം ഇടയ്ക്കിടെ ട്രംപ് ഉച്ചത്തില്‍ പറയുന്നു. അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ യാഥാര്ത്ഥ്യവല്ക്കരിക്കുന്നതില് അദ്ദേഹം പരാജയപ്പെട്ടു.
സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത് മികച്ച പോളിസികളിലൂടെ ട്രംപിന് അമേരിക്കന്‍ വിപണികളില്‍ കുതിപ്പുണ്ടാക്കാനാകുമെന്നാണ്. കോര്‍പ്പറേറ്റ് ലാഭത്തിലും അത് നിഴലിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. പല നികുതി പരിഷ്കരണങ്ങള്‍ക്കും ട്രംപ് പദ്ധതിയിടുന്നുണ്ട്. എന്നാല്‍ അത് എത്രമാത്രം അമേരിക്കന്‍ തൊഴിലാളികള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ട്രംപിന്റെ നികുതി പരിഷ്കരണങ്ങള്‍ സമ്പന്നര്‍ക്ക് ഗുണകരവും ആദ്യം പറഞ്ഞ വിഭാഗത്തിന് ഭാരവുമായാണ് വരുകയെന്നാണ് വിലയിരുത്തല്‍. ഇത് തിരിച്ചായാല് മാത്രമേ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാകു. പരിഷ്കരണങ്ങളുടെ ഗുണഭോക്താക്കള്‍ വരുമാന ലെവലില്‍ ഏറ്റവും മുകളിലുള്ള 10 ശതമാനം മാത്രമാകരുത് ഒരിക്കലും, അങ്ങനെ വന്നാല്‍ വലിയ വില കൊടുക്കേണ്ടിവരും അമേരിക്കന്‍ സാമ്പത്തിക രംഗം.
അടിസ്ഥാന സൗകര്യ മേഖലകളിലും മറ്റും വന്‍ നിക്ഷേപം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങളും എവിടെയും എത്തിയിട്ടില്ല. സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം ഉയര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വേഗം പോര. അതിനു പുറമെയാണ് സംരക്ഷണവാദ നയങ്ങളില്‍ അധിഷ്ഠിതമായ വികസന നയങ്ങള്‍ ഭാവിയില്‍ തിരിച്ചടി നല്‍കുമോയെന്ന സാമ്പത്തിക വിദഗ്ധരുടെ ആശങ്ക. ജനാധിപത്യത്തിനും ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും സ്വതന്ത്ര വ്യാപാരത്തിനുമെല്ലാം പേരുകേട്ട അമേരിക്കയെ ഘട്ടംഘട്ടമായി തകര്‍ക്കുകയാണോ ട്രംപ് എന്ന് ന്യായമായും സംശയിക്കാവുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പാരിസ് ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റവും സുപ്രധാന വ്യാപാര ഉടമ്പടികളില്‍ നിന്നുള്ള പുറത്തുകടക്കലുമെല്ലാം അമേരിക്കയുടെ പ്രതിച്ഛായയ്ക്ക് വലിയ തോതില്‍ കളങ്കമേര്പ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുപോലും തീര്‍ത്തും അപക്വമായ നിലപാടുകളാണ് അദ്ദേഹം വെച്ചുപുലര്‍ത്തുന്നത്.
ആഗോള താപനമെന്ന വിപത്തിനെ നേരിടാനുള്ള ലോകത്തിന്റെ കൂട്ടായ ശ്രമത്തെയാണ് ഏറ്റവും ശക്തിയുള്ള ജനാധിപത്യ രാഷ്ട്രമെന്ന് അഭിമാനിക്കുന്ന അമേരിക്ക പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയതിലൂടെ അട്ടിമറിക്കാന്‍ ശ്രമിച്ചത്.
ബയ് അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍ എന്ന ട്രംപിന്റെ തലതിരിഞ്ഞ വികസന നയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. വ്യാപാര യുദ്ധത്തിനാണ് പുറപ്പാടെങ്കില്‍ അമേരിക്കയുടെ ഏറ്റവും മോശം പ്രസിഡന്റെന്ന ക്രെഡിറ്റ് നേടിയാകും ട്രംപ് സ്ഥാനമൊഴിയുക. ഇനിയുള്ള കാലയളവില്‍ ട്രംപ് ഏത് തരത്തിലുള്ള സാമ്പത്തിക നയങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്, അതില്‍ എത്ര മാത്രം ആത്മാര്‍ത്ഥത അദ്ദേഹത്തിനുണ്ട് എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും അമേരിക്കയുടെ വളര്‍ച്ച.
you're currently offline