നിയമനങ്ങളില്‍ 10%ല്‍ അധികം വര്‍ധനയെന്ന് റിക്രൂട്ട്‌മെന്റ് കമ്പനികള്‍

നിയമനങ്ങളില്‍ 10%ല്‍ അധികം വര്‍ധനയെന്ന് റിക്രൂട്ട്‌മെന്റ് കമ്പനികള്‍

അടുത്ത 9 മാസത്തില്‍ മൂന്ന് ലക്ഷത്തോളം പ്രൊഫഷണലുകള്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ പ്രവര്‍ത്തിക്കുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: തൊഴില്‍ വിപണിയുടെ വളര്‍ച്ച മെച്ചപ്പെട്ടു വരുന്നതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍, മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 10 ശതമാനത്തിലധികം നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വന്‍കിട റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചരക്കുസേവന വ്യവസ്ഥ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ സ്വാധീനം തുടര്‍ന്നും തൊഴില്‍ വിപണിയെ ശക്തിപ്പെടുത്തുമെന്നാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്.
ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇ-കൊമേഴ്‌സ്, ഉപഭോക്തൃ ഉല്‍പ്പന്ന രംഗം, ടെലികോം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നിയമന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്നത്. ഐടി, മാനുഫാക്ച്ചറിംഗ്, ഇന്‍ഡസ്ട്രിയല്‍ സര്‍വീസസ് മേഖലകള്‍ അടുത്ത കുറച്ച് മാസത്തില്‍ പ്രകടനം മെച്ചപ്പെടുത്തുമെന്ന് എബിസി കണ്‍സള്‍ട്ടന്റ്‌സ്, മോണ്‍സ്റ്റര്‍, ടീം-ലീസ്, ക്വസ്സ്, റാന്‍ഡ്‌സ്റ്റാഡ് ഇന്ത്യ തുടങ്ങിയ റിക്രൂട്ട്‌മെന്റ് സംരംഭങ്ങളിലെ എക്‌സിക്യൂട്ടീവുകള്‍ അറിയിച്ചു.

രാജ്യം പുതിയ നികുതി സംവിധാനത്തിലേക്ക് മാറിയത് തൊഴില്‍ വിപണിയില്‍ യാതൊരുവിധത്തിലുള്ള അനിശ്ചിതാവസ്ഥയ്ക്കും കാരണമായിട്ടില്ലെന്നാണ് റിക്രൂട്ട്‌മെന്റ് സംരംഭങ്ങള്‍ പറയുന്നത്. ജിഎസ്ടി വിപണിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ തൊഴില്‍ വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ ജിഎസ്ടിയുടെ കാര്യത്തില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും വരും മാസങ്ങളില്‍ ബിസിനസ് വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വ്യാവസായിക നേതൃത്വങ്ങളെന്നും എബിസി കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്റര്‍ ശിവ് അഗര്‍വാള്‍ പറഞ്ഞു.

ജൂലൈ മാസത്തെ മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് സൂചിക പ്രകാരം, നിയമനങ്ങളില്‍ 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിതെന്ന് മോണ്‍സ്റ്റര്‍ എംജി സഞ്ജയ് മോദി പറഞ്ഞു. ബിഎഫ്എസ്‌ഐ, ടെലികോം, ഹോം അപ്ലെയന്‍സ്, എഫ്എംസിജി കമ്പനികളാണ് ജൂലൈയില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) കമ്പനികളുടെ നിയമനങ്ങളില്‍ 43 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ മാസമുണ്ടായതെന്നും സഞ്ജയ് മോദി കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസങ്ങളില്‍ ഏകദേശം ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഐകെവൈഎ ഹ്യൂമണ്‍ കാപിറ്റല്‍ സൊലുഷന്‍സില്‍ നിന്നുള്ള സ്റ്റാഫിംഗ് സൊലൂഷന്‍സ് ബിസിനസ് വിഭാഗം മേധാവി ലോഹിത് ഭാട്ടിയ പങ്കുവെച്ചത്. ക്വസ്സ് കോര്‍പ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഐകെവൈഎ ഹ്യൂമണ്‍ കാപിറ്റല്‍ സൊലുഷന്‍സ്. അടുത്ത ഒന്‍പത് മാസത്തില്‍ ഏകദേശം മൂന്ന് ലക്ഷം പ്രൊഫഷണലുകള്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുമെന്നും ലോഹിത് ഭാട്ടിയ അഭിപ്രായപ്പെട്ടു.

Comments

comments

Categories: More