ജിഡിപി ലക്ഷ്യം നേടുക പ്രയാസകരം

ജിഡിപി ലക്ഷ്യം നേടുക പ്രയാസകരം

പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെയായി തുടരും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തികാവസ്ഥയില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതായി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വെയുടെ രണ്ടാം ഭാഗം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചു. നടപ്പു വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 6.75-7.5 ശതമാനം വളര്‍ച്ച നേടാനാകുമെന്ന മുന്‍ നിഗമനം സാധ്യമാക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസകരമാകുമെന്നാണ് സര്‍വെ നിരീക്ഷിക്കുന്നത്. രൂപയുടെ മൂല്യമുയരുന്നതും ജിഡിപിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായ വെല്ലുവിളികളും കാര്‍ഷിക കടങ്ങളുടെ എഴുതിത്തള്ളലുമാണ് ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

സമ്മര്‍ദിത കാര്‍ഷിക വരുമാനം, ധാന്യേതര ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയിലെ ഇടിവ്, ഊര്‍ജ-വൈദ്യുതി മേഖലകളിലെ വരുമാനത്തിന്റെ ഇടിവ് തുടങ്ങിയ തുടങ്ങിയവയെല്ലാം വെല്ലുവിളികളായി നിലനില്‍ക്കുന്നുവെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ തയാറാക്കിയ സാമ്പത്തിക സര്‍വെയില്‍ പറയുന്നു.

സമ്പദ് വ്യവസ്ഥ അതിന്റെ മുഴുവന്‍ ശേഷി ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് ഇപ്പോഴും ഏറെ അകലെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെ നിലനിര്‍ത്തുക എന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യം ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോളം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പലിശനിരക്കുകളില്‍ കൂടുതല്‍ സുഗമമായി തീരുമാനമെടുക്കാന്‍ ആര്‍ബിഐ യെ സഹായിക്കും. 2018 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി ജിഡിപിയുടെ 3.2 ശതമാനമായി താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലിത് 3.5 ശതമാനമായിരുന്നു.

ജിഎസ്ടിയുടെ നടപ്പിലാക്കല്‍, എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം, ഊര്‍ജ സബ്‌സിഡികള്‍ കൂടുതല്‍ യുക്തിസഹമാക്കല്‍, ബാങ്കുകള്‍ നേരിട്ട ഇരട്ട ബാലന്‍സ് ഷീറ്റ് വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിനുള്ള നടപടികള്‍ മുതലായ ഘടനാപരമായ് പരിഷ്‌കാരങ്ങള്‍ സാമ്പത്തിക സര്‍വെ മുന്നോട്ടുവെക്കുന്നു. ജിഡിപി, നോട്ട് നിരോധനം മുതലായവ സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ചുവെന്നും നികുതി അടിത്തറ വ്യാപിപ്പിക്കുന്നതിന് കാരണമായെന്നും സര്‍വെയില്‍ പറയുന്നു.

Comments

comments

Categories: Slider, Top Stories