ലിസ്റ്റ് ചെയ്ത ഉടന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില 22% വര്‍ധിച്ചു

ലിസ്റ്റ് ചെയ്ത ഉടന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില 22% വര്‍ധിച്ചു

മുംബൈ: ലിസ്റ്റ് ചെയ്ത ഉടനെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില 22 ശതമാനം വര്‍ധിച്ചു. 432 രൂപയ്ക്ക്
ഇഷ്യൂ ചെയ്ത ഓഹരികള്‍ 0.69 ശതമാനം പ്രീമിയത്തോടെ 435 രൂപയ്ക്കാണ് ഇന്നലെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ഒട്ടും സമയമെടുക്കാതെ ബിഎസ്ഇയില്‍ ഷിപ്പ് യാര്‍ഡ് ഓഹരികളുടെ വില 20.81 ശതമാനം ഉയര്‍ന്ന 522 ലേക്ക് കുതിക്കുകയായിരുന്നു. 1.85 ശതമാനം പ്രീമിയത്തോടെ 440 രൂപയ്ക്കാണ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. എന്‍എസ്ഇയിലെ ആദ്യ മണിക്കൂറില്‍ തന്നെ ഓഹരി വില 528 രൂപയിലെത്തി. ഐപിഒ വിലയില്‍ നിന്ന് 22 ശതമാനം ഉയര്‍ച്ചയാണിത്.

ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ നടന്ന ഐപിഒയില്‍ കപ്പല്‍ശാലയുടെ ഓഹരികള്‍ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം 90 ശതമാനത്തിലധികം സബ്‌സ്‌ക്രിപ്ഷനും നേടിയിരുന്നു. പത്ത് രൂപ മുഖ വിലയുള്ള 3,39,84,000 ഓഹരികളാണ് മൊത്തം ഇഷ്യു ചെയ്തത്. ഇതിന്റെ 76.19 മടങ്ങ് അധികം അപേക്ഷകളാണ് മൂന്ന് ദിവസത്തെ ഐപിഒയിലൂടെ ലഭിച്ചത്.

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനു വേണ്ടി ഓഫര്‍ ചെയ്ത ഓഹരികളുടെ 63.52 മടങ്ങ് അധികം ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് ഐപിഒയില്‍ ലഭിച്ചത്. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് അനുവദിച്ച ഓഹരികളേക്കാള്‍ 288.87 മടങ്ങ് അധികം അപേക്ഷകള്‍ ലഭിച്ചു. റീട്ടെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സ് വിഭാഗത്തില്‍ അനുവദിച്ച ഓഹരികള്‍ക്ക് 8.51 മടങ്ങ് അധികം അപേക്ഷകളണ് ലഭിച്ചത്. അതിനാല്‍ തന്നെ അപേക്ഷിച്ചവരില്‍ ചെറിയൊരു ശതമാനത്തിനു മാത്രമേ ഓഹരികള്‍ ലഭിച്ചുള്ളൂ.

Comments

comments

Categories: Slider, Top Stories