” ബിസിനസ് എനിക്ക് പാഷനാണ് ”

” ബിസിനസ് എനിക്ക് പാഷനാണ് ”

1996-ല്‍ ചെറിയ രീതിയില്‍ തുടക്കമിട്ട നിക്ഷാന്‍ ഇലക്ട്രോണിക്‌സ് ഇന്ന് കണ്ണൂരില്‍ ഇലക്ട്രോണിക്‌സ് മേഖലയില്‍ അറിയപ്പെടുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. വാങ്ങുന്ന ഉല്‍പ്പന്നത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്കു അവബോധം നല്‍കി മാത്രമാണ് നിക്ഷാന്‍ ഇലക്ട്രോണിസ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. എല്‍ജിയുടെ പുതിയ മോഡലായ സിഗ്‌നേചര്‍ ടി വി ഇന്ത്യയില്‍ ഇന്ന് നാലെണ്ണം മാത്രമാണുള്ളത്. ഇതിലൊന്ന് നിക്ഷാനിലുണ്ട്. വിപണിയില്‍ ഏറ്റവും മുന്‍ നിരയിലുള്ള ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ഷോറൂമുകളിലൂടെ ജനങ്ങളിലേക്കെത്തിക്കാനാണ് എപ്പോഴും ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് നിക്ഷാന്‍ ഇലക്ട്രോണിക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എംഎംവി മൊയ്തു ഫ്യൂച്ചര്‍ കേരളയോടു പറയുന്നു.

ഓണത്തിന് നിക്ഷാന്‍ ഇലകട്രോണിക്‌സ് നല്‍കുന്ന ഓഫറുകള്‍?

ഓണത്തോടനുബന്ധിച്ച് നിക്ഷാന്‍ ഇലകട്രോണിക്‌സിലും ഇഹം ഡിജിറ്റല്‍സിലും നിരവധി സമ്മാന പദ്ധതികളും ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. ജിഎസ്ടി പോലുള്ളവ മൂലമാണ് ഓണം ഓഫര്‍ വൈകി തുടങ്ങാനിടയാക്കിയത്. ജിഎസ്ടിയെക്കുറിച്ചുള്ള വ്യക്തതക്കുറവുമൂലം ഇത്തരം കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കുറച്ചുസമയമെടുത്തുവെന്നതാണ് യാഥാര്‍ഥ്യം. ഇഹം ഡിജിറ്റല്‍ ഓണത്തിനു മുന്നോടിയായി ഓണക്കോടീശ്വരന്‍ എന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഒപ്പം 0% പലിശ നിരക്കില്‍ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരവും ഡിസ്‌കൗണ്ടുകളുമുണ്ട്.

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ ബിസിനസിനെ ബാധിച്ചിട്ടുണ്ടോ? ഇവ എങ്ങനെ വിലയിരുത്തുന്നു?

നോട്ട് പിന്‍വലിക്കല്‍ പോസിറ്റീവായും ജിഎസ്ടി സീസണ്‍ സെലിബ്രേഷനായുമാണ് ഞങ്ങള്‍ പരിഗണിച്ചത്. റിസ്‌കെടുക്കാന്‍ ധൈര്യമുള്ള ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഇത്തരം പരിഷ്‌കാരങ്ങള്‍ അവരുടെ വളര്‍ച്ചയ്ക്ക് പിന്‍ബലമാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഇത്തരം പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തിലായപ്പോള്‍ കാര്യമായ പ്രതിസന്ധി അനുഭവപ്പെട്ടില്ല. ബിസിനസില്‍ വിജയിക്കണമെങ്കില്‍ ഇത്തരം കടമ്പകള്‍ നിസാരമായി കാണണം. നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി എന്നിവയെ പോസിറ്റീവായാണ് കാണുന്നത്. ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനാല്‍ ഓരോ ദിവസം പിന്നിടുമ്പോഴും ഞങ്ങളെ സംബന്ധിച്ചിടത്തോളം വളര്‍ച്ച മാത്രമാണുള്ളത്.

ബിസിനസിനെ പാഷനായി കാണുന്നതിനാല്‍ ഇതുവരെ വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. ഹോട്ടല്‍ ബിസിനസിനു പകരം വ്യത്യസ്തമായ മേഖലയില്‍ ബിസിനസ് തുടങ്ങണമെന്ന തീരുമാനത്തില്‍ നിന്നാണ് നിക്ഷാന്‍ ഇലക്ട്രോണിക്‌സിന്റെ പിറവി. ഇരുപത്തൊന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഉപഭോക്താക്കളുമായി മികച്ച ബന്ധം വളര്‍ത്താനും മാര്‍ക്കറ്റില്‍ മികച്ച ഷെയര്‍ നേടാനും നിക്ഷാന്‍ ഇലക്ട്രോണിക്‌സിന് കഴിഞ്ഞിട്ടുണ്ട്.

എംഎംവി മൊയ്തു

മാനേജിംഗ് ഡയറക്റ്റര്‍

നിക്ഷാന്‍ ഇലക്ട്രോണിക്‌സ്

ഇലക്ട്രോണിക്‌സ് മേഖലയിലെ വെല്ലുവിളികള്‍? ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ടോ?

വെല്ലുവിളികളെക്കുറിച്ച് ഇതുവരെ ചിന്തിക്കേണ്ടി വന്നിട്ടില്ലായെന്നതാണ് യാഥാര്‍ഥ്യം. അത്രത്തോളം സൂക്ഷ്മമായാണ് ഞാന്‍ ബിസിനസിനെ പരിഗണിക്കുന്നത് . വെല്ലുവിളിയെന്നത് ടെന്‍ഷനായി കാണാന്‍ പാടില്ല. ബ്രാന്‍ഡുകള്‍ തെരഞ്ഞെടുമ്പോള്‍ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. മികച്ച സര്‍വീസ് ഉറപ്പുനല്‍കുന്ന ബ്രാന്‍ഡുകളാണ് തെരഞ്ഞെടുക്കാറുള്ളത്. ബിസിനസ് നിലനിര്‍ത്തുന്നതില്‍ വില്‍പ്പനാനന്തര സേവനങ്ങള്‍ മുന്തിയ പങ്കാണ് വഹിക്കുന്നത്. ഇതോടൊപ്പം സെയില്‍സ്മാന്‍ ഇല്ലാതെതന്നെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നത്തെക്കുറിച്ച് അവബോധം നല്‍കാനും ശ്രമിക്കാറുണ്ട്.

നിക്ഷാന്‍ ഇലക്ട്രോണിക്‌സ് പിന്നിട്ട വഴികള്‍?

1983- കാലഘട്ടങ്ങളില്‍ ഹോട്ടല്‍ ബിസിനസിലായിരുന്നു ഞാന്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. 1996 ലാണ് നിക്ഷാന്‍ ഇലക്ട്രോണിക്‌സിനു തുടക്കമിട്ടത്. ചെറിയ രീതിയിലായിരുന്നു ഷോറൂമിന്റെ തുടക്കം. എന്നാലിപ്പോള്‍ കണ്ണൂരില്‍ ഇലക്ട്രോണിക് ബിസിനസ് മേഖലയില്‍ അറിയപ്പെടുന്ന ഒന്നായി നിക്ഷാന്‍ ഇലക്ട്രോണിക്‌സ് മാറിയിരിക്കുന്നു. നിക്ഷാന്‍ ഇലക്ട്രോണിക്‌സിനു പുറമേ ഇ-പ്ലാനറ്റ് എന്ന പേരില്‍ ആറ് കൗണ്ടറുകളും മലബാറിലുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ നിക്ഷാനു സാന്നിധ്യമുള്ളത്. കേരളം മുഴുവന്‍ വ്യാപിപ്പിക്കാനായിരുന്നു തുടക്കത്തില്‍ പദ്ധതിയിട്ടതെങ്കിലും താല്‍ക്കാലികമായി മാറ്റിവച്ചിരിക്കുകയാണ്.

ഏതൊരു ബിസിനസിന്റെയും വിജയരഹസ്യം മൂന്ന് ‘ഐ’കളിലാണ്. ഇന്ററസ്റ്റ്, ഇനീഷ്യേറ്റീവ്, ആന്‍ഡ് ഇന്‍വോള്‍മെന്റ്. ഇത് മൂന്നുമുള്ളവര്‍ക്കു ബിസിനസില്‍ വിജയം ഉറപ്പായിരിക്കും. ഇത് മൂന്നുമില്ലാത്തവര്‍ ബിസിനസ് രംഗത്തേക്കു വരില്ലെന്നുറപ്പാണ്.

ചൈനീസ് ഉല്‍പ്പന്നങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ എന്നതുമാത്രമായി ഇപ്പോഴില്ല. എല്ലാത്തരം ഉല്‍പ്പന്നങ്ങളും അവര്‍ നിര്‍മിക്കുന്നുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ന് ചൈനയില്‍ ലഭ്യമാണ്. ഇതാകട്ടെ ഫസ്റ്റ് ക്വാളിറ്റിയും ലാസ്റ്റ് ക്വാളിറ്റിയുമുണ്ട്. അതേസമയം ബ്രാന്‍ഡ് നോക്കിമാത്രം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതായിരിക്കും നല്ലത്. ബ്രാന്‍ഡ് അല്ലാത്തവ വാങ്ങിയാല്‍ തകരാറുണ്ടായാല്‍ ആ ബ്രാന്‍ഡ് അന്വേഷിച്ചു പോകുമ്പോള്‍ ലഭിക്കണമെന്നില്ല. ദീര്‍ഘകാലം നിലനില്‍ക്കുന്ന കമ്പനികളുടേതാണെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ എവിടെ നിന്നും വാങ്ങാം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വിലപേശാന്‍ പാടില്ലായെന്നതാണ്. വില കുറയുമ്പോള്‍ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയും കുറയും.

ബിസിനസിന്റെ വിജയരഹസ്യം ?

വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഹോട്ടല്‍ മേഖല ഉപേക്ഷിച്ച് ഇലക്ട്രോണിക്‌സ് മേഖല തെരഞ്ഞെടുത്തത്. ബിസിനസ് എന്നത് പാഷനായാണ് ഞാന്‍ കാണുന്നത്. അതാണ് എന്റെ വിജയ രഹസ്യവും. പാഷനിലൂടെ ഒന്നിനെ നോക്കിക്കണ്ടാല്‍ തീര്‍ച്ചയായും അത് നമ്മെ വിജയത്തിലെത്തിക്കുമെന്നുറപ്പാണ്.

കുടുംബം?

ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം. മൂത്ത മകന്‍ നിക്ഷാന്‍ കോഴിക്കോട് ഇഹം ഡിജിറ്റലിന്റെ ചുമതല വഹിക്കുന്നു. മകള്‍ കോളജ് വിദ്യാര്‍ഥിനി. ഇളയ മകന്‍ നാലാം ക്ലാസ് വിദ്യാര്‍ഥി. ബിസിനസിനു കുടുംബത്തില്‍ നിന്നു മികച്ച പിന്തുണയുണ്ട്. കുടുംബവും ബിസിനസും ഒരുമിച്ചുകൊണ്ടുപോകാനാവുന്നുണ്ട്. ബിസിനസ് ഞങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ ഭാഗമാണ്.

ഇലക്ട്രോണിക് ബിസിനസ് രംഗത്തേയ്ക്ക് വരുന്നവരോട് പറയാനുള്ളത്?

പ്രത്യേകിച്ച് ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. താല്‍പര്യമില്ലാതെ ആരും ഈ മേഖല തെരഞ്ഞെടുക്കില്ല. ഏതുമേഖല തെരഞ്ഞെടുക്കുമ്പോഴും വേണ്ടത് മൂന്ന് ഐകളാണ്. അതായത് ഇന്ററസ്റ്റ്, ഇനീഷ്യേറ്റീവ് ആന്‍ഡ് ഇന്‍വോള്‍മെന്റ്. ഇതും മൂന്നുമുണ്ടെങ്കില്‍ ആ മേഖലയില്‍ തിളങ്ങാനാവും.

Comments

comments

Categories: FK Special