11 ടെക് മഹിന്ദ്ര ജീവനക്കാര്‍ ലേബര്‍ കോടതിയിലേക്ക്

11 ടെക് മഹിന്ദ്ര ജീവനക്കാര്‍ ലേബര്‍ കോടതിയിലേക്ക്

ബെംഗളുരു: 11 ജീവനക്കാരെ പിരിച്ചു വിട്ട ടെക് മഹിന്ദ്രയുടെ നടപടിക്കെതിരായ തര്‍ക്കങ്ങള്‍ ലേബര്‍ കോടതിയിലേക്ക് മാറ്റിയെന്ന് ഫോറം ഫോര്‍ ഐടി എംപ്ലോയീസ് (എഫ്‌ഐടിഇ). പ്രശ്‌നത്തില്‍ മഹാരാഷ്ട്ര ലേബര്‍ അതോറിറ്റികളുടെ മധ്യസ്ഥത പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. പിരിച്ചു വിട്ട ജീവനക്കാര്‍ ഇന്‍സ്ട്രിയല്‍ ഡിസ്പ്യൂട്‌സ് ആക്റ്റിലെ സെക്ഷന്‍ 2എ പ്രകാരം പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് എഫ്‌ഐടിഇ കോര്‍ഡിനേറ്റര്‍ ഇളവരസന്‍ രാജ പറഞ്ഞു. സെക്ഷന്‍ 2 എ അനുസരിച്ച് ഒരു വ്യക്തിഗത തൊഴിലാളിയുടെ പുറത്താക്കല്‍ ഒരു വ്യാവസായിക തര്‍ക്കമായാണ് കരുതപ്പെടുന്നത്. അതേസമയം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ടെക് മഹിന്ദ്ര വ്യക്തമാക്കി.

ടെക് മഹിന്ദ്ര ജീവനക്കാരനോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര കഴിഞ്ഞ മാസം മാപ്പ് ചോദിച്ചിരുന്നു. കോര്‍പ്പറേറ്റ് തീരുമാനത്തിന്റെ ഭാഗമായി ആവശ്യമായ പേപ്പറുകള്‍ അടുത്ത പ്രഭാതത്തില്‍ തന്നെ നല്‍കണമെന്ന തരത്തില്‍ ഒരു ജീവനക്കാരനോട് എച്ച് ആര്‍ എക്‌സിക്യൂട്ടിവ് നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ വൈറലായതിനെ തുടര്‍ന്നായിരുന്നു ആനന്ദ് മഹിന്ദ്ര മാപ്പ് ചോദിച്ചത്.

2016 ഡിസംബര്‍ അവസാനത്തില്‍ 1.17 ലക്ഷം ജീവനക്കാരാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്.
നിലവില്‍ വന്‍ തോതിലുള്ള പിരിച്ചുവിടലിനാണ് ഐടി മേഖല സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. പിരിച്ചുവിടല്‍ ആരോപണങ്ങളെ കമ്പനികള്‍ നിരന്തരം നിരസിക്കുന്നുണ്ടെങ്കിലും പല കമ്പനികളും വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സാധാരണമായുള്ള ബിസിനസ് തീരുമാനങ്ങളുടെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ വിപണി വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് പലരും വിശ്വസിക്കുന്നത്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗ്നിസെന്റ് ഡയറക്റ്റര്‍മാര്‍, അസോസിയേറ്റ്‌സ് വൈസ് പ്രസിഡന്റുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ഷിക പ്രകടന വിലയിരുത്തലിന്റെ ഭാഗമായി ഏകദേശം 600 ജീവനക്കാരോട് കമ്പനി വിടണമെന്ന് വിപ്രോ ഈ വര്‍ഷം ആദ്യം നിര്‍ദേശിച്ചിരുന്നു.ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്റ്റിന് കീഴിലുള്ള വ്യവസ്ഥകള്‍ കമ്പനികള്‍ ലംഘിക്കുകയാണെന്ന് എഫ്‌ഐടിഇ വൈസ് പ്രസിഡന്റ് വസുമതി പറഞ്ഞു.

Comments

comments

Categories: Tech