പൊതുവഴി വില്‍പ്പനയ്ക്ക്

പൊതുവഴി വില്‍പ്പനയ്ക്ക്

തുക ചെലവഴിക്കുന്നത് നഗരസഭകളുടെ കടം വീട്ടാനും അടിസ്ഥാനസൗകര്യവികസനങ്ങള്‍ക്കും

വീട് വെക്കാന്‍ സ്ഥലം വാങ്ങണമെങ്കില്‍ അതിലേക്ക് വീതിയുള്ള വഴിയുണ്ടോ എന്നാണ് കേരളത്തില്‍ ആളുകള്‍ ആദ്യം ചോദിക്കാറുള്ളത്. മണിമന്ദിരങ്ങളിലേക്കുള്ള പാതകള്‍ ഇടവഴികളാകുന്ന കാഴ്ചയാണ് പലപ്പോഴും ഇവിടെ കാണാറുള്ളത്. കൂടിയ ജനസാന്ദ്രതയാണ് ഇതിനു പ്രധാന കാരണം. വീടിനു വഴി കിട്ടാന്‍ എത്ര തുക വേണമെങ്കിലും മുടക്കാനും മലയാളി തയാറാണ്. പഞ്ചായത്ത് വഴിക്ക് സ്വന്തം പേരോ വീട്ടു പേരോ നേടാന്‍ പണം എത്ര വേണമെങ്കിലും മുടക്കുന്ന പൊങ്ങച്ചക്കാരുമുണ്ട് ഇവിടെ. എന്നാല്‍ കേരളീയരെ അല്‍ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് അമേരിക്കയില്‍ നടക്കുന്നത്. അവിടെ വീടുകളേക്കാള്‍ വിലക്കുറവ് വഴികള്‍ക്കാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഈയിടെ രണ്ട് പേര്‍ ചേര്‍ന്ന് 90,000 ഡോളറിന് ഒരു വഴി വാങ്ങി. ടിന ലം, മൈക്കില്‍ ചെംഗ് എന്നിവരാണ് വടക്കുപടിഞ്ഞാറന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ പ്രെസിഡിയോ ടെറസ് പാത ലേലത്തില്‍ വാങ്ങിയത്. ഇരുവര്‍ക്കും അവിടെയുള്ള വീടുകളുടെയും പൊതുഇടങ്ങളുടെയും മേല്‍ ഉടമസ്ഥാവകാശമൊന്നുമില്ലെങ്കിലും റോഡില്‍ പാര്‍ക്കിംഗിനും മറ്റ് താല്‍ക്കാലിക കൈയേറ്റങ്ങള്‍ക്കുമെല്ലാം വാടക വാങ്ങാം.

വെറും 944 ഡോളറിന്റെ നികുതി കുടിശിക തിരികെ പിടിക്കാനാണ് സാന്‍ഫ്രാന്‍സിസ്‌കോ നഗരസഭ ഈ ഇടപാടിനു തയാറായതെന്ന കാര്യം അസാധാരണ നടപടിയായി തോന്നാം. എന്നാല്‍ യുഎസില്‍ റിയല്‍ എസ്‌റ്റേറ്റ് വിപണി ഇങ്ങനെയൊക്കെയാണ് മുമ്പോട്ട് നീങ്ങുന്നത്. യുഎസില്‍ തെരുവുകളുടെ വിപണനം ഇത്തരത്തില്‍ എപ്പോഴും ആകര്‍ഷകമാണെന്നും ഏറെ നാളായി നിലനില്‍ക്കുന്ന സ്ഥിതിവിശേഷമാണെന്നും വെര്‍ജീനിയ സര്‍വകലാശാലയിലെ നിയമവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ മോളി ബ്രാഡി പറയുന്നു. മറ്റൊരു പൊതുവഴി വിറ്റ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കടം കൊണ്ട് മുങ്ങിയ ന്യൂ ഹാവെന്‍ നഗരം യേല്‍ സര്‍വകലാശാലയിലേക്കുള്ള രണ്ടു പാതകള്‍ മൂന്നു മില്യണ്‍ ഡോളറിനാണു വിറ്റത്. നഗരസഭയുടെ കടം വീട്ടാനും അടിസ്ഥാനസൗകര്യവികസനത്തിനുമാണ് തുക ചെലവാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ലോകത്തു കേട്ടുകേള്‍വിയില്ലാത്ത ഇത്തരം റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളാണ് പൊതുഇടങ്ങള്‍ പരിപാലിക്കാന്‍ യുഎസ് നഗരങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെന്ന കാര്യം അല്‍പ്പം വിചിത്രമായി തോന്നാം. എന്നാല്‍ ഇവിടെയിത് സാധാരണ കാര്യമായിത്തീര്‍ന്നിരിക്കുകയാണിപ്പോള്‍.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഈയിടെ രണ്ട് പേര്‍ ചേര്‍ന്ന് 90,000 ഡോളറിന് ഒരു വഴി വാങ്ങി. ടിന ലം, മൈക്കില്‍ ചെംഗ് എന്നിവരാണ് വടക്കുപടിഞ്ഞാറന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ പ്രെസിഡിയോ ടെറസ് പാത ലേലത്തില്‍ വാങ്ങിയത്. ഇരുവര്‍ക്കും അവിടെയുള്ള വീടുകളുടെയും പൊതുഇടങ്ങളുടെയും മേല്‍ ഉടമസ്ഥാവകാശമൊന്നുമില്ലെങ്കിലും റോഡില്‍ പാര്‍ക്കിംഗിനും മറ്റ് താല്‍ക്കാലിക കൈയേറ്റങ്ങള്‍ക്കുമെല്ലാം വാടക വാങ്ങാം

ന്യൂ ഹാവെന്‍ നഗരം ഇടപാടു നടത്തിയ ജൂണില്‍ത്തന്നെ ടെക്‌സസിലെ ഹൂസ്റ്റണ്‍ നഗരവും സമാന ഇടപാട് നടത്തി. ബജറ്റ് കമ്മി നികത്താനായി രണ്ട് മില്യണ്‍ ഡോളറിനാണ് പാതകള്‍ വിറ്റത്. ഇതിന്റെ ചുവടുപിടിച്ച് അറ്റ്‌ലാന്റ, ജോര്‍ജിയ നഗരങ്ങളും പൊതുവഴികള്‍ സ്വകാര്യസംരംഭകര്‍ക്കു കൈമാറി. സര്‍ക്കാരിന്റെ പുതിയ തോക്ക് കൈവശംവെക്കല്‍ നിയമത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന മിസ്സൗറിയിലെ കന്‍സാസ് നഗത്തിലെ സംരംഭകര്‍ തെരുവുകളുടെ സ്വകാര്യവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നു. തങ്ങളുടെ സ്ഥാപനങ്ങളിലേക്കു വരുന്ന ഉപയോക്താക്കള്‍ തോക്കുമായി വരുന്നത് തടയാന്‍ ഇത് കാരണമാകുമെന്ന ചിന്തയാലാണിത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാകട്ടെ ഒരു പടികൂടി കടന്ന് ദേശീയപാതകളും പാലങ്ങളുമടക്കം എല്ലാ മാര്‍ഗങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചു.

തെരുവുകള്‍ മാത്രമല്ല, ദീര്‍ഘകാല നിക്ഷേപം എന്ന രീതിയില്‍ പട്ടണങ്ങള്‍ തന്നെ വാങ്ങുകയെന്ന അസാധാരണ നീക്കങ്ങളാണ് ഇപ്പോള്‍ യുഎസില്‍ നടക്കുന്നത്. 2012-ല്‍ യഎസിലെ ചെറു പട്ടണമായ ബുഫോര്‍ഡ് ഒമ്പത് ലക്ഷം ഡോളറിനാണ് വിയറ്റ്‌നാംകാര്‍ക്കു വിറ്റത്. വാഷിംഗ്ടണിലെ വുക്കോന്‍ഡ എന്ന ടൗണ്‍ മൂന്നു ലക്ഷത്തി അറുപതിനായിരം ഡോളറിനാണ് 2010-ല്‍ ദമ്പതികള്‍ വാങ്ങിയത്‌

യുഎസിലെ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടണങ്ങള്‍ ഇത്തരം പ്രവണതകള്‍ക്കു പിന്നാലെയാണ്. രാജ്യത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന പലനഗരങ്ങളും ഇപ്പോള്‍ ധനസമാഹരണത്തിനു പലവഴികളും നോക്കുകയാണ്. തെരുവുകള്‍ വാങ്ങുന്ന സ്വകാര്യവ്യക്തികളാകട്ടെ സര്‍ക്കാര്‍ ഏജന്‍സികള്‍ പാലിക്കുന്ന മാനദണ്ഡങ്ങള്‍ പിന്തുടരാറില്ല. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിലും റോഡ് ടാര്‍ ചെയ്യുന്നതിലുമൊന്നും അവര്‍ ശ്രദ്ധപുലര്‍ത്താറില്ല. ലാഭത്തില്‍ മാത്രമാണ് അവരുടെ കണ്ണ്. പ്രെസിഡിയോ ടെറസ് പാത ചുറ്റുമുള്ള താമസക്കാര്‍ക്കു വില്‍ക്കാനാണ് ടിന ലമ്മും മൈക്കില്‍ ചെംഗും പദ്ധതിയിടുന്നത്. ഇത് നടന്നില്ലെങ്കില്‍ പാര്‍ക്കിംഗ് ഫീസ് ചുമത്തുന്നതു പോലുള്ള വരുമാനമാര്‍ഗങ്ങള്‍ നോക്കാനാകും അവര്‍ തയാറാകുക. ഇടത്തരം വീടുകള്‍ക്കുപോലും 1.5 മില്യണ്‍ ഡോളര്‍ വിലവരുന്ന നഗരത്തില്‍ പാര്‍ക്കിംഗിന് ഉയര്‍ന്ന തുക ഈടാക്കുന്നത് അസാധാരണമായി കാണാനാകില്ല.

തെരുവുകളുടെ ഉടമസ്ഥര്‍ക്ക് അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. എന്നാല്‍ പാതകള്‍ നല്ല രീതിയില്‍ പരിപാലിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. സ്ഥലവില കുറയും വിധം സ്വകാര്യറോഡുകള്‍ മോശമാക്കിയിടരുതെന്ന് യുഎസ് നിയമം നിര്‍ദേശിക്കുന്നുണ്ട്. എങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ പരിസരവാസികളോ റോഡിന്റെ ഉടമസ്ഥരോ തദ്ദേശഭരണസ്ഥാപനത്തോട് പരാതിപ്പെടുന്ന പക്ഷം ഇടപാട് റദ്ദാക്കാനുള്ള സാധ്യത കുറയും. ഇതെങ്ങനെയെന്നുവെച്ചാല്‍, ദശകങ്ങള്‍ക്കു മുമ്പുള്ള വിലാസത്തിലേക്കാണ് നഗരസഭ നികുതിശീട്ട് അയയ്ക്കുന്നതെന്നു വെക്കുക. ഇതു കിട്ടുന്ന താമസക്കാര്‍ ഇത്തരം ബില്ലുകളൊന്നും തങ്ങള്‍ ഇതുവരെ കണ്ടിട്ടേയില്ലെന്നു പറഞ്ഞാലും ബാധ്യതയില്‍ നിന്ന് അവര്‍ക്കു രക്ഷ നേടാനാകില്ല. കാരണം യുഎസ് നിയമപ്രകാരം താമസം മാറുമ്പോള്‍ പുതിയ വിലാസം നഗരസഭയെ അറിയിക്കേണ്ടത് വസ്തു ഉടമകളുടെ കടമയാണ്.

തെരുവുകളും രാജധാനികളും

തെരുവുകള്‍ മാത്രമല്ല, ദീര്‍ഘകാല നിക്ഷേപം എന്ന രീതിയില്‍ പട്ടണങ്ങള്‍ തന്നെ വാങ്ങുകയെന്ന അസാധാരണ നീക്കങ്ങളാണ് ഇപ്പോള്‍ യുഎസില്‍ നടക്കുന്നത്. 2012-ല്‍ യഎസിലെ ചെറു പട്ടണമായ ബുഫോര്‍ഡ് ഒമ്പത് ലക്ഷം ഡോളറിനാണ് വിയറ്റ്‌നാംകാര്‍ക്കു വിറ്റത്. വാഷിംഗ്ടണിലെ വുക്കോന്‍ഡ എന്ന ടൗണ്‍ മൂന്നു ലക്ഷത്തി അറുപതിനായിരം ഡോളറിനാണ് 2010-ല്‍ ദമ്പതികള്‍ വാങ്ങിയത്. കാലിഫോര്‍ണിയയിലെ നിപ്റ്റണ്‍ ടൗണ്‍ വാങ്ങാന്‍ അഞ്ച് മില്യണ്‍ ഡോളറാണ് ഒരു കമ്പനി ചെലവിട്ടത്. ഒരു പട്ടണം വിലയ്‌ക്കെടുക്കുമ്പോള്‍ കൃത്യമായ വരുമാനമാണ് സംരംഭകര്‍ ലക്ഷ്യമിടുന്നത്. ആ പട്ടണത്തിന്റെ ഏറ്റവും അറ്റത്തായി ഫാക്റ്ററി പണിയുകയും അങ്ങോട്ട് കടക്കുന്നതിന് ഒരു ചുങ്കം വാങ്ങുകയും ചെയ്യുന്നു. ഇതിനായി നഗരകവാടത്തില്‍ ടോള്‍ ബൂത്ത് സ്ഥാപിച്ചിരിക്കും. അങ്ങോട്ട് കടക്കുന്ന ആരും ഇവിടെ ചുങ്കമൊടുക്കേണ്ടി വരുന്നു. പലപ്പോഴും നിക്ഷേപകരുടെ ഉദ്ദേശ്യശുദ്ധി സംശയകരമാണ്. നിപ്റ്റണ്‍ ടൗണ്‍ വാങ്ങിയവര്‍ കഞ്ചാവ് കൃഷിയായിരുന്നു നടത്തിയിരുന്നത്. ഉപോല്‍പ്പന്നങ്ങള്‍ക്കായി ഫാക്റ്ററിയും നിര്‍മ്മിച്ചിരുന്നു. ഏതായാലും പണമുള്ളവര്‍ക്ക് വേണ്ടി യുഎസിലെ തെരുവുകളും പട്ടണങ്ങളും സെയ്ല്‍സ് ബോര്‍ഡ് തുറന്നുവെച്ചിരിക്കുകയാണ്. ഹോളിവുഡ് താരങ്ങള്‍ ഉല്ലാസമന്ദിരങ്ങള്‍ നിര്‍മ്മിക്കാന്‍ ചെറുദ്വീപുകള്‍ വാങ്ങാറുള്ളതു പോലെ ചെറുപട്ടണങ്ങളും തെരുവുകളും ആര്‍ക്കും ഇവിടെ വാങ്ങാം.

Comments

comments

Categories: FK Special, Slider