പുസ്തകങ്ങളെ സ്‌നേഹിച്ച് സ്‌നേഹിച്ച്

പുസ്തകങ്ങളെ സ്‌നേഹിച്ച് സ്‌നേഹിച്ച്

ആല്‍ക്കെമിസ്റ്റിനോട് ഇന്നും പ്രണയമാണു വായനക്കാര്‍ക്ക്. പ്രസിദ്ധീകരിച്ചിട്ടു നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു എന്നിരുന്നാല്‍ പോലും വായനയുടെ രസതന്ത്രമൊരുക്കിയ പൗലോ കൊയ്‌ലോയുടെ മാന്ത്രിക സൃഷ്ടിയെ തേടിയെത്തുന്നവര്‍ ഓരോ ദിവസവും വര്‍ധിച്ചു വരികയാണ് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 25-ാമതു ഡിസി അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റില്‍. ഒരാഴ്ച മുന്‍പ് ആരംഭിച്ച ബുക്ക് ഫെസ്റ്റില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 350 ലധികം പ്രസാധകരാണു പങ്കെടുക്കുന്നത്.

ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ എന്ന വ്യത്യാസമില്ലാതെയാണു വായനക്കാര്‍ പുസ്തകം തെരഞ്ഞെടുക്കുന്നത്. നല്ല വായനാനുഭവം നല്‍കുന്നത് ഏത് വിഭാഗമായാലും അവ വാങ്ങാനാണു ഭൂരിഭാഗം പേര്‍ക്കും താത്പര്യം. ആല്‍ക്കെമിസ്റ്റ്, അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകമായ ദി മിസിട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്, മനു എസ് പിള്ളയുടെ ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ ട്രാവന്‍കൂര്‍, ഹാരി പോര്‍ട്ടര്‍, ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണര്‍ തുടങ്ങിയ പുസ്തകള്‍ക്കു ഡിമാന്‍ഡ് ഏറെയാണ്.

മലയാളം വിഭാഗത്തില്‍ സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണിയും ബെന്യാമിന്റെ ആടുജീവിതവുമാണ് ഏറ്റവുമധികം വിറ്റു പോയത്. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, വില്‍പ്പനയുടെ കാര്യത്തിലും ഇതിഹാസം തന്നെയാണെന്നു സംഘാടകര്‍ പറയുന്നു.രണ്ടാം ബുക്കര്‍ സമ്മാനം കാത്തിരിക്കുന്ന അരുന്ധതി റോയിയുടെ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനോസിനെ ധാരാളം പേര്‍ തേടിയെത്തുമ്പോള്‍ ആദ്യപുസ്തകമായ ദി ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സിനെയും ആരും കൈവിടുന്നില്ലെന്നതും എടുത്തുപറയേണ്ടതാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരുന്ധതി പുതിയ നോവല്‍ ഈ വര്‍ഷം ജൂണില്‍ പുറത്തിറക്കിയത്.

‘ പുസ്തകങ്ങളെ കുറിച്ച് അറിയാനായും പുതിയവ പരിചയപ്പെടാനുമായി നിരവധിയാളുകള്‍ ഓരോ ദിവസവും എത്തിക്കൊണ്ടേയിരിക്കുകയാണ്. പ്രാഭേദമന്യേ എല്ലാവരും എത്തുന്നുണ്ട്. എങ്കിലും മധ്യാവയസ്‌കരാണു മുന്നിട്ടു നില്‍ക്കുന്നത് എന്നു വേണം കരുതാന്‍. പ്രസാദകരുടേയും പുസ്തകങ്ങളുടേയും എണ്ണത്തില്‍ ഇത്രയും വലിയ പുസ്തകമേള കേരളത്തില്‍ വളരെ ചുരുക്കമാണ്. കൂടാതെ എല്ലാ ദിവസവും സ്‌കൂളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്, ” ഡിസി ബുക്ക്‌സ് എറണാകുളം ക്ലസ്റ്റര്‍ ഹെഡ് അനീസ് ഇ കെ പറയുന്നു.

50 ഓളം സ്റ്റാളുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഇംഗ്ലീഷ്, അക്കാദമിക്ക് എന്നിവ പ്രത്യേകം തിരിച്ചിട്ടുണ്ട്. 65 ശതമാനം ആളുകളും ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടിയാണ് എത്തുന്നത്. ഫിക്ഷനോടുള്ള പ്രിയത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. പത്ത് ലക്ഷത്തലധികം പുസ്തകങ്ങളാണ് ഇവിടെ വായനാപ്രേമികളെ കാത്തിരിക്കുന്നത്.

‘ അക്കാദമിക് പുസ്തകങ്ങള്‍ തേടി ആളുകള്‍ ഫെസ്റ്റില്‍ വരുന്നത് താരതമ്യേന കുറവായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി ഇത്തവണ ഇത്തരം പുസ്തകങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണെന്ന്’ അനീസ് പറയുന്നു.

സീരിയസ് ഫിക്ഷനുകളുടെ വലിയ ശേഖരം തന്നെ ബുക്ക് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വിഭാഗത്തിനും ആവശ്യക്കാര്‍ ഏറെയാണെന്നു സ്റ്റാളുകളുടെ മേല്‍നോട്ടച്ചുമതലയുള്ളവരും പറയുന്നു. പൗലോ കൊയ്‌ലോ, ഗബ്രിയേല്‍ ഗാര്‍സേ മാര്‍ക്കസ്, ഓര്‍ഹാന്‍ പാമുക് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ക്കും ആരാധകരുണ്ടെന്നു സംഘാടകര്‍ പറയുന്നു. 15-ന് മേളക്ക് തിരശീല വീഴും.

ഇംഗ്ലീഷ് ടോപ് 10

ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് — അരുന്ധതി റോയി

കൈറ്റ് റണ്ണര്‍ – ഖാലിദ് ഹുസ്സൈനി

അല്‍ക്കമിസ്റ്റ്- പൗലോ കൊയ്‌ലോ

ഐവറി ത്രോണ്‍– മനു എസ് പിള്ള

ടു കില്‍ എ മോക്കിംഗ് ബേര്‍ഡ്- ഹാര്‍പ്പര്‍ ലീ

ദി സ്‌പൈ- പൗലോ കൊയ്‌ലോ

ഹാരിപ്പോട്ടര്‍- ജെ കെ റൗളിംഗ്

വണ്‍സ് അപ്പോള്‍ എ ടൈം ടേയ്‌ല്‌സ്– അനിത നായര്‍

സീത – ദി വാരിയര്‍ ഓഫ് മിഥില — അനീഷ് ത്രിപാഠി

പഞ്ച തന്ത്ര –വൃന്ദാ വര്‍മ്മ

മലയാളം ടോപ് 10

ബിരിയാണി– സന്തോഷ് എച്ചിക്കാനം
ആടു ജീവിതം –ബെന്യാമിന്‍
ഖസാക്കിന്റെ ഇതിഹാസം – ഒവി വിജയന്‍

സമുദ്രങ്ങള്‍ക്ക് മാത്രമല്ല – സച്ചിദാനന്ദന്‍

ആരാച്ചാര്‍ – കെ ആര്‍ മീര

മനുഷ്യന് ഒരു ആമുഖം

രക്ത കിന്നരം (സുഗതകുമാരിക്ക് പ്രിയപ്പെട്ട 60 ചുള്ളിക്കാട് കവിതകള്‍)– ബാലചന്ദ്രന്‍ ചുള്ളിക്കാട്

ജിഎസ്ടി അറിയേണ്ടതെല്ലാം

അര്‍ധനാരീശ്വരന്‍- പെരുമാള്‍ മുരുകന്‍

പച്ചവിരല്‍- ദയാ ഭായി

ക്രിസ്ത്യാനികള്‍- ബോബി തോമസ്

Comments

comments

Categories: FK Special