എക്‌സ്‌പോയില്‍ പ്രതീക്ഷയര്‍പ്പിച്ച് തൊഴില്‍ മേഖല

എക്‌സ്‌പോയില്‍ പ്രതീക്ഷയര്‍പ്പിച്ച് തൊഴില്‍ മേഖല

മെഗാ ഇവന്റുമായി ബന്ധപ്പെട്ട നിരവധി തൊഴിലവസരങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയര്‍ന്നുവരുന്നത്

ദുബായ്: 2020 ല്‍ നടക്കാനിരിക്കുന്ന ദുബായ് വേള്‍ഡ് എക്‌സ്‌പോയില്‍ പ്രതീക്ഷയര്‍പ്പിച്ച് തൊഴില്‍ മേഖല. പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മെഗാ ഇവന്റിന് വേണ്ടി നിരവധി വേക്കന്‍സികളുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഓരോ ദിവസം പുതിയ തൊഴിലുകള്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. എക്‌സ്‌പോയുടെ അറിയിപ്പുകള്‍ കൃത്യമായി പിന്തുടരുന്നത് പുതിയ തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്ക് സഹായകമാകും. ജൂലൈയിലും ഓഗസ്റ്റിലും മാത്രം വിവിധ തസ്തികകളില്‍ നിരവധി തൊഴിലവസരങ്ങളാണ് പ്രസിദ്ധീകരിച്ചത്.

ഡ്രൈവര്‍ മുതല്‍ കാംപെയ്ന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വരെയും പെന്‍ഷന്‍സ് ഓഫീസര്‍ മുതല്‍ വൈസ് പ്രസിഡന്റ് വരെയുമുള്ള തസ്തികകളിലേക്ക് അധികൃതര്‍ ആളെ തേടുന്നുണ്ട്. പുതിയ തൊഴിലവസരങ്ങളിലേക്ക് പഠിച്ചിറങ്ങിയ ബിരുദധാരികളെയല്ല മറിച്ച് പ്രവര്‍ത്തന പരിചയമുള്ളവരെയാണ് എക്‌സ്‌പോ അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഇതിന് മുന്‍പ് മേയിലും ജൂണിലും നിരവധി തൊഴിലവസരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍, ടെക്‌നോളജി, കൊമേഴ്‌സ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവയിലെ ഒഴിവുകള്‍ ഇതിനൊടകം പൂര്‍ത്തിയായിക്കഴിഞ്ഞു. വോള്‍ഡ് എക്‌സ്‌പോ 2020 ന് ആതിഥ്യം വഹിക്കുന്നതിലൂടെ തൊഴില്‍ മേഖലയില്‍ ഹ്രസ്വ കാല വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഏകദേശം രണ്ട് ലക്ഷം തൊഴിലവസരങ്ങളാണ് ദുബായ് എക്‌സ്‌പോയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുകയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസ് അല്‍ ഖൈമ, ഉം അല്‍ ഖുവെയ്ന്‍ എന്നിവിടങ്ങളിലെ കമ്പനികള്‍ 2,500 പുതിയ വേക്കന്‍സികളാണ് പോസ്റ്റ് ചെയ്തത്. എന്‍ജിനീയര്‍, എക്കൗണ്ടന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ മേഖലകളിലുള്ളവര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ആഗോള, പ്രാദേശിക തലങ്ങളില്‍ എണ്ണ വിലയിലെ ഇടിവ് പോലുള്ള വിവിധ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ മേഖലയിലെ കമ്പനികള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് വളരെ സൂക്ഷിച്ച് മാത്രമാണെന്ന് റോബര്‍ട്ട് ഹാഫ് യുഎഇയുടെ ഗരേത് എല്‍ മട്ടൗരി പറഞ്ഞു.

Comments

comments

Categories: Arabia