നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഡിഎക്‌സ്ബി എന്റര്‍ടെയ്ന്‍മെന്റ്

നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഡിഎക്‌സ്ബി എന്റര്‍ടെയ്ന്‍മെന്റ്

2017 ലെ രണ്ടാം പാദത്തില്‍ ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ട്‌സിന്റെ ഓപ്പറേറ്ററായ ഡിഎക്‌സ്ബിയുടെ നഷ്ടം 286.2 മില്യണ്‍ ദിര്‍ഹമായിരുന്നു

ദുബായ്: രണ്ടാം പാദത്തില്‍ ഡിഎക്‌സ്ബി എന്റര്‍ടെയ്ന്‍മെന്റിന്റെ നഷ്ടം ആറ് മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പുതിയ ബിസിനസ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യേണ്ട അവസ്ഥയിലാണ് കമ്പനി. ജൂണില്‍ അവസാനിച്ച 2017 ലെ രണ്ടാം പാദത്തില്‍ ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ട്‌സിന്റെ ഓപ്പറേറ്ററായ ഡിഎക്‌സ്ബിയുടെ നഷ്ടം 286.2 മില്യണ്‍ ദിര്‍ഹമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 41.3 മില്യണ്‍ ദിര്‍ഹമാണ് ഇത്തവണ നേടിയത്. കമ്പനിയുടെ വരുമാനത്തിലും കാര്യമായ ഇടിവുണ്ടായി. 119.6 മില്യണ്‍ ദിര്‍ഹമാണ് രണ്ടാം പാദത്തില്‍ സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കമ്പനിയുടെ വരുമാനം 159.9 മില്യണ്‍ ദിര്‍ഹമായിരുന്നു.

ആസ്തികള്‍ മികച്ച രീതിയില്‍ നിയന്ത്രിക്കുന്നതിനായി മൂന്ന് പുതിയ ബിസിനസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ ഡിഎക്‌സ്ബി തീരുമാനിച്ചതായി കമ്പനി പറഞ്ഞു. തീം പാര്‍ക്കുകളേയും ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്ററുകളേയും റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി മേഖലകളേയും പുതിയ വിഭാഗങ്ങളാക്കി ഇവയ്ക്ക് പുതിയ മേധാവികളെ കൊണ്ടുവരും. ഡിഎക്‌സ്ബിയുടെ ചീഫ് എക്‌സിക്യൂട്ടീവിന്റെ കീഴിലായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. പ്രവര്‍ത്തന മികവ് തെളിയിച്ച ആഭ്യന്തര ഇന്‍ഡസ്ട്രി സ്‌പെഷലിസ്റ്റുകളെ ആയിരിക്കും ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയെന്നും കമ്പനി പറഞ്ഞു.

കമ്പനിയുടെ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടാണ് മൂന്ന് ഓപ്പറേറ്റിംഗ് ബിസിനസ് യൂണിറ്റുകളായി തിരിച്ച് ഡിഎക്‌സിബിയെ പുനര്‍രൂപീകരിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മൊഹമ്മെദ് അല്‍മുല്ല. പുതിയ ഘടനയും കമ്പനിയിലേക്ക് വരുന്ന ഇന്‍ഡസ്ട്രിയല്‍ സ്‌പെഷലിസ്റ്റുകളും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, സൗദി അറേബ്യ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചുകൊണ്ട് ദുബായ് തീം പാര്‍ക്കുകളെ ശക്തമാക്കുമെന്നാണ് ഈ വര്‍ഷം ആദ്യം ഡിഎക്‌സ്ബി പറഞ്ഞത്.

വരുന്ന പാദങ്ങളില്‍ പാര്‍ക്കുകളെ മികച്ചതാക്കി അതിലൂടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ടിക്കറ്റ് ഘടനയില്‍ മാറ്റം വരുത്താനാണ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനി ആലോചിക്കുന്നത്.

അടുത്ത പാദങ്ങളില്‍ ടിക്കറ്റ് ഘടന കൂടുതല്‍ ലളിതമാക്കി കൂടുതല്‍ സന്ദര്‍ശകരെ പാര്‍ക്കുകളിലേക്ക് എത്തിക്കുമെന്ന് അല്‍മുല്ല പറഞ്ഞു. വേനല്‍ ശക്തമായ സാഹചര്യത്തില്‍ മൂന്നാം പാദത്തിലും സന്ദര്‍ശകരുടെ എണ്ണം കുറവായിരിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. എന്നാല്‍ അവസാനത്തെ മൂന്ന് മാസത്തില്‍ മികച്ച വളര്‍ച്ച കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഡിഎക്‌സ്ബി.

Comments

comments

Categories: Arabia