ദുബായുടെ എണ്ണ ഇതര മേഖലയുടെ വളര്‍ച്ചയില്‍ നേരിയ ഇടിവ്

ദുബായുടെ എണ്ണ ഇതര മേഖലയുടെ വളര്‍ച്ചയില്‍ നേരിയ ഇടിവ്

ഇക്കോണമി ട്രാക്കര്‍ ഇന്‍ഡക്‌സ് അനുസരിച്ച് ജൂണിലെ 56.5 ല്‍ നിന്ന് ജൂലൈയില്‍ 56.3 ആയിട്ടാണ് എണ്ണ ഇതര മേഖലയുടെ വളര്‍ച്ച താഴ്ന്നത്. തൊഴില്‍മേഖലയിലുണ്ടായ സ്തംഭനാവസ്ഥയാണ് തകര്‍ച്ചയ്ക്ക് കാരണമായത്

ദുബായ്: ജൂലൈയിലെ ദുബായുടെ എണ്ണ ഇതര സ്വകാര്യ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നേരിയ ഇടിവുണ്ടായതായി എമിറേറ്റ്‌സ് എന്‍ബിഡി ദുബായ് ഇക്കോണമി ട്രാക്കര്‍ ഇന്‍ഡക്‌സ്. തൊഴില്‍ മേഖലയിലുണ്ടായ സ്തംഭനാവസ്ഥയാണ് തകര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍ വളര്‍ച്ചാഗതി ഇപ്പോഴും ശക്തമായ നിലയിലാണെന്നും ഇന്‍ഡക്‌സ് വിലയിരുത്തി.

ജൂണിലെ 56.5 ല്‍ നിന്ന് ജൂലൈയില്‍ 56.3 ആയിട്ടാണ് എണ്ണ ഇതര മേഖല താഴ്ന്നത്. 50ല്‍ താഴെയാണ് റീഡിംഗ് കാണിക്കുന്നതെങ്കില്‍ എണ്ണ ഇതര മേഖല തകര്‍ച്ചയിലാണെന്നും 50 ന് മുകളിലാണെങ്കില്‍ വികസിക്കുകയാണെന്നുമാണ് വിലയിരുത്തുന്നത്. ജൂലൈയിലും എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ശക്തമായി തുടരുന്നതായാണ് ഇന്‍ഡക്‌സില്‍ വ്യക്തമാകുന്നത്. പ്രധാനമായും വാണിജ്യ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ വില്‍പ്പന വിലയില്‍ ഇടിവുണ്ടായതാണ് കമ്പനികളുടെ മാര്‍ജിനില്‍ ഞെരുക്കമുണ്ടാക്കിയതെന്ന് എമിറേറ്റ്‌സ് എന്‍ബിഡിയുടെ മിഡില്‍ ഈസ്റ്റ് ആന്‍ നോര്‍ത്ത് ആഫ്രിക്കന്‍ റിസര്‍ച്ച് മേധാവി ഖാദിജ ഹാഖ്യു പറഞ്ഞു. തൊഴില്‍ വളര്‍ച്ചയിലും ഇടിവ് തുടരുകയാണ്.

ഹോള്‍സെയില്‍ റീട്ടെയ്ല്‍ വ്യവസായങ്ങളുടെ ഇന്‍ഡക്‌സ് 57.9 ല്‍ എത്തിയതാണ് കഴിഞ്ഞ മാസത്തെ എണ്ണ ഇതര സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്ക് ശക്തിപകര്‍ന്നത്. ട്രാവല്‍ ആന്‍ഡ് ടൂറിസം 56.3, നിര്‍മാണം 54.8 എന്നീ നിലകളിലായിരുന്നു. ഉല്‍പ്പാദനത്തില്‍ മുന്‍ മാസത്തില്‍ ചെറിയ ഇടിവുണ്ടായെങ്കിലും ഇത്തവണ ശക്തമായ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടതും സാമ്പത്തിക സാഹചര്യം കൂടുതല്‍ അനുകൂലമായതുമാണ് ഇതിന് കാരണമായത്.

പ്രചരണ പ്രവര്‍ത്തനങ്ങളും ആവശ്യകതയും വര്‍ധിച്ചതിന്റെ ഫലമായി പുതിയ ബിസിനസുകളുടെ വളര്‍ച്ച ഏറ്റവും ശക്തമായ നിലയിലാണ്.

എന്നാല്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ ഇപ്പോഴും ഇടിവ് തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി വ്യവസായങ്ങള്‍ മെച്ചപ്പെട്ടെങ്കിലും താഴില്‍ മേഖലയിലെ പ്രതിസന്ധി തുടരുകയാണ്.

എണ്ണ വില ഇടിഞ്ഞതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ നിന്ന് പ്രാദേശിക സമ്പദ് വ്യവസ്ഥ പുറത്തുകടക്കുന്നു എന്നതിന്റെ സൂചനയാണ് ജൂലൈയിലെ പ്രകടനത്തിലൂടെ വ്യക്തമാകുന്നതെന്നും അഭിപ്രായമുണ്ട്. ദുബായ് എക്‌സ്‌പോയുടെ ഭാഗമായി അടിസ്ഥാനസൗകര്യവികസന പദ്ധതികളിലേക്കുള്ള നിക്ഷേപം വര്‍ധിച്ചതും ആഗോള വ്യാപാരവും വിനോദസഞ്ചാരവും മെച്ചപ്പെട്ടതുമാണ് എണ്ണ വിലയില്‍ ഇടിവുണ്ടായപ്പോഴും യുഎഇയുടെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയെ ശക്തമായി നിലനിര്‍ത്തിയത്.

Comments

comments

Categories: Arabia