ഗൂഗിളിന്റേത് ശരിയായ നടപടി

ഗൂഗിളിന്റേത് ശരിയായ നടപടി

സ്ത്രീ വിരുദ്ധ മെമോ പുറത്തിറക്കിയ എന്‍ജിനീയറെ പുറത്താക്കിയ ടെക് ഭീമന്‍ ഗൂഗിളിന്റെ നടപടി മാതൃകാപരമാണ്. ഗൂഗിളിനെപോലെ തുറന്ന സമീപനമുള്ള സ്ഥാപനങ്ങളില്‍ ഇത്തരം ചിന്ത വെച്ചുപുലര്‍ത്തുന്ന ജീവനക്കാര്‍ പാടില്ല

സമൂഹത്തില്‍ മാറ്റം വരുത്തുന്ന അവിടെ സ്വാധീനം ചെലുത്തുന്ന ശക്തികളായിരിക്കും ചിലത്. അത് ചിലപ്പോള്‍ വ്യക്തികളാകാം, അല്ലെങ്കില്‍ സ്ഥാപനങ്ങളാകാം. ഗൂഗിളും ഫേസ്ബുക്കുമെല്ലാം ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ സാഹചര്യത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. മനുഷ്യന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന് നിര്‍വചിച്ച സംരംഭങ്ങളാണവ. അതുകൊണ്ടുതന്നെ വളരെ വലിയ ഉത്തരവാദിത്തവും അവരില്‍ നിക്ഷിപ്തമായിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ലിംഗസമത്വത്തിനെതിരെയുള്ള ഗൂഗിള്‍ മുന്‍ എന്‍ജിനീയറുടെ പ്രസ്താവനയും അദ്ദേഹത്തെ കമ്പനി പുറത്താക്കിയതും ചര്‍ച്ചയാകുന്നത്. പരമ്പരാഗതമായി പല വിഷയങ്ങളിലും നമ്മള്‍ സ്വീകരിച്ചുപോന്ന പിന്തിരിപ്പന്‍ സമീപനങ്ങളുടെ ഭാഗമാണ് ഇന്ന് നിലനില്‍ക്കുന്ന സ്ത്രീ-പുരുഷ അസമത്വം. അത് സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ അടിയുറച്ചുപോയിട്ടുണ്ട്. പൊളിച്ചെഴുത്ത് അനിവാര്യമാണെങ്കിലും മാതൃക കാണിക്കാന്‍ ധൈര്യപ്പെടുന്നവര്‍ ചുരുക്കമാണ്. ഈ പരമ്പരാഗത, ലിംഗ അസമത്വ ചിന്തയ്‌ക്കെതിരെ തുറന്ന നിലപാട് സ്വീകരിച്ച കമ്പനിയായിരുന്നു ഗൂഗിള്‍. ലോകത്തെ മുഴുവന്‍ സ്വാധീനിക്കാന്‍ ഗൂഗിളിനോളം ശേഷിയുള്ള ഒരു കമ്പനി ഇന്ന് ചുരുക്കം. അപ്പോള്‍ അതിനനുസൃതമായ ചിന്താപദ്ധതികളും ആ സംരംഭം വെച്ചുപുലര്‍ത്തണം. ലിംഗസമത്വം തന്നെയാണ് ഗൂഗിള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചിരുന്ന നിലപാട്. സ്ത്രീയും പുരുഷനും തുല്യരാണെന്നും യാതൊരുവിധത്തിലുള്ള വിവേചനവും കമ്പനിയില്‍ അവര്‍ക്കെതിരെ നിലനില്‍ക്കുന്നില്ലെന്നുമാണ് ഗൂഗിളിന്റെ നിലപാട്. സംരംഭകത്വത്തോടൊപ്പം ഒരു സംസ്‌കാരം കൂടിയാണ് അവര്‍ പ്രചരിപ്പിച്ചത്. അപ്പോള്‍, കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്ന എന്‍ജിനീയര്‍ ഗൂഗിളില്‍ തുടരുന്നത് വൈരുദ്ധ്യമാകും.

ഐടി രംഗത്തെ ലിംഗവിവേചനത്തിന് സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയിംസ് ഡാമോര്‍ എന്ന ഗൂഗിള്‍ എന്‍ജിനീയര്‍ മെമോ ഇറക്കിയത്. ഐടി മേഖല സ്ത്രീകള്‍ക്ക് പറ്റിയതല്ലെന്ന രീതിയിലായിരുന്നു ജെയിംസ് ഡാമോറിന്റെ നിലപാടുകള്‍. സ്ത്രീകളുടെയും പുരുഷന്മാരുടെയും കഴിവുകളും അവര്‍ക്ക് നല്‍കുന്ന മുന്‍ഗണനകളും മാനസിക, ശാരീരിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഐടി രംഗത്ത് സ്ത്രീ സാന്നിധ്യം കുറവാകുന്നതിന്റെ കാരണം ഇതാണെന്നുമാണ് ഡാമോറിന്റെ കുറിപ്പില്‍ പറയുന്നത്.

ലിംഗവിവേചനം എന്ന തരത്തില്‍ ഈ സാഹചര്യത്തെ വ്യാഖ്യാനിക്കുന്നത് നിര്‍ത്തണമെന്നും അയാള്‍ പറഞ്ഞു. സ്ത്രീകള്‍ സാമൂഹ്യ രംഗത്തോ കലാരംഗത്തോ പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന ഉപദേശവും നല്‍കി. 3,300 വാക്കുകളില്‍ എഴുതിയ മെമോ ലോകത്താകമാനം ചര്‍ച്ചയായി. എന്നാല്‍ ഗൂഗിളിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഡാമോറിന്റെ അഭിപ്രായമെന്ന് പറഞ്ഞാണ് സിഇഒ സുന്ദര്‍ പിച്ചെ അദ്ദേഹത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. കമ്പനിയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പൂര്‍ണ അവകാശമുണ്ടെന്നും എന്നാല്‍ ആധുനികതയ്ക്ക് നിരക്കാത്ത ഇത്തരം അഭിപ്രായങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നുമാണ് ഗൂഗിള്‍ മാനേജ്‌മെന്റിന്റെ നിലപാട്.

ഗൂഗിളിനെപ്പോലെ തുറന്ന ആവാസവ്യവസ്ഥയുള്ള ഒരു കമ്പനിയിലിരുന്ന് ഈ ജോലി സ്ത്രീകള്‍ക്ക് ചേരുന്നതല്ലെന്ന് പറയാനുള്ള ധൈര്യം ആ എന്‍ജിനീയര്‍ക്ക് നല്‍കിയത് സമൂഹത്തിന്റെ അപക്വത തന്നെയാണ്. സ്ത്രീയുടെ ജോലി വീടുകളില്‍ ഒതുങ്ങിയുള്ളതും സാഹസികമോ ബൗദ്ധികമോ ആയ ഉയര്‍ന്ന നിലവാരം പുലര്‍ത്താത്തതുമാകണമെന്ന് ശഠിക്കുന്ന പുരുഷമേധാവിത്വ ചിന്താഗതിയാണത്. ഇതിനെ പൊളിച്ചടുക്കാനാണ് ഗൂഗിളിനെപ്പോലുള്ള സംരംഭങ്ങള്‍ ശ്രമിക്കുന്നത്. മറ്റേതെങ്കിലും ഒരു കോര്‍പ്പറേറ്റ് കമ്പനിയിലാണെങ്കില്‍ ഒരു പക്ഷേ ഈ എന്‍ജിനീയര്‍ പുറത്താക്കപ്പെടില്ലായിരുന്നു. മനുഷ്യന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന ഉറച്ച സന്ദേശമാണ് ഗൂഗിള്‍ ഇതിലൂടെ നല്‍കിയത്.

Comments

comments

Categories: Editorial, Slider