യുബറിനെയും ഒലയെയും മുട്ടുകുത്തിക്കാന്‍ ബ്രോ ക്യാബ്‌സ്!

യുബറിനെയും ഒലയെയും മുട്ടുകുത്തിക്കാന്‍ ബ്രോ ക്യാബ്‌സ്!

ആപ്പ് അധിഷ്ഠിത ടാക്‌സി ഭീമന്‍മാരെ മുട്ടുകുത്തിക്കാന്‍ ഒരു തദ്ദേശീയ സംരംഭക മാതൃകയുമായി രംഗത്തെത്തുകയാണ് ബ്രോ ക്യാബ്‌സ്. സര്‍ജ് പ്രൈസുകളില്ലാതെ ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഉപയോഗപ്രദമായ ബിസിനസ് മോഡലാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. സംരംഭകത്വത്തിന്റെ പുതു രീതികളില്‍ ക്രിയാത്മകമായ ഇടപെടലായി വേണം ഇതിനെ കാണാന്‍. ഒപ്പം വിപണി പിടിക്കാന്‍ നടത്തുന്ന ആരംഭത്തിലെ പ്രലോഭനങ്ങള്‍ എപ്പോഴും വിജയിക്കില്ലെന്ന മുന്നറിയിപ്പു കൂടിയാണിത്

ആപ്പ് അധിഷ്ഠിത ടാക്‌സി എന്നത് ലോകത്തെ ഗതാഗത രംഗത്ത് വന്ന വിപ്ലവാത്മകമായ മുന്നേറ്റങ്ങളില്‍ ഒന്നുതന്നെയായിരുന്നു. യുബറിലൂടെയാണ് ഉപഭോക്തൃ സൗഹൃദമെന്ന് ഖ്യാതി നേടിയ ഈ രംഗത്തിന്റെ പിറവി. യുഎസിലും ഇന്ത്യയിലും ചൈനയിലുമെല്ലാം ആപ്പ് അധിഷ്ഠിത ടാക്‌സി രംഗം ജനകീയമായി. ഉപഭോക്താവിന് അവന്റെ സൗകര്യത്തിന് അനുസരിച്ച് എളുപ്പത്തില്‍, ചെലവ് കുറഞ്ഞ്, സുഖശീതളമായി സുരക്ഷിത യാത്ര. അങ്ങനെ സംഭവം ക്ലിക്കായി.

ട്രവിസ് കലനിക്ക് എന്ന സംരംഭകന്റെ തലയിലുദിച്ച ആശയം വളരെ പെട്ടെന്നായിരുന്നു കുതിച്ചുചാട്ടം നടത്തിയത്. ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി അത് യുബറിനെ മാറ്റി. ജനങ്ങളും അതിന്റെ പ്രചാരകരായി മാറി. എന്നാല്‍ ഈ കമ്പനികള്‍ നിലനിന്നുപോരുന്നത് പലതരത്തില്‍ സമാഹരിക്കുന്ന നിക്ഷേപത്തിന്റെ അടിത്തറയിലായിരുന്നു. വമ്പന്‍ ഫണ്ട് സമാഹരിച്ച് യുബര്‍ കളത്തിലിറങ്ങിയപ്പോള്‍ തുടക്കത്തില്‍ സംരംഭത്തില്‍ പങ്കാളികളായ ഡ്രൈവര്‍മാര്‍ക്ക് വന്‍ ഇന്‍സെന്റീവാണ് ഓഫര്‍ ചെയ്തത്. യുബറിന്റെ മാതൃക പിന്തുടര്‍ന്ന് ഇന്ത്യയില്‍ ഒലയും പ്രവര്‍ത്തനമാരംഭിച്ചു.

ഒരു കാറെടുത്ത് ഈ ആപ്പുകളില്‍ പങ്കാളികളാകുന്ന ഡ്രൈവര്‍മാര്‍ക്ക് ചാകരയായിരുന്നു ഫലം. ആഴ്ച്ചയില്‍ 25,000 രൂപ വരെ വരുമാനം നേടുന്ന ഡ്രൈവര്‍മാരുണ്ടായിരുന്നു. സംരംഭകത്വത്തിന് പുതിയ മാനങ്ങള്‍ നല്‍കി യുബര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുവരെ ആളുകള്‍ ജോലി നിര്‍ത്തി കേരളത്തിലെത്തി യുബറും ഒലയുമെല്ലാം ഓടിക്കാന്‍ തുടങ്ങി. എന്നാല്‍ ആവശ്യത്തിന് ഡ്രൈവര്‍മാര്‍ ആയപ്പോള്‍ ഇന്‍സെന്റീവ് ഘടനയില്‍ അവര്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് ഒരു യുബര്‍ ഡ്രൈവര്‍ പറയുന്നു. പതിയെ പതിയെ വരുമാനം കുറയാന്‍ തുടങ്ങി. ഇന്ന് വണ്ടിയുടെ സിസി അടച്ചു തീര്‍ക്കാനുള്ള കാശുപോലും കഷ്ടിച്ചാണ് പല ഡ്രൈവര്‍മാര്‍ക്കും കിട്ടുന്നതെന്നും അയാള്‍ അഭിപ്രായപ്പെടുന്നു. ഗള്‍ഫ് നാടുകളില്‍ നിന്നും വന്ന് ഇവിടെ വണ്ടി ഓടിച്ചു തുടങ്ങിയ പലരും ആത്മഹത്യയുടെ വക്കില്‍ വരെയെത്തി.

ബ്രോ ക്യാബ്‌സ് എന്ന പേരില്‍ യുബറിലും ഒലയിലുമെല്ലാം ഡ്രൈവര്‍മാരായിരുന്നവര്‍ പുതിയ സംരംഭത്തിന് തുടക്കമിടുകയാണ്. മുതലാളിമാരില്ല, ഡ്രൈവര്‍മാര്‍ തന്നെ മാനേജ് ചെയ്യുന്ന ആപ്പ് അധിഷ്ഠിത സംരംഭം. കുത്തക കമ്പനികളുടെ താല്‍ക്കാലിക പ്രലോഭനങ്ങളില്ലാതെ, മറഞ്ഞിരിക്കുന്ന ചതിക്കുഴികളില്ലാതെ, കൃത്യമായ യാത്രാക്കൂലി മാത്രം നല്‍കേണ്ടുന്ന സംവിധാനമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്-ബ്രോ ക്യാബ്‌സിന്റെ അണിയറക്കാര്‍ പറയുന്നു

ഇതിനിടെയാണ് യുബറിന്റെ പ്രതിസന്ധിയും ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കമ്പനി തന്നെ വിറ്റതും ട്രവിസ് കലനിക്കിന്റെ രാജിയുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ സാധാരണക്കാരായ യുബര്‍ ഡ്രൈവര്‍മാര്‍ക്ക് ഇതൊന്നുമായിരുന്നില്ല പ്രശ്‌നം, അവരുടെ ജീവിതമായിരുന്നു. സര്‍ജ് പ്രൈസും മറ്റുമായി ആപ്പ് അധിഷ്ഠിത ടാക്‌സികള്‍ നിരക്ക് കൂട്ടിയപ്പോള്‍ യാത്രക്കാര്‍ക്കും മുഷിച്ചില്‍ തുടങ്ങി. അങ്ങനെയാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (ഒഡിടിയു) എന്ന സംഘടന കേരളത്തില്‍ രൂപം കൊള്ളുന്നത്. നിലനില്‍പ്പിനായുള്ള പോരാട്ടത്തിനായിരുന്നു അതെന്ന് യുബര്‍ ഡ്രൈവര്‍ സൗജല്‍ പറയുന്നു. 30 ശതമാനത്തോളമാണ് ഇപ്പോള്‍ കമ്പനികള്‍ എടുക്കുന്ന കമ്മീഷന്‍.

പോരാട്ടത്തിന്റെ പുതുവഴി

പരിഹാരം സംരംഭകത്വം തന്നെയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു മുന്നേറ്റം. ബ്രോ ക്യാബ്‌സ് എന്ന പേരില്‍ യുബറിലും ഒലയിലുമെല്ലാം ഡ്രൈവര്‍മാരായിരുന്നവര്‍ പുതിയ സംരംഭത്തിന് തുടക്കമിടുകയാണ്. മുതലാളിമാരില്ല, ഡ്രൈവര്‍മാര്‍ തന്നെ മാനേജ് ചെയ്യുന്ന ആപ്പ് അധിഷ്ഠിത സംരംഭം. കുത്തക കമ്പനികളുടെ താല്‍ക്കാലിക പ്രലോഭനങ്ങളില്ലാതെ, മറഞ്ഞിരിക്കുന്ന ചതിക്കുഴികളില്ലാതെ, കൃത്യമായ യാത്രാക്കൂലി മാത്രം നല്‍കേണ്ടുന്ന സംവിധാനമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്-ബ്രോ ക്യാബ്‌സിന്റെ അണിയറക്കാര്‍ പറയുന്നു.

ജിജോ എസ്, ലിജു തോമസ്, നവാസ് പൊന്നാനി, അലക്‌സിസ് മാനുവല്‍, സുധാകരന്‍, രാജേഷ്, അബ്ദുള്‍ അസീസ്, ജലാല്‍, സനല്‍, സഹീര്‍, വിനോദ്, റെസ്‌വീര്‍, സോബിന്‍, സൗജല്‍, ജോണ്‍സണ്‍ എന്നിവരാണ് യുബറിന്റെയും ഒലയുടെയും മാതൃകയിലുള്ള ബ്രോ ക്യാബ്‌സ് സംരംഭത്തിന് തുടക്കമിടുന്ന സുഹൃത്തുക്കള്‍.

തീര്‍ത്തും തദ്ദേശീയമായ ഈ ക്യാബ് സര്‍വീസ് കിലോമീറ്ററിന് അഞ്ച് രൂപ നിരക്കിലാണ് ചാര്‍ജ് ഈടാക്കുകയെന്നതാണ് ശ്രദ്ധേയം. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഇത് ഉപഭോക്താവിന് ആകര്‍ഷണീയമാകും. ഇതിനോടകം തന്നെ നാന്നൂറോളം കാറുകള്‍ ബ്രോ ക്യാബ്‌സില്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഉപഭോക്താവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വണ്ടി ബുക്ക് ചെയ്താല്‍ സമീപത്തുള്ള ഡ്രൈവര്‍മാര്‍ക്കെല്ലാം ഒരുമിച്ച് കോള്‍ വരും. ആദ്യം എടുക്കുന്നവര്‍ക്ക് ട്രിപ്പ് ലഭിക്കും-ഇത്തരത്തിലാണ് ക്രമീകരണം.

ചിങ്ങം ഒന്നിനാണ് ബ്രോ ക്യാബ്‌സ് നിരത്തിലിറങ്ങുന്നത്. ജനകീയമായിക്കൊണ്ടിരിക്കുന്ന ആപ്പ് അധിഷ്ഠിത ടാക്‌സി സേവനരംഗത്ത് തദ്ദേശീയമായ പുതു സംരംഭക മാതൃക സൃഷ്ടിക്കാന്‍ ബ്രോ ക്യാബ്‌സിന് കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം. വിജയമായാലും പരാജയമായാലും തീര്‍ച്ചയായും ഇതൊരു ക്രിയാത്മക ഇടപെടലാണ്. അതില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല.

Comments

comments

Categories: FK Special, Slider