അവസാനിപ്പിക്കേണ്ട ചില അപഭ്രംശങ്ങള്‍

അവസാനിപ്പിക്കേണ്ട ചില അപഭ്രംശങ്ങള്‍

നല്ല ഉദ്ദേശത്തില്‍ കൊണ്ടുവന്ന പല നിയമങ്ങളും വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നു. ഏതാണ്ട് സത്യന്‍ അന്തിക്കാടിന്റെ ‘വരവേല്‍പ്പ്’ സിനിമ പറഞ്ഞ കഥ മാതിരി ഒരു ദുഃസ്ഥിതി അങ്ങനെ സംജാതമാകുന്നു. ഒടുവില്‍ സംരംഭകര്‍ അഥവാ നിക്ഷേപകര്‍ നാട്ടില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നതു വരെ എത്തുന്നു കാര്യങ്ങള്‍ 

നിക്ഷേപ, തൊഴില്‍ സൗഹൃദ സംസ്ഥാനമാകണം കേരളം എന്നത് എല്ലാ മലയാളികളുടെയും ഭരണകൂടത്തിന്റേയും വലിയ സ്വപ്‌നമാണ്. നിക്ഷേപ,തൊഴില്‍ സാധ്യതകളാണ് സര്‍ക്കാരിന്റെ പശ്ചാത്തല വികസന പരിപാടികള്‍, സാമൂഹ്യമേഖലയിലെ നിക്ഷേപം എന്നിവയുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചക്ക് നിക്ഷേപ നിരക്ക് ഉയര്‍ത്തേണ്ടതും തൊഴിലില്ലായ്മ നിരക്ക് കുറയ്‌ക്കേണ്ടതും അത്യാവശ്യം. ഇതാണ് സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ നിക്ഷേപ, തൊഴില്‍ വ്യവസ്ഥ മെച്ചപ്പെടുത്താന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇന്ന് പരസ്പരം മത്സരിക്കുന്നതും ലോകബാങ്കും ലോക ഇക്കോണമിക് ഫോറവും ഒക്കെ ശ്രദ്ധിക്കുന്ന ബിസിനസ് ചെയ്യാനുള്ള എളുപ്പം (Esay of doing business) ഒരു വലിയ സാമ്പത്തിക അവസര പുരോഗതി ഘടകമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നതും.

ഇങ്ങനെയൊക്കെ കാര്യങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ആലപ്പുഴയിലെ നോക്കുകൂലിക്കെതിരെയുള്ള സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ തന്നെ പ്രതിഷേധവും പാലക്കാട് തൃത്താലയിലെ ആയുര്‍വേദ ചികിത്സാലയത്തിനു നേര്‍ക്കുള്ള പ്രാദേശിക എതിര്‍പ്പ് വളരെ ഉന്നതതലത്തില്‍ ശ്രദ്ധിക്കപ്പെട്ട് പരിഹരിക്കപ്പെടുന്നതും. ആലപ്പുഴ എസ് ഡി കോളെജിനു മുന്നിലെ റോഡില്‍ ഇന്റര്‍ലോക്കിംഗ് ടൈല്‍ വിന്വസിക്കുന്ന പ്രവര്‍ത്തിക്കാണ് ഒരു പ്രത്യേക യൂണിയന്‍കാര്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇത് ആലപ്പുഴയിലെ ഒരു ദുഷിച്ച സംസ്‌കാരമാണെന്നു വരെ പറഞ്ഞു. പണി ഉടന്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിച്ചു.

തൊഴിലും സാമ്പത്തിക അവസരവും സൃഷ്ടിക്കാനുതകുന്ന  സംരംഭങ്ങളെ തകര്‍ക്കുന്ന പല നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും ഒരു സമഗ്രമായ കാഴ്ചപ്പാടുമില്ലാത്ത ചില പ്രാദേശിക പ്രവര്‍ത്തകരുടെ സൃഷ്ടികളാണ്. ആലപ്പുഴയോ തൃത്താലയോ കടന്ന് വലിയ ലോകത്ത് വളരുന്ന ഭിന്നങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഒട്ടും കണ്ടിട്ടില്ലാത്ത ഇത്തരം ചെറുകിട പ്രവര്‍ത്തകര്‍ തടസപ്പെടുത്തുന്നത് പ്രദേശങ്ങളുടെയാകെ വികസന സാധ്യതകളെയാണ് 

അദ്ദേഹത്തിന്റെ കടുത്ത നിലപാടും മാധ്യമ പ്രതികരണവും ഫലം കണ്ടു എന്നുവേണം കരുതാന്‍. നോട്ടക്കൂലി ചോദിച്ച യൂണിയന്‍കാര്‍ പിന്‍വലിയുകയും പണി പുനരാരംഭിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. അതു നല്ല കാര്യം. പാലക്കാട് തൃത്താലയിലെ യുവ വ്യവസായിയുടെ കാര്യമാണ് ഇതിലും കഷ്ടം. നൂറു കോടിയുടെ പുതിയ വികസന പദ്ധതിയില്‍ അദ്ദേഹം പദ്ധതി പ്രദേശത്തിനു പുറത്ത് പൊതുമരാമത്ത് വക സ്ഥലത്ത് അല്‍പ്പം സൗന്ദര്യവല്‍ക്കരണം നടത്തിയെന്നതു മാത്രമാണാരോപണം. നാലു തണല്‍മരം നട്ടു; ഒരിത്തിരി പുല്‍ത്തകിടിയും! ഒരു രാഷ്ട്രീയ പാര്‍ട്ടി അതു വലിയ പ്രശ്‌നമാക്കി. കയ്യേറി കൊടിയൊക്കെ നാട്ടി പദ്ധതിക്കെതിരെ സമരകാഹളവുമുയര്‍ത്തി. ഇവിടെയും പ്രത്യക്ഷത്തില്‍ കയ്യേറ്റ വിരോധമൊക്കെയാണ് പ്രതിപാദ്യവിഷയമെങ്കിലും പുറത്തുപറയാത്ത ചില പരിഗണനകള്‍ കൂടി ഉണ്ടെന്നു പറയപ്പെടുന്നു. അതെന്തുമാകട്ടെ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് പ്രശ്‌നം ഇപ്പോള്‍ പരിഹരിക്കുകയാണ്. ഭരണകൂടം ഇച്ഛാശക്തിയോടെ ഇടപെട്ടെന്ന് കരുതാം.

ദൃശ്യമാധ്യമങ്ങളും വ്യവസായിയുടെ വലിയ പ്രയാസം ഉയര്‍ത്തിക്കാട്ടിയിരിക്കുന്നു. ഇനി പദ്ധതി സുഗമമായി മുന്നോട്ടുപോകുമെന്ന് കരുതാം.ഇതിലൊക്കെ കാണാന്‍ കഴിയുന്ന ഒരു പ്രത്യേകത കേരളത്തിലെ സവിശേഷമായ ഒരു പദ്ധതി പ്രതിസന്ധിയാണ്. പൊതു മുതല്‍ അഥവാ സ്വകാര്യ മുതല്‍മുടക്കിന്റെ ഓരം പറ്റിക്കഴിയുന്ന പണം തട്ടിച്ചെടുക്കുന്ന ഒരു നല്ല വിഭാഗം. നോട്ടക്കൂലിയുടെ പലതരം അവതരണങ്ങള്‍ തന്നെയാണ് ഇവയൊക്കെ. ഓരോ പ്രദേശത്തും ഇത്തരം ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചിലയിടത്ത് ട്രേഡ് യൂണിയനുകളാണ്, ചിലയിടത്ത് മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരും. ഏതായാലും പണം തട്ടുകയെന്നതു തന്നെയാണ് ലക്ഷ്യം. മുതല്‍മുടക്കൊന്നുമില്ലാത്ത ഒരു നല്ല വ്യവസായമാണത്. സംഘടന എന്ന പേരില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പ്രാദേശികമായി ചിലരെടുക്കുന്ന വേറിട്ടൊരു തീരുമാനമാണ്.  പൊലീസിനെയടക്കം പ്രതിരോധത്തിലാക്കുന്ന തൊഴില്‍ത്തര്‍ക്കങ്ങളായി ഇതിനെയൊക്കെ അവതരിപ്പിക്കാന്‍ അവര്‍ക്കു നല്ല മാധ്യമപൊതു മിടുക്കുണ്ട്. ഇത്തരം പരിപാടികള്‍ക്ക് തൊഴില്‍ നിയമങ്ങളുടെ ചില സംരക്ഷണവും കിട്ടും.

നല്ല ഉദ്ദേശത്തില്‍ കൊണ്ടുവന്ന പല നിയമങ്ങളും ഇങ്ങനെ വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നു. ഏതാണ്ട് സത്യന്‍ അന്തിക്കാടിന്റെ ‘വരവേല്‍പ്പ്’ സിനിമ പറഞ്ഞ കഥ മാതിരി ഒരു ദുഃസ്ഥിതി അങ്ങനെ സംജാതമാകുന്നു. ഒടുവില്‍ സംരംഭകര്‍ അഥവാ നിക്ഷേപകര്‍ നാട്ടില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നതു വരെ എത്തുന്നു കാര്യങ്ങള്‍. ഇങ്ങനെയൊരു സ്ഥിതി ഇന്നു കലഹിക്കുന്ന യൂണിയനുകള്‍ എല്ലാം ചേര്‍ന്ന് പത്തുമുപ്പതു വര്‍ഷം കൊണ്ട് കേരളത്തില്‍ വ്യാപകമായി സൃഷ്ടിച്ചെടുത്തു എന്നതാണ് സത്യം. ഇതിന്റെ വലിയ വിലയാണ് കേരളം ഇന്നും നല്‍കിക്കൊണ്ടിരിക്കുന്ന ഉന്നത അഭ്യസ്തവിദ്യരുടെ തലച്ചോര്‍ നഷ്ടം. പ്രൊഫഷണല്‍ കലാലയങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇടക്കാലത്ത് ഒട്ടും താല്‍പ്പര്യപ്പെടാതെയായി. ഏറെ നിക്ഷേപവും മുന്നേറ്റവും നഷ്ടമായപ്പോള്‍ കേരളത്തിന്റെ ഉന്നത അഭ്യസ്തവിദ്യരാകെ ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, സിലിക്കണ്‍വാലി പ്രസ്ഥാനങ്ങളിലേക്ക് കളം മാറി.

പ്രവാസം ഒരു സാധാരണ മലയാളി ജീവിതാനുഭവമായി മാറുന്ന ഘട്ടത്തിലാണ് നിക്ഷേപ സംരംഭകത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനം വലിയ താല്‍പ്പര്യം കാട്ടിത്തുടങ്ങിയത്. കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലെജും അനുബന്ധ പ്രവര്‍ത്തനങ്ങളും ഇതിനൊരു വലിയ മുന്നേറ്റം നല്‍കാന്‍ സഹായിച്ചു. എന്‍ജിനീയറിംഗ്; ഇതര സാങ്കേതിക വിദ്യാ കോളെജുകളും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും മുന്‍കൈയെടുത്ത് നിക്ഷേപ സംരംഭകത്വത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് ക്രഡിറ്റുകള്‍ നല്‍കാന്‍ സര്‍വകലാശാലാ വിസിമാരുടെ യോഗത്തില്‍ തീരുമാനമായി. മറ്റെല്ലാ സര്‍വകലാശാലകള്‍ക്കും സംരംഭകത്വ ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കാന്‍ ഓരോ കോടി രൂപ നല്‍കാനൊക്കെ തീരുമാനമായിരുന്നു. അന്ന് ധൃതിയില്‍ പദ്ധതിയൊക്കെ തയാറാക്കി നല്‍കിയതായി ഓര്‍ക്കുന്നു. കാശു മാത്രം ഒടുവില്‍ കിട്ടിയില്ല. സര്‍ക്കാരിലെ ഫയല്‍ കൂമ്പാരത്തില്‍ സര്‍വകലാശാലകളുടെ അഭ്യര്‍ത്ഥനകള്‍ എവിടെയോ അപ്രത്യക്ഷമായി. ഇന്‍ക്യുബേറ്ററുകള്‍ നടപ്പായില്ല.

അതെന്തായാലും സംരംഭകത്വ പരിശീലന/വികസന പരിപാടികള്‍ ശക്തിപ്പെടുത്താനുള്ള ഒരവസരമായി വേണം ആലപ്പുഴയിലേയും തൃത്താലയിലേയും സര്‍ക്കാരിന്റെ നല്ല ഇടപെടലിനെ കണക്കാക്കാന്‍. രണ്ടിടത്തും സര്‍ഗ്ഗാത്മകമായി മന്ത്രിമാര്‍ ഇടപെട്ടു. തെറ്റായ പ്രവണതകള്‍ നിയന്ത്രിച്ചു. നോട്ടക്കൂലി തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ട ഒരു പ്രതിഭാസമാണ്. പച്ചയായ പിടിച്ചുപറിയാണത്. യാതൊരധ്വാനവും കൂടാതെ ഒരു പ്രദേശത്തെ ലേബര്‍/രാഷ്ട്രീയ കുത്തക തങ്ങള്‍ക്കുണ്ടെന്നതാണ് അതിന്റെ മാനദണ്ഡം. നല്‍കിയിട്ടില്ലാത്ത ഒരു സേവനത്തിന് അഥവാ ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് വില ഈടാക്കുന്നതുപോലെയുള്ള തട്ടിപ്പാണിത്. നിക്ഷേപ കബളിപ്പിക്കല്‍ നടത്തുന്ന ചില തട്ടിപ്പുകാരെപ്പോലെ തന്നെയാണ് ഇവരുടെ പ്രവര്‍ത്തനവും. ഇത് ഒരു ആധുനിക സമൂഹത്തില്‍ അനുവദിക്കാവുന്നതല്ല. നിയമവാഴ്ചയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുകയും ഒരു പൗരന് ജീവിക്കാനും നിയമവിധേയനായി തൊഴില്‍ ചെയ്യാനുമുള്ള അവകാശത്തെയാണ് ഇത്തരക്കാര്‍ നഗ്‌നമായി ഹനിക്കുന്നത്. തുടര്‍ച്ചയായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉന്നത നീതിപീഠങ്ങള്‍ ഇടപെടുകയും തൊഴില്‍നിക്ഷേപക പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴ എസ് ഡി കോളെജിനു മുന്നിലെ റോഡില്‍ ഇന്റര്‍ലോക്കിംഗ് ടൈല്‍ വിന്വസിക്കുന്ന പ്രവര്‍ത്തിക്കാണ് ഒരു പ്രത്യേക യൂണിയന്‍കാര്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇത് ആലപ്പുഴയിലെ ഒരു ദുഷിച്ച സംസ്‌കാരമാണെന്നു വരെ പറഞ്ഞു

തൊഴിലും സാമ്പത്തിക അവസരവും സൃഷ്ടിക്കാനുതകുന്ന ഇത്തരം സംരംഭങ്ങളെ തകര്‍ക്കുന്ന പല നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും ഒരു സമഗ്രമായ കാഴ്ചപ്പാടുമില്ലാത്ത ചില പ്രാദേശിക പ്രവര്‍ത്തകരുടെ സൃഷ്ടികളാണ്. ആലപ്പുഴയോ തൃത്താലയോ കടന്ന് വലിയ ലോകത്ത് വളരുന്ന ഭിന്നങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഒട്ടും കണ്ടിട്ടില്ലാത്ത ഇത്തരം ചെറുകിട പ്രവര്‍ത്തകര്‍ തടസപ്പെടുത്തുന്നത് പ്രദേശങ്ങളുടെയാകെ വികസന സാധ്യതകളെയാണ്. നൂറുകണക്കിന് തൊഴില്‍ സാധ്യതകളാണ് ഇങ്ങനെ പലയിടത്തും ഇല്ലാതാകുന്നത്.ആലപ്പുഴയിലും തൃത്താലയിലും പണ്ട് ഇത്തരം പ്രവര്‍ത്തനത്തെ അനുകൂലിച്ചിരുന്നവര്‍ പോലും കടുത്ത ഭാഷയില്‍ അപലപിച്ചതും തിരുത്തല്‍ നടപടിയെടുത്തതും അതിനാല്‍ തന്നെ ആശ്വാസകരമാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ കേരളം ഒരു പുതിയ ഏട് തുറക്കുന്നുവെന്നത് ആശ്വസിക്കാവുന്നതാണ്.
********

വാല്‍ക്കഷ്ണം: ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍, നല്‍കിയ പിരിവു കുറഞ്ഞുപോയതിനു (2000 രൂപ) കൊല്ലത്തെ വ്യാപാരിയെ  ഫോണില്‍ ‘ബുദ്ധിമുട്ടുണ്ടാക്കുമെന്നും,”തട്ടിക്കളയുമെന്നു’മൊക്കെ ഒരു പാര്‍ട്ടിയുടെ ഭാരവാഹി വിരട്ടുന്ന ശബ്ദരേഖ ദൃശ്യമാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയാണ്. പാര്‍ട്ടി ഭാരവാഹിയുടെ പേരില്‍ നടപടിയെടുക്കുമെന്നും പറയുന്നു. ആരും കാണുന്നതില്‍ നിന്നു പോലും ഒന്നും പഠിക്കുന്നില്ലെന്നു തോന്നുന്നു.

Comments

comments

Categories: FK Special, Slider