ദ്യൂബയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതീക്ഷ വേണോ?

ദ്യൂബയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതീക്ഷ വേണോ?

നേപ്പാള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഷേര്‍ ബഹദൂര്‍ ദ്യൂബ നടത്തുന്ന ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പ്രസക്തിയേറെയാണ്. പ്രത്യേകിച്ചും ഇന്ത്യ-ചൈന ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍

ഓഗസ്റ്റ് 23നാണ് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യൂബ ഇന്ത്യ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ദ്യൂബ നടത്തുന്ന ആദ്യ വിദേശ പര്യടനമാണിത്. അഞ്ച് ദിവസം നീളുന്ന ദ്യൂബയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് നയതന്ത്രതലത്തില്‍ വലിയ പ്രസക്തിയുണ്ട്. രണ്ട് മാസം മുമ്പ് അധികാരത്തിലേറിയ ദ്യൂബ തന്റെ ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യ തെരഞ്ഞെടുത്തത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ ഇതില്‍ നിന്നും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഫലങ്ങള്‍ ലഭിക്കുമോയെന്നതാണ് ചോദ്യം. പ്രത്യേകിച്ചും ഇന്ത്യ-ചൈന ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തന്ത്രപ്രധാനമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് ഉന്നത നേതാക്കളുമായും ദ്യൂബ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്, ഒപ്പം ബോധ് ഗയ, തിരുപ്പതി ക്ഷേത്രം തുടങ്ങിയിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് ദ്യൂബയുടെ സന്ദര്‍ശനം.

സാംസ്‌കാരികമായി ഇന്ത്യയോട് അടുത്തു നില്‍ക്കുന്ന രാജ്യമാണെങ്കിലും നേപ്പാളില്‍ അധീശത്വം നേടാന്‍ ചൈന തീവ്ര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നേപ്പാളുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പരമാവധി ശ്രമം നടത്തി അദ്ദേഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയാണ് ചെയ്തത്. അതിന് എരിവ് പകരാനും നേപ്പാളിലെ ഇന്ത്യ വിരുദ്ധ വികാരം ശക്തമാക്കാനും കമ്യൂണിസ്റ്റ് ചൈന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. ഭൂട്ടാന്‍ ഭൂമി കയ്യേറി സിക്കിം അതിര്‍ത്തിയില്‍ ചൈന പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്നുള്ള നിലവിലെ സംഘര്‍ഷാത്മക സാഹചര്യത്തില്‍ നേപ്പാളിലെ ഉന്നത നേതാക്കളുമായി ചൈനീസ് ഭരണകൂടം ഇതിനോടകം ആശയവിനിമയം നടത്തിക്കഴിഞ്ഞിട്ടുണ്ട്. കാലാപാനി മേഖലയിലെ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കാനാണ് ഇതിന്റെ പേരില്‍ ചൈനയുടെ ശ്രമം.

ഓഗസ്റ്റ് 14ന് ചൈനീസ് വൈസ് പ്രീമിയര്‍ വാംഗ് യാംഗ് നേപ്പാള്‍ സന്ദര്‍ശിക്കുന്നതും കുടിലത ലക്ഷ്യമിട്ട് തന്നെയാണ്. ഡോക്‌ലാം വിഷയത്തില്‍ നേപ്പാള്‍ ഇതുവരെ ഇന്ത്യക്കോ ചൈനയ്‌ക്കോ തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഇരു രാജ്യങ്ങളിലെയും നയതന്ത്ര വിദഗ്ധര്‍ മാറി മാറി നേപ്പാള്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടയിലും ദ്യൂബ ഈ വിഷയത്തില്‍ അഭിപ്രായമൊന്നും പറയാന്‍ സാധ്യതയില്ല.

വസ്ത്രധാരണരീതി, സംസ്‌കാരം, ഭക്ഷണം…അങ്ങനെ നിരവധി ഘടകങ്ങളില്‍ ഏറെ സമാനതകളുണ്ട് ഭാരതവും നേപ്പാളും തമ്മില്‍. ചൈനയോടല്ല ഒരിക്കലും ആ രാജ്യം അടുത്തു നില്‍ക്കേണ്ടത്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തിയാണ് അവിടെ ഇന്ത്യക്കെതിരെയുള്ള വികാരങ്ങള്‍ ശക്തമാകുന്നത്. ഇതിന് ആക്കം കൂട്ടുകയാണ് ചൈന ചെയ്യുന്നത്. അവിടത്തെ ഇന്ത്യാ വിരുദ്ധ വികാരം ശരിക്കും മുതലെടുത്ത അവര്‍ അടുത്തിടെ 32 ബോര്‍ഡര്‍ ക്രോസിംഗ് പോയ്ന്റുകളാണ് നേപ്പാളില്‍ തുറന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നു ഇത്.

ഭരണഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടുള്ള മധേശി വിഭാഗത്തിന്റെ പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ നല്‍കിയെന്നാണ് നേപ്പാളിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. പല ആവശ്യങ്ങള്‍ക്കും ഇന്ത്യയെ ആശ്രയിച്ചിരുന്ന നേപ്പാളിലെ സാമ്പത്തിക രംഗം പ്രക്ഷോഭത്തെ തുടര്‍ന്ന് സ്തംഭിച്ചിരുന്നു. ഇതോടെ ഇന്ത്യാ വിരുദ്ധ വികാരം അവിടെ കൂടുതല്‍ ശക്തമായി. തങ്ങള്‍ക്ക് ഇതില്‍ പങ്കൊന്നുമില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും നേപ്പാള്‍ അത് കണക്കിലെടുത്തില്ല. ബാക്ക് ഓഫ് ഇന്ത്യ എന്ന ഹാഷ്ടാഗ് വരെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നേപ്പാളി യുവാക്കള്‍ അതിനോട് സമരസപ്പെടുകയും ചെയ്തു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള രണ്ടു രാജ്യങ്ങളുടെയും ശ്രമത്തെ ഇത് വല്ലാതെ ബാധിച്ചു. പല കാര്യങ്ങള്‍ക്കും അവര്‍ ചൈനയെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. ചൈന അത് ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇന്ത്യ ഏത് വിധേനയും ഇതിന് തടയിട്ടേ മതിയാകൂ. നേപ്പാളിന്റെ പ്രധാന സാമ്പത്തിക, സുരക്ഷ പങ്കാളിയായി ചൈന മാറിയാല്‍ ശത്രുവിനെ ഗേറ്റിന് മുന്നില്‍ നിര്‍ത്തുന്നതിന് സമാനമായിരിക്കും കാര്യങ്ങള്‍. അതിന് ഇടവരുത്തരുത്.

Comments

comments

Categories: Editorial, Slider