കഥപറയും കപ്പല്‍ശാല

കഥപറയും കപ്പല്‍ശാല

ചരിത്രഗതിവിഗതികള്‍ നിര്‍ണയിച്ച കപ്പല്‍ശാല

പോളണ്ടിനെപ്പറ്റി നീയൊരക്ഷരം മിണ്ടരുത്… ഈ സംഭാഷണം മലയാളിയെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. സന്ദേശം എന്ന ചിത്രത്തിലെ ശ്രീനിവാസന്‍ ഡയലോഗ് ആക്ഷേപഹാസ്യത്താല്‍ കേരളത്തിന്റെ പരമ്പരാഗത രാഷ്ട്രീയ ധാരണകള്‍ക്കിട്ട് കൊടുത്ത ഒരു കിഴുക്കാണ്. ഈ ഡയലോഗിനു കാരണമായ രാഷ്ട്രീയസാഹചര്യം ശരിക്കു മനസിലാക്കിയാണോ പ്രേക്ഷകരില്‍ പലരും ചിരിച്ചതെന്ന കാര്യം ഇന്നൊരു ചോദ്യമാണ്. തൊഴിലാളി സംഘടനകള്‍ പലപ്പോഴും പരിധി വിട്ട് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേരളത്തിന്റെ പുരോഗതിക്കു തടസമെന്ന വാദങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരാറുണ്ട്. പോളണ്ടിന്റെ സ്വതന്ത്ര ട്രേഡ് യൂണിയനായ സോളിഡാരിറ്റി നടത്തിയ പ്രതിഷേധം ജനകീയപ്രക്ഷോഭമായി മാറി കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിലേക്കെത്തി. ഈ സമരത്തിന്റെ തിരുശേഷിപ്പുകള്‍ പലതും ഇന്ന് അവിടെ സ്മാരകങ്ങളാണ്. നിരവധി വിനോദസഞ്ചാരികള്‍ ഈ സ്മാരകങ്ങള്‍ കാണാനെത്തുന്നു.

ഇത്തരമൊരു കേന്ദ്രമാണ് ഡാന്‍സിഗിലെ പഴയ കപ്പല്‍ശാല. നഗരചത്വരത്തില്‍ നിന്ന് അല്‍പ്പം മാറിയാല്‍ തുരുമ്പിന്റെ നിറമുള്ള വലിയ ഓഫിസ്‌കെട്ടിടം കാണാം. യൂറോപ്യന്‍ സോളിഡാരിറ്റി സെന്റര്‍ (ഇഎസ്‌സി) ആണിത്. 2014-ലാണ് ഇത് തുറന്നു കൊടുത്തത്. ഇതിന്റെ ചുമരുകളുടെ നിറം തന്നെ ഗതകാല കപ്പല്‍ശാലയുടെ സ്മരണകളുണര്‍ത്തും. ഇതിലേക്കു തുറക്കുന്ന കൂറ്റന്‍ ഉരുക്കു ഗേറ്റിനു മുകളില്‍ ഇപ്പോഴും ഡാന്‍സിഗ് ഷിപ്‌യാര്‍ഡ് എന്ന പേര് മങ്ങാതെ, മായാതെ പ്രൗഢിയോടെ നില്‍ക്കുന്നു. യൂറോപ്പിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗേറ്റാണിത്. ഒരു കാലത്ത് റഷ്യന്‍ വിപ്ലവ നേതാവ് ലെനിന്റെ പേരിലാണ് കപ്പല്‍ശാല അറിയപ്പെട്ടിരുന്നത്. ഈ രണ്ടാം ഗേറ്റില്‍ നിന്നാണ് 1980 ഓഗസ്റ്റ് 14നു സോളിഡാരിറ്റി സ്ഥാപകന്‍ ലെ വലേസ തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധസമരം ആരംഭിച്ചത്.

ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഗേറ്റാണിതെന്ന് ഇഎസ്‌സി ഗവേഷണവിഭാഗാം ഉപമേധാവി ഡോ. ജേസെക്ക് കൊലിറ്റാന്‍ ഓര്‍ക്കുന്നു. ലെ വലേസ ഈ ഗേറ്റിനു മുമ്പില്‍ നിന്നാണ് തൊഴിലാളികളെ അഭിവാദ്യം ചെയ്തത്. സര്‍ക്കാരും സോളിഡാരിറ്റിയുമായി നടന്ന ചര്‍ച്ചകളുടെ ഫലം കാത്ത് രണ്ടാഴ്ചയോളം തൊഴിലാളികള്‍ കാത്തുകെട്ടി നിന്നതും ഇവിടെയാണ്. വേതനവര്‍ധനവ് ആവശ്യപ്പെട്ടു തുടങ്ങിയ സ്വതന്ത്ര തൊഴിലാളി പ്രക്ഷേഭം പിന്നീട് ട്രേഡ് യൂണിയനുകളുടെ സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും രാഷ്ട്രായ തടവുകാരുടെ മോചനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തമായ വേദിയായി പരിണമിക്കുകയായിരുന്നു.

രൂക്ഷമായ വിലക്കയറ്റമാണ് വേതനവര്‍ധനവെന്ന ആവശ്യമുയര്‍ത്തി തൊഴിലാളികള്‍ സംഘടിക്കാന്‍ കാരണം. ഡാന്‍സിഗിലെ ലെനിന്‍ കപ്പല്‍ശാലയില്‍ ഇലക്ട്രീഷ്യനായിരുന്ന വലേസ അന്നേവരെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കീഴില്‍ മാത്രം സംഘടിച്ചിരുന്ന തൊഴിലാളികളെ ഒരുമിച്ചു കൂട്ടി 1980 സെപ്റ്റംബറില്‍ സോളിഡാരിറ്റി സ്ഥാപിച്ചു. 1981-ല്‍ പ്രസ്ഥാനം നിരോധിക്കപ്പെട്ടു, വലേസ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. പിറ്റേ വര്‍ഷം തന്നെ വലേസ ജയില്‍മോചിതനായി. തുടര്‍ന്ന് പ്രസ്ഥാനത്തിന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കൈവരിച്ചത്. 1989-ല്‍ സോളിഡാരിറ്റിയെ നിയമവിധേയ പാര്‍ട്ടിയായി സര്‍ക്കാര്‍ അംഗീകരിച്ചു. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍വിജയം നേടി. 1990-ല്‍ വലേസ പ്രസിഡന്റായതോടെ നീണ്ട വര്‍ഷങ്ങളുടെ കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചു. യൂറോപ്യന്‍ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള സംഭവമായി ഇതിനെ വിലയിരുത്തുന്നു.

വലേസയെന്ന നേതാവിനെ ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് കൊലിറ്റാന്‍ പറയുന്നു. മികച്ചൊരു സംഘാടകനും കൗശലക്കാരനായ രാഷ്ട്രീയനേതാവുമായിരുന്ന അദ്ദേഹം പ്രക്ഷോഭകരുടെ ഇടയില്‍ സര്‍വ്വവ്യാപിയായിരുന്നു. ഒരു വിഗ്രഹം തന്നെയായിരുന്നു അദ്ദേഹം.

ഇഎസ്‌സിയുടെ അകത്തളങ്ങളില്‍ ഈ ചരിത്രം ഇപ്പോഴും അലയടിക്കുന്നു. രണ്ടുനിലകളിലായി സോളിഡാരിറ്റിയുടെ ചരിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 1981-ലെ പ്രക്ഷോഭാനന്തരം പട്ടാളഭരണം ഏര്‍പ്പെടുത്തിയതും കമ്യൂണിസ്റ്റ് ഭരണത്തിന്റെ സ്വാഭാവിക അന്ത്യകൂദാശയുമൊക്കെ പ്രദര്‍ശനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു

10 ദശലക്ഷം വോട്ട് നേടി ഭരണത്തിലേറാന്‍ പ്രാപ്തനാക്കിയതും ഈ വ്യക്തിത്വമാണെന്ന് കോലിറ്റാന്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചകളെല്ലാം അലസിപ്പിരിഞ്ഞതോടെ സമരം രൗദ്രഭാവം കൈവരിച്ചു. അത് അന്തിമമായി സര്‍ക്കാരിനെ വീഴ്ത്തി. ഇത്തരമൊരു പതനത്തിലേക്കു നയിച്ചതിനെപ്പറ്റി ഇപ്പോഴും ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും സര്‍ക്കാര്‍ മരണവോറന്റ് കൈപ്പറ്റിയതോടെ യൂറോപ്യന്‍ വന്‍കരയില്‍ കമ്യൂണിസ്റ്റ് ഭരണത്തിന് ഇത് അന്ത്യം കുറിക്കപ്പെടുകയായിരുന്നു. 1989-ലെ പൊതുതെരഞ്ഞെടുപ്പോടു കൂടി പോളണ്ട്, കമ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നു പൂര്‍ണമോചനം നേടി. അധികം വൈകാതെ പശ്ചിമ- പൂര്‍വ്വ ജര്‍മ്മനികളെ ഒന്നാക്കിക്കൊണ്ട് ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും സംഭവിച്ചു.

ഇഎസ്‌സിയുടെ അകത്തളങ്ങളില്‍ ഈ ചരിത്രം ഇപ്പോഴും അലയടിക്കുന്നു. രണ്ടുനിലകളിലായി സോളിഡാരിറ്റിയുടെ ചരിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 1981-ലെ പ്രക്ഷോഭാനന്തരം പട്ടാളഭരണം ഏര്‍പ്പെടുത്തിയതും കമ്യൂണിസ്റ്റ് ഭരണത്തിന്റെ സ്വാഭാവിക അന്ത്യകൂദാശയുമൊക്കെ പ്രദര്‍ശനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. സംഭവബഹുലമായ പ്രക്ഷോഭങ്ങളുടെ ചുരുള്‍ നിവര്‍ത്താന്‍ സംഭവങ്ങളുടെ വിവരണം ചുരുക്കി രേഖപ്പെടുത്തിയിട്ടുണ്ട് ഈ മ്യൂസിയത്തില്‍. സമരകാലഘട്ടത്തിന്റെ ഏടുകള്‍ ചിത്രീകരിച്ചിരിക്കുന്നു. ഭൂതകാലത്തെ ആവാഹിച്ചതു പോലെ കമ്യൂണിസ്റ്റ് ഭരണകാലത്തെ പുനര്‍നിര്‍മ്മിച്ചു വെച്ചിട്ടുമുണ്ട്. മരം കൊണ്ടുള്ള പഴയ ഗൃഹോപകരണങ്ങള്‍, വിളറിയ പ്ലാസ്റ്റിക് പൂക്കള്‍, പഴഞ്ചന്‍ ടെലിവിഷന്‍ സെറ്റ് എന്നിവ ഒരു ഹാളില്‍ നിരത്തിയിരിക്കുന്നു. ടൈലുകള്‍ വിരിച്ച, കടയുടെ ഉള്‍ഭാഗം പോലെ തോന്നിപ്പിക്കുന്ന, മുറിയില്‍ കാണുന്ന ഒഴിഞ്ഞ തട്ടുകള്‍ കലാപത്തിലേക്കു വഴിതിരിച്ച ഇല്ലായ്മകളെ ഓര്‍മ്മിപ്പിക്കുന്നു. മിലിക്ജ എന്ന പേരിലുള്ള കമ്യൂണിസ്റ്റ് ഭരണകാലത്തെ പോലീസ് ഉപയോഗിച്ചിരുന്ന പരിചകള്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെക്കുറിച്ചുള്ള ചിത്രം നല്‍കുന്നു.

ഇന്നിനെക്കുറിച്ചുള്ള ഇന്നലെകളുടെ പ്രതീക്ഷകളെന്തായിരുന്നു എന്നു കൂടി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പ്രക്ഷോഭങ്ങള്‍ ആളിക്കത്തിക്കാന്‍ തയാറാക്കിയ, സര്‍ക്കാര്‍ വിരുദ്ധ ലഘുലേഖകള്‍ അച്ചടിച്ചിരുന്ന അച്ചടിഉപകരണങ്ങള്‍, സര്‍ക്കാര്‍ അടിയറവു പറഞ്ഞ യോഗം നടന്ന ഹാളിലെ വട്ടമേശയുടെ പുനഃസൃഷ്ടി എന്നിവ ഇവിടെ വിന്യസിച്ചിരിക്കുന്നു. പ്രദര്‍ശനശാലയുടെ പുറത്തേക്കിറങ്ങുമ്പോള്‍ കാണുന്ന ചുവരിനടുത്ത് സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ ചിഹ്നമായ വെള്ളയും ചുവപ്പും അനുസ്മരിപ്പിക്കുന്ന കാര്‍ഡുകള്‍ സന്ദര്‍ശകര്‍ക്ക് സന്ദേശം രേഖപ്പെടുത്താന്‍ മാറ്റി വെക്കുകയും ചെയ്തിരിക്കുന്നു.

സ്വതന്ത്ര കമ്പോളമായി മാറിയ പോളിഷ് സമ്പദ് വ്യവസ്ഥയിലേക്ക് സ്വകാര്യമേഖല ചുവടുറപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇഎസ്‌സിയോട് ചേര്‍ന്നുള്ള കപ്പല്‍ശാലയുടെ ഭൂമി യംഗ്‌സിറ്റിക്കായി ഏറ്റെടുക്കാന്‍ പദ്ധതിയുണ്ട്. ആധുനിക ഓഫിസുകള്‍, ഷോപ്പുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവ ഇതില്‍ പണിതീര്‍ക്കും

പ്രദര്‍ശനശാലയിലൂടെ നടക്കുമ്പോള്‍ സോളിഡാരിറ്റിയുടെ ഒരു ദശകം നീണ്ട സമരകാലത്തിനു നടുവിലൂടെ നടക്കുന്ന പ്രതീതിയാണ് സന്ദര്‍ശകനില്‍ ജനിക്കുക. മോചനത്തിനായി സമരം ചെയ്തവര്‍ അനുഭവിച്ച സമ്മര്‍ദ്ദം അനുഭവിക്കാനാകും. 21-ാം നൂറ്റാണ്ടിലെ ആളുകള്‍ ജീവിതസമരത്തില്‍ ഇന്നും നേരിടുന്ന ക്ലേശങ്ങളുമായി ചരിത്രത്തെ താദാത്മ്യം ചെയ്യാനും ഇവിടത്തെ സന്ദര്‍ശനത്തിലൂടെയാകുമെന്നാണ് ഡോ. കോലിറ്റാന്‍ പറയുന്നത്. സോളിഡാരിറ്റിയുടെയും ഇതര ഭരണവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ചരിത്രമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെങ്കിലും ഇതിനെ ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെടുത്തി കാണാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

പ്രദര്‍ശനശാലയുടെ അവസാന മുറികളിലെത്തുമ്പോള്‍ മധ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസത്തിന്റെ പതനം രേഖപ്പെടുത്തിയിരിക്കുന്നതാണ് കാണാനാകുന്നത്. ഏറ്റവുമൊടുവിലത്തെ മുറിയില്‍ 20-ാം നൂറ്റാണ്ടില്‍ ലോകത്തിനു വെളിച്ചം വിതറിയ വിമോചന നായകന്മാരുടെ ചിത്രങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, ഓങ് സാന്‍ സ്യുകി, ദലൈലാമ എന്നിവരുടെ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് സോളിഡാരിറ്റിയുടെ അര്‍ത്ഥവ്യാപ്തി മനസിലാക്കിക്കൊടുക്കാനാണു അധികൃതര്‍ ശ്രമിക്കുന്നതെങ്കിലും ഇന്ന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അഹിംസാസിദ്ധാന്തത്തെക്കുറിച്ചു കൂടി അവര്‍ മനസിലാക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കോലിറ്റാന്‍ പറയുന്നു. ഇക്കാരണം കൊണ്ടാണ് മഹാത്മാഗാന്ധിയടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഇവിടെ ആലേഖനം ചെയ്തിരിക്കുന്നത്.

പ്രദര്‍ശനശാലയുടെ അകത്തളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ചെടികള്‍ നട്ടു മനോഹരമാക്കിയ ഇറയത്ത് ഒരു കഫേയും ഗിഫ്റ്റ് ഷോപ്പും കാണുമ്പോള്‍ നാം വിചാരിക്കും ഇവിടെ മുമ്പൊരു കപ്പല്‍ശാല പ്രവര്‍ത്തിച്ചിരുന്നേയില്ലെന്ന്. അത്രയ്ക്ക് ശാന്തമായ അന്തരീക്ഷമാണിവിടെ. എന്നാല്‍ ഇതിനടുത്തു തന്നെ പുതിയ ഷിപ്‌യാര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്, പഴയതിന്റെ ഒരു നിഴലെന്ന പോലെ. കമ്യൂണിസ്റ്റ് ഭരണത്തെ തള്ളിത്താഴെയിട്ടതിനു ശേഷം വന്ന സാമ്പത്തികപരിഷ്‌ക്കരണങ്ങള്‍ കപ്പല്‍ശാലയെ തളര്‍ത്തിയെന്നത് വിരോധാഭാസം തന്നെ. 1980-ല്‍ ഉണ്ടായിരുന്ന 20,000 കപ്പല്‍ശാലാതൊഴിലാളികളുടെ എണ്ണം ഇപ്പോള്‍ 10 ശതമാനത്തോളും താഴ്ന്നിരിക്കുകയാണ്.

സ്വതന്ത്ര കമ്പോളമായി മാറിയ പോളിഷ് സമ്പദ് വ്യവസ്ഥയിലേക്ക് സ്വകാര്യമേഖല ചുവടുറപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇഎസ്‌സിയോട് ചേര്‍ന്നുള്ള കപ്പല്‍ശാലയുടെ ഭൂമി യംഗ്‌സിറ്റിക്കായി ഏറ്റെടുക്കാന്‍ പദ്ധതിയുണ്ട്. ആധുനിക ഓഫിസുകള്‍, ഷോപ്പുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവ ഇതില്‍ പണിതീര്‍ക്കും. യംഗ് സിറ്റി യാഥാര്‍ത്ഥ്യമാകുന്നതോടെ ഡാന്‍സിഗ് ലോകത്തിലെ വലിയ തുറമുഖനഗരങ്ങളിലൊന്നായി മാറുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. യൂറോപ്പിന്റെ രാഷ്ട്രീയഭൂമികയെ പുനര്‍നിര്‍വ്വചിച്ച ഒരു ദശകത്തോളം നീണ്ട പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ഡാന്‍സിഗ്. തുടര്‍ന്നിങ്ങോട്ട് സാമ്പത്തിക ക്ലിഷ്ടതകളുടെയും പ്രശസ്തിയുടെയും പരിവര്‍ത്തന കാലഘട്ടത്തെ അത് അതിജീവിച്ചു. ഇപ്പോള്‍ ഈ കപ്പല്‍ശാല വീണ്ടും പരിവര്‍ത്തന വിധേയമായിരിക്കുകയാണ്. എന്നാല്‍ ഡാന്‍സിഗിന്റെ രണ്ടാംഗേറ്റ് ഇഎസ്‌സി സ്മാരകമായി നിലനില്‍ക്കും. അതിന്റെ ചരിത്രപ്രാധാന്യം ഒരിക്കലും മറക്കാനാകില്ല. കാരണം, സോളിഡാരിറ്റിയുടെ ഉദയം പോളിഷ് ചരിത്രത്തിന്റെ മാത്രമല്ല ലോകചരിത്രത്തില്‍ത്തന്നെ ഏറ്റവും സ്വാധീനമുള്ള സംഭവമാണ്.

Comments

comments

Categories: FK Special, Slider