രണ്ടാം പകുതിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ കുതിപ്പുണ്ടാകും

രണ്ടാം പകുതിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ കുതിപ്പുണ്ടാകും

ആഗോളതലത്തിലുണ്ടായ സാമ്പത്തിക തകര്‍ച്ച മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു

ദുബായ്: ഈ വര്‍ഷം രണ്ടാം പകുതിയില്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഹോസ്പിറ്റാലിറ്റി മേഖല തിരിച്ചുവരവ് നടത്തുമെന്ന് ഗ്ലോബല്‍ കണ്‍സല്‍ട്ടന്‍സി ഇവൈയുടെ പ്രവചനം. ആഗോളതലത്തിലുണ്ടായ സാമ്പത്തിക തകര്‍ച്ചയും ഹോട്ടല്‍ സപ്ലൈയിലെ കുറവും ആദ്യ പകുതില്‍ മേഖലയില്‍ ഇടിവ് വരാന്‍ കാരണമായിരുന്നു.

എണ്ണ വിലയിലുണ്ടായ ഇടിവും വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യവും മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഹോസ്പിറ്റാലിറ്റി മാര്‍ക്കറ്റിനെ ബാധിച്ചിട്ടുണ്ട്. ഗവണ്‍മെന്റും സ്വകാര്യ മേഖലയും പ്രാദേശിക ടൂറിസ്റ്റുകളും ചെലവാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നതാണ് ഇതിലേക്ക് നയിച്ചതെന്ന് ഇവൈ തയാറാക്കിയ മിഡില്‍ ഈസ്റ്റ് ഹോട്ടല്‍ ബെഞ്ച്മാര്‍ക്ക് സര്‍വേ റിപ്പോര്‍ട്ടില്‍ കണ്‍സല്‍ട്ടന്‍സി റിയല്‍ എസ്‌റ്റേറ്റ് ട്രാന്‍സാക്ഷന്‍ മേധാവി യൂസെഫ് വഹ്ബാഹ് പറഞ്ഞു.

വര്‍ഷത്തിന്റെ ആരംഭത്തിലാണ് റഷ്യ ഉള്‍പ്പടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ പ്രതിദിന എണ്ണ ഉല്‍പ്പാദനം 1.8 മില്യണ്‍ ബാരലായി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ യുഎസ് ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും ഒപെക്കിന്റെ അംഗങ്ങള്‍ക്ക് പൂര്‍ണമായി കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാതിരുന്നതും വില നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടാന്‍ കാരണമായി. ഹജ്ജ് തീര്‍ഥാടനവും ഗ്ലോബല്‍ ഫോറങ്ങളും പ്രാദേശിക പരിപാടികളും നടക്കുന്നതിനാല്‍ സെപ്റ്റംബറിന്റെ ആരംഭത്തോടെ ഹോസ്പിറ്റാലിറ്റി മാര്‍ക്കറ്റിന്റെ പ്രകടനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവൈ വ്യക്തമാക്കി.

എസ്ടിആര്‍ ഗ്ലോബലിന്റെ വിവരങ്ങള്‍ക്കനുസരിച്ചാണ് ഇവൈയുടെ വിലയിരുത്തല്‍. ആദ്യ പകുതിയിലെ മിഡില്‍ ഈസ്റ്റിലെ ഒക്കുപന്‍സി ഒരു ശതമാനം ഇടിഞ്ഞ് 66.2 ശതമാനത്തില്‍ എത്തി. ഇത് കൂടാതെ ശരാശരി ദിവസ നിരക്ക് 3.6 ശതമാനം ഇടിഞ്ഞ് 171 ഡോളറില്‍ എത്തുകയും റെവന്യു പെര്‍ അവെയ്‌ലബിള്‍ റൂം 4.6 ശതമാനം ഇടിഞ്ഞ് 113.27 ഡോളറില്‍ എത്തുകയും ചെയ്തു. ഈ വര്‍ഷത്തെ പുണ്യമാസത്തില്‍ അറേബ്യന്‍ ഗള്‍ഫിലെ മിക്ക ഹോട്ടലുകളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇടിവുണ്ടായെന്നും എസ്ടിആര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവൈയുടെ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ ഏറ്റവും ഉയര്‍ന്ന ഒക്കുപ്പന്‍സി ദുബായില്‍ ( 79.3 ശതമാനം) ആയിരുന്നു. 46.6 ശതമാനമുള്ള അമാനിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. മുറികളില്‍ നിന്നുള്ള വരുമാനത്തിലും ദുബായ് തന്നെയായിരുന്നു മുന്നില്‍ (209 ഡോളര്‍). ഏറ്റവും കുറഞ്ഞ വരുമാനം നേടിയ കെയ്‌റോയില്‍ 54 ഡോളര്‍ രേഖപ്പെടുത്തി. മീറ്റിംഗുകള്‍, പരിപാടികള്‍, വിനോദകേന്ദ്രങ്ങള്‍, ഹോസ്പിറ്റാലിറ്റിയിലെ വൈവിധ്യങ്ങള്‍, നവീകരിച്ച വിസ നയങ്ങള്‍ എന്നിവയിലൂടെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള തീരുമാനമാണ് ദുബായുടെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഇവൈ റിപ്പോര്‍ട്ടില്‍ പറയുന്നു.

കെയ്‌റോ, മക്ക, ബെയ്‌ററ്റ്, എന്നിവിടങ്ങളിലെ ഹോട്ടലുകളിലെ റവന്യു പെര്‍ അവൈലബിള്‍ റൂം നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായി. കെയ്‌റോയില്‍ 101.7 ശതമാനത്തിന്റേയും ബെയ്‌ററ്റില്‍ 19.3 ശതമാനത്തിന്റേയും വര്‍ധനവാണുണ്ടായത്. ഈജിപ്റ്റിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്ഥിരത കൈവന്നതും അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതുമാണ് മാര്‍ക്കറ്റിന്റെ പ്രകടനം മെച്ചപ്പെടാന്‍ കാരണമായതെന്ന് ഇവൈ പറഞ്ഞു.

 

Comments

comments

Categories: Arabia