കാല്‍നടയാത്രക്കാര്‍ക്കായി കാറില്‍ എയര്‍ബാഗുകള്‍ : മെഴ്‌സിഡഡ്-ബെന്‍സ് പേറ്റന്റ് നേടി

കാല്‍നടയാത്രക്കാര്‍ക്കായി കാറില്‍ എയര്‍ബാഗുകള്‍ : മെഴ്‌സിഡഡ്-ബെന്‍സ് പേറ്റന്റ് നേടി

കാറിന്റെ എ പില്ലറില്‍ പുറത്ത് സ്ഥാപിക്കാവുന്ന എയര്‍ബാഗുകളാണ് വികസിപ്പിച്ചിരിക്കുന്നത്

സ്റ്റുറ്റ്ഗാര്‍ട്ട് : റോഡപകടങ്ങളില്‍ ആളുകള്‍ മരണപ്പെടുന്നതിന്റെ എണ്ണം പരിശോധിക്കുമ്പോള്‍ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് മരിക്കുന്ന കാല്‍നടയാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണ്. വാഹനത്തിന് മുന്നില്‍ കാല്‍നടക്കാരെ കണ്ടാല്‍ കാര്‍ തനിയെ നില്‍ക്കുന്നതിനായി ഓട്ടോമേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം വികസിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള വിവിധ വാഹന നിര്‍മ്മാതാക്കള്‍. എന്നാല്‍ നിശ്ചിത വേഗത്തിനപ്പുറമാണ് കാര്‍ സഞ്ചരിക്കുന്നതെങ്കില്‍ ഈ വക സംവിധാനങ്ങളൊന്നും ഏല്‍ക്കില്ല.

ആഗോളതലത്തില്‍ റോഡ് സുരക്ഷാ കാര്യങ്ങളില്‍ വമ്പന്‍മാരായ വോള്‍വോ, കാല്‍നടയാത്രക്കാരെ ഇടിച്ചശേഷം ബോണറ്റിലേക്ക് വീഴുമ്പോള്‍ തലയ്ക്ക് ഗുരുതരമായ പരുക്ക് സംഭവിക്കാത്ത വിധത്തിലുള്ള ബോണറ്റ് വികസിപ്പിച്ചിരുന്നു. മെഴ്‌സിഡസ് ബെന്‍സ് ഉള്‍പ്പെടെയുള്ള മറ്റുപല വാഹന നിര്‍മ്മാതാക്കളും ഈ സംവിധാനം അവലംബിച്ചിട്ടുണ്ട്.

എന്നാല്‍ കാറിന്റെ എ പില്ലറില്‍ പുറത്ത് സ്ഥാപിക്കാവുന്ന എയര്‍ബാഗുകളാണ് മെഴ്‌സിഡസ് ബെന്‍സ് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനത്തിന് കമ്പനി പേറ്റന്റ് നേടിക്കഴിഞ്ഞു. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഗുരുതരമായ ക്ഷതമോ മറ്റ് പരുക്കുകളോ സംഭവിക്കാതിരിക്കാന്‍ ഒരു വലിയ പരിധി വരെ ഈ എയര്‍ബാഗുകള്‍ ഉപകരിക്കും.

സെന്‍സറുകള്‍ സഹിതമാണ് ഈ എയര്‍ബാഗുകള്‍ സ്ഥാപിക്കുക. കാല്‍നടയാത്രക്കാരനുമായുള്ള ആസന്ന കൂട്ടിയിടി ഈ സെന്‍സറുകള്‍ മുന്‍കൂട്ടി മനസ്സിലാക്കും. വിന്‍ഡ്ഷീല്‍ഡിന്റെയും ബോണറ്റിന്റെയും അരികുകളില്‍നിന്നാണ് എയര്‍ബാഗുകള്‍ അതിവേഗം ഉയര്‍ന്നുവരിക. പ്രത്യേക ട്യൂബിനകത്തായിരിക്കും ഇവ സൂക്ഷിക്കുന്നത്. ഹുഡ് പൊങ്ങുന്നതിനനുസരിച്ച് എയര്‍ബാഗുകള്‍ വിടര്‍ന്നുവരുന്ന വിധത്തിലാണ് എയര്‍ബാഗുകളുടെ രൂപകല്‍പ്പന. വിന്‍ഡ്‌സ്‌ക്രീനിലോ സൈഡ്പാനലുകളിലോ കാല്‍നടയാത്രക്കാര്‍ ശക്തിയോടെ വന്നിടിക്കുന്നത് തടയാന്‍ ഈ എയര്‍ബാഗുകള്‍ക്ക് കഴിയും.

2015 ജൂലൈയില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസിലാണ് എക്‌സ്റ്റേണല്‍ എയര്‍ബാഗ് ഡിസൈനിന്റെ പേറ്റന്റിന് മെഴ്‌സിഡസ് ബെന്‍സ് അപേക്ഷിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പേറ്റന്റ് അനുവദിച്ചത്.

പോര്‍ഷെ, പ്രത്യേകിച്ച് കണ്‍വെര്‍ട്ടിബിള്‍ കാറുകള്‍ക്കായി, സമാനമായ എക്‌സ്‌റ്റേണല്‍ എയര്‍ബാഗ് വികസിപ്പിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. കാറിലെ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും സുരക്ഷ നല്‍കുന്നതാണ് പോര്‍ഷെയുടെ എയര്‍ബാഗ്.

Comments

comments

Categories: Auto