സ്‌കൈആക്റ്റിവ്-എക്‌സ് : മസ്ദ വക ലോകത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ എന്‍ജിന്‍

സ്‌കൈആക്റ്റിവ്-എക്‌സ് : മസ്ദ വക ലോകത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ എന്‍ജിന്‍

സ്പാര്‍ക് പ്ലഗിന്റെ ആവശ്യമില്ല

ഹിരോഷിമ : മസ്ദ മോട്ടോര്‍ പുതു-തലമുറ സ്‌കൈആക്റ്റിവ്-എക്‌സ് പെട്രോള്‍ എന്‍ജിന്‍ വികസിപ്പിക്കുന്നു. മസ്ദയുടെ ‘സസ്റ്റെയ്‌നബിള്‍ സൂം-സൂം 2030’ എന്ന പദ്ധതിയുടെ ഭാഗമായാണ് എന്‍ജിന്‍ നിര്‍മ്മിക്കുന്നത്. ഡീസല്‍ എന്‍ജിനുകളെപ്പോലെ കംപ്രഷന്‍ ഇഗ്നിഷന്‍ ഉപയോഗിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ലോകത്തെ ആദ്യ പെട്രോള്‍ എന്‍ജിനാണ് സ്‌കൈആക്റ്റിവ്-എക്‌സ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ സാങ്കേതികവിദ്യയനുസരിച്ച് പെട്രോള്‍ എന്‍ജിന്‍ ജ്വലിപ്പിക്കുന്നതിന് സ്പാര്‍ക് പ്ലഗിന്റെ ആവശ്യമില്ല. പിസ്റ്റണ്‍ കംപ്രഷന്‍ നടക്കുമ്പോള്‍ സ്‌കൈആക്റ്റിവ്-എക്‌സ് എന്‍ജിനിലെ ഇന്ധന-എയര്‍ സമ്മിശ്രമായി ജ്വലിക്കും.

കംപ്രഷന്‍ ഇഗ്നിഷനും സൂപ്പര്‍ചാര്‍ജറും ചേരുമ്പോള്‍, കമ്പനിയുടെ അതേ ഡിസ്‌പ്ലേസ്‌മെന്റുള്ള നിലവിലെ സ്‌കൈആക്റ്റിവ്-ജി പെട്രോള്‍ എന്‍ജിനേക്കാള്‍, ഇന്ധനക്ഷമത 20-30 ശതമാനം വരെയും ടോര്‍ക്ക് 10-30 ശതമാനം വരെയും വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മസ്ദയുടെ ഇതിനുമുമ്പത്തെ ഡീസല്‍ എന്‍ജിനായ സ്‌കൈആക്റ്റിവ്-ഡിയുടെ ഇന്ധനക്ഷമതയക്കൊപ്പമോ അതുക്കും മേലേയോ ആണ് പുതിയ സ്‌കൈആക്റ്റിവ്-എക്‌സ് പെട്രോള്‍ എന്‍ജിന്റെ പെര്‍ഫോമന്‍സെന്ന് കാര്‍ നിര്‍മ്മാണ കമ്പനി വ്യക്തമാക്കി.

പുതിയ സാങ്കേതികവിദ്യ പെട്രോള്‍ എന്‍ജിനുകളുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതായും വായു മലിനീകരണം കുറയ്ക്കുന്നതായും മസ്ദ അവകാശപ്പെട്ടു. മാത്രമല്ല, ഡ്രൈവിംഗ് അനുഭവം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനും ഈ എന്‍ജിന് കഴിയും. 2019 ല്‍ പുറത്തിറക്കുന്ന മസ്ദയുടെ സിഎക്‌സ്-5 ക്രോസ്ഓവറിലായിരിക്കും പുതിയ പെട്രോള്‍ എന്‍ജിന്‍ ആദ്യമായി ഘടിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ എല്ലാ ഗുണഗണങ്ങളും ഒത്തുചേരുന്നതാണ് പുതിയ ആന്തരിക ദഹന എന്‍ജിന്‍. കുറവ് മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല, കരുത്തും ഇന്ധനക്ഷമതയും കൂടുതല്‍ നല്‍കുകയും ചെയ്യും. ഈ എന്‍ജിന്‍ വികസിപ്പിച്ചുവരുന്നതേയുള്ളൂ.

2030 ഓടെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനം 50 ശതമാനം കുറയ്ക്കാനാണ് മസ്ദ ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്. 2050 ഓടെ 90 ശതമാനം കുറയ്ക്കുമെന്നതാണ് പിന്നീടുള്ള നിശ്ചയദാര്‍ഢ്യം. ലോകമാകെ ബഹുഭൂരിപക്ഷം കാറുകള്‍ക്കും തങ്ങളുടെ ആന്തരിക ദഹന എന്‍ജിന്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ നീക്കം. ഇതിന്റെ ഭാഗമായി എന്‍ജിന്‍ മെച്ചപ്പെടുത്തുന്ന ജോലികള്‍ മസ്ദ അനുസ്യൂതം തുടരും.

മസ്ദ പ്രോആക്റ്റിവ് സേഫ്റ്റി പരിപാടിയനുസരിച്ച് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന ആധുനിക സുരക്ഷാ സാങ്കേതികവിദ്യകള്‍ മസ്ദ വികസിപ്പിക്കും. ഉചിതമായ ഡ്രൈവിംഗ് പൊസിഷന്‍, പെഡല്‍ ലേഔട്ട്, ഡ്രൈവര്‍ക്ക് കാണാവുന്ന ദൂരം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് പരിഗണനയിലുള്ളത്. 2025 ഓടെ എല്ലാ വാഹനങ്ങളിലും ഈ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കാനാണ് മസ്ദയുടെ തീരുമാനം.

 

Comments

comments

Categories: Auto