ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി കിയ മോട്ടോഴ്‌സ്

ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി കിയ മോട്ടോഴ്‌സ്

2022 ഓടെ 3,000-4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ന്യൂ ഡെല്‍ഹി : ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിക്ക് കീഴിലെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ (12,750 കോടി രൂപ) നിക്ഷേപം നടത്തും. കാര്‍ നിര്‍മ്മാണ ശാലയും വിതരണ ശൃംഖലയും സ്ഥാപിക്കുകയാണ് പ്രഥമ പരിഗണന. പുതിയ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000-4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയ മോട്ടോഴ്‌സ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തേ-ഹ്യുന്‍ ഓഹ് പറഞ്ഞു.

ആന്ധ്രാ പ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് 1.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കിയ മോട്ടോഴ്‌സ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. വിതരണ ശൃംഖല സ്ഥാപിക്കുന്നതിനാണ് ബാക്കി തുക വിനിയോഗിക്കുക. ഈ നിക്ഷേപത്തിന് പുറമേ വിപണന ആവശ്യങ്ങള്‍ക്കായി വേറെയും തുക വിനിയോഗിക്കും.

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റ് 2019 ല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ഓടെ ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നില്‍ കടന്നുകയറുകയാണ് ലക്ഷ്യം. ഇതേ വര്‍ഷമാകുമ്പോഴേക്കും പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ വില്‍ക്കണമെന്നും കമ്പനി ആഗ്രഹിക്കുന്നു. പ്ലാന്റിന്റെ പരമാവധി ശേഷിയും ഇത്ര തന്നെ.

180 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മെക്‌സിക്കോ, ഇന്ത്യ എന്നീ രണ്ട് പ്രധാന വിപണികളിലെ അസാന്നിധ്യം ഈ അടുത്ത കാലം വരെ ദക്ഷിണ കൊറിയന്‍ കമ്പനിക്ക് കളങ്കമായിരുന്നു. എന്നാല്‍ വടക്കേ അമേരിക്കന്‍ രാജ്യത്ത് കിയ മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങി. 2019 രണ്ടാം പകുതിയോടെ ഇന്ത്യയില്‍ ആദ്യ വാഹനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കിയ.

ആഗോള ഓട്ടോമൊബീല്‍ കമ്പനികള്‍ക്ക് ഇന്ത്യ പ്രധാനപ്പെട്ട വിപണിയാണ്. അതിവേഗത്തില്‍ വളരുന്ന വിപണികളിലൊന്നുകൂടിയാണ് ഇന്ത്യ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഡസനോളം കാര്‍ നിര്‍മ്മാതാക്കളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് വിജയം രുചിക്കുന്നത്. ഇന്ത്യയില്‍ പ്രവേശിച്ചതുമുതല്‍ മികച്ച രീതിയിലുള്ള വളര്‍ച്ച കൈവരിക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിക്ക് കഴിയുന്നുണ്ട്. ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിലെ മാതൃ കമ്പനിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയെ സ്‌നേഹിച്ചുതുടങ്ങിയത്.

2016 ല്‍ ആഗോളതലത്തില്‍ കിയ മോട്ടോഴ്‌സ് മൂന്ന് മില്യണ്‍ വാഹനങ്ങളാണ് വിറ്റത്. ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തേ-ഹ്യുന്‍ ഓഹ്‌യുടെ കാലത്ത് കമ്പനി വന്‍ വളര്‍ച്ചയാണ് സ്വന്തമാക്കിയത്. ആഗോള വില്‍പ്പന 65 ശതമാനത്തിലധകം വര്‍ധിച്ചപ്പോള്‍ ബ്രാന്‍ഡ്മൂല്യം ഏകദേശം മൂന്ന് മടങ്ങോളം വര്‍ധിച്ച് 4.7 ബില്യണ്‍ ഡോളറിലെത്തി. 2010 ലാണ് തേ-ഹ്യുന്‍ ഓഹ് കിയ മോട്ടോഴ്‌സിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേറ്റത്.

2022 ഓടെ ഇന്ത്യയില്‍ കുറഞ്ഞത് മൂന്ന് മോഡലുകള്‍ അവതരിപ്പിക്കുകയാണ് കിയ മോട്ടോഴ്‌സിന്റെ പദ്ധതി. ഹ്യുണ്ടായ് ക്രേറ്റ പോലെ ആദ്യം മിഡ്-സൈസ് എസ്‌യുവി വിപണിയിലെത്തിക്കും. തുടര്‍ന്ന് സെഡാനുകള്‍, ഹാച്ച്ബാക്കുകള്‍, എസ്‌യുവികള്‍ എന്നിവ അവതരിപ്പിക്കും. ആദ്യ മിഡ്-എസ്‌യുവിയില്‍ ഇന്ത്യയില്‍നിന്നുള്ള പാര്‍ട്‌സുകളായിരിക്കും വ്യാപകമായി ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിര്‍മ്മാണച്ചെലവുകള്‍ കുറയ്ക്കാമെന്ന് കമ്പനി കരുതുന്നു. ഇന്ത്യയ്ക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതായിരിക്കും ആദ്യ മോഡലെന്ന് തേ-ഹ്യുന്‍ ഓഹ് പറഞ്ഞു.

2019 അവസാനത്തോടെ ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുടങ്ങാനാണ് കിയ ആലോചിക്കുന്നത്. 2022 ഓടെ കുറഞ്ഞത് നൂറ് കേന്ദ്രങ്ങളില്‍ ടച്ച്‌പോയന്റുകളും ലക്ഷ്യമാണ്. കിയ മോട്ടോഴ്‌സ് ഇതിനകം ഡീലര്‍ റോഡ്‌ഷോ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ ഡീലര്‍മാരുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളിലേക്ക് നിയമനം ആരംഭിച്ചു. കായിക പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് കിയ മോട്ടോഴ്‌സിന്റെ ശീലമാണ്. ഇന്ത്യയില്‍ അത്തരമൊരു സാഹചര്യത്തിന് കാത്തിരിക്കുകയാണ് കമ്പനി. യുവ പ്രൊഫഷണലുകളെയാണ് കിയ മോട്ടോഴ്‌സ് ഉപയോക്താക്കളായി കൂടുതല്‍ ഇഷ്ടപ്പെടുന്നത്. സ്‌റ്റൈലിഷ്, സ്മാര്‍ട്ട് ബ്രാന്‍ഡായി അറിയപ്പെടുകയാണ് കിയ മോട്ടോഴ്‌സിന്റെ ആഗ്രഹം.

Comments

comments

Categories: Auto