വളര്‍ച്ചാ വേഗതയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ മുന്നിലെത്തും: റിപ്പോര്‍ട്ട്

വളര്‍ച്ചാ വേഗതയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ മുന്നിലെത്തും: റിപ്പോര്‍ട്ട്

ഇന്ത്യന്‍ കമ്പനികളിലെ വിദേശ ഉടമസ്ഥതയ്ക്കുള്ള പരിധി കുറയുകയോ ഇല്ലാതാകുകയോ ചെയ്യുമെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്ന് റിപ്പോര്‍ട്ട്. 2021 ഓടെ ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി ഡെല്‍ഹി മാറുമെന്നും, മുന്‍ വര്‍ഷം അവസാനത്തെ അപേക്ഷിച്ച് ഡെല്‍ഹിയുടെ സാമ്പത്തിക രംഗം 50 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വളര്‍ച്ചാ വേഗം കൂടിയ ഏഷ്യന്‍ നഗരങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങള്‍ അതിവേഗ വളര്‍ച്ച പ്രകടമാക്കിയതായും പഠനം വ്യക്തമാക്കുന്നുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്തെ സാമ്പത്തിക, ബിസിനസ് സേവന മേഖലകള്‍ ഉയര്‍ന്ന വളര്‍ച്ച പ്രകടമാക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനികളിലെ വിദേശ ഉടമസ്ഥതയ്ക്കുള്ള പരിധി ക്രമേണ കുറയുകയോ ഇല്ലാതാകുകയോ ചെയ്യുമെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനായ മാര്‍ക്ക് ബ്രിട്ടണ്‍ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നത്. സാധ്യമായ നിക്ഷേപങ്ങള്‍ക്കായി വിദേശ നിക്ഷേപകര്‍ ഉപദേശം തേടുന്നത് ഡെല്‍ഹിയിലെ പ്രൊഫഷണല്‍ സര്‍വീസ് മേഖലയില്‍ വരുമാന വര്‍ധനവിന് കാരണമാകും.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ സര്‍വീസ് ബിസിനസുകള്‍ക്ക് ഇപ്രകാരമുള്ള സ്ഥിര വരുമാനവും സാധ്യമാകുമെന്ന് ബ്രിട്ടണ്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജപ്പാനിലെ ‘മുജി’പോലുള്ള ഉപഭോക്തൃ കമ്പനികളും ഇന്ത്യയിലെ ഈമാറ്റം ഉറപ്പിക്കുന്നുണ്ട്. മുജിയുടെ മാതൃക്കമ്പനിയായ റയോഹിന്‍ കെയ്കാകു ചൈന കഴിഞ്ഞാല്‍ തങ്ങളുടെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര വിപണിയായാണ് ഇന്ത്യയെ നോക്കികാണുന്നത്. ഇതുപോലെ ആമസോണ്‍.കോമിന്റെ ഇന്ത്യന്‍ യൂണിറ്റ് ഭക്ഷ്യ വിതരണ ശൃംഖലയില്‍ നിക്ഷേപിക്കുന്നതിനുള്ള അംഗീകാരം തേടിയതിനെ കുറിച്ചും വിദേശ റീട്ടെയ്‌ലര്‍മാര്‍ക്ക് വേണ്ടി നിയമങ്ങള്‍ ലഘൂകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ പ്രയോജനപ്പെടുത്താന്‍ സ്രമിക്കുന്നതിനെ കുറിച്ചും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയുടെ വളര്‍ച്ചാ വേഗം കുറയുമെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. എങ്കിലും, ചൈനയിലെ ഏറ്റവും വലിയ അഞ്ച് നഗരങ്ങളില്‍ ആറ് ശതമാനമോ അതിനു മുകളിലോ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം ശരാശരി 4.2 ശതമാനമാണ് ചൈനയുടെ വളര്‍ച്ച പ്രതീക്ഷിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡിന്റെ ഏറ്റവും മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ജപ്പാനീസ് നഗരങ്ങള്‍ ഏറ്റവും കീഴില്‍ തന്നെയായിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Comments

comments

Categories: Slider, Top Stories