50,000 രൂപ വരെ ഇളവില്‍ നിലവിലെ വെര്‍ണ വാങ്ങാം ; അഞ്ചാം തലമുറ വെര്‍ണ 22 ന്

50,000 രൂപ വരെ ഇളവില്‍ നിലവിലെ വെര്‍ണ വാങ്ങാം ; അഞ്ചാം തലമുറ വെര്‍ണ 22 ന്

എക്‌സ്‌ചേഞ്ച് ബോണസ് നല്‍കാനും ഹ്യുണ്ടായ് ഡീലര്‍മാര്‍ തയ്യാറാണ്

ന്യൂ ഡെല്‍ഹി : അടുത്ത തലമുറ ഹ്യുണ്ടായ് വെര്‍ണ ഈ മാസാവസാനം ഡീലര്‍ഷിപ്പുകളിലെത്തും. എന്നാല്‍ നിലവിലെ വെര്‍ണ അമ്പതിനായിരം രൂപ വരെ ഇളവില്‍ വാങ്ങാനുള്ള അവസരമാണ് ഇപ്പോള്‍ വിവിധ ഹ്യുണ്ടായ് ഡീലര്‍മാര്‍ തുറന്നുവെച്ചിരിക്കുന്നത്. നിലവിലെ ഹ്യുണ്ടായ് വെര്‍ണയുടെ സ്റ്റോക്ക് വിറ്റഴിക്കുന്നതിനാണ് ഡീലര്‍മാര്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഈ സെഡാന് എക്‌സ്‌ചേഞ്ച് ബോണസ് നല്‍കാനും ഹ്യുണ്ടായ് ഡീലര്‍മാര്‍ തയ്യാറാണ്.

ഫേസ്‌ലിഫ്റ്റഡ് 4എസ് എഡിഷനാണ് 2015 ല്‍ അവതരിപ്പിച്ച നിലവിലെ ഹ്യുണ്ടായ് വെര്‍ണ. വെര്‍ണ 4എസിന്റെ ഡിസൈനിലാണ് പിറന്നതെങ്കിലും പ്രീ-ഫേസ്‌ലിഫ്റ്റ് വേര്‍ഷന്‍ പോലെ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ നിലവിലെ വെര്‍ണയ്ക്ക് കഴിഞ്ഞില്ല. ഇരട്ട നിറത്തിലുള്ള ഡാഷ്‌ബോര്‍ഡ് ഉള്‍പ്പെടുന്ന കാബിന്‍ അതേപോലെയാണ് നിലവിലെ വെര്‍ണയില്‍ കാണപ്പെട്ടത്. പാട്ടുകള്‍ സ്റ്റോര്‍ ചെയ്യുന്നതിന് 1 ജിബി ഇന്‍-ബില്‍റ്റ് മെമ്മറി സഹിതം പുതിയൊരു ഓഡിയോ പ്ലെയര്‍ കാറില്‍ നല്‍കിയിരുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വെര്‍ണ എസ്, എസ്എക്‌സ് ഡീസല്‍ വേരിയന്റുകളുടെ സ്റ്റോക്കാണ് ഡീലര്‍മാരുടെ കൈവശം അവശേഷിക്കുന്നത്.

7.88 ലക്ഷം രൂപയിലാണ് നിലവിലെ വെര്‍ണയുടെ ഡെല്‍ഹി എക്‌സ്-ഷോറൂം വില തുടങ്ങുന്നത്. ബേസ് പെട്രോള്‍ വേരിയന്റിനാണ് ഈ വില. ഡീസല്‍ വേരിയന്റുകളുടെ വില 10.30 ലക്ഷം രൂപയില്‍ തുടങ്ങുന്നു.

അനവധി മാറ്റങ്ങളോടെയാണ് 2017 ഹ്യുണ്ടായ് വെര്‍ണ വിപണിയില്‍ അവതരിക്കുന്നത്. 25,000 രൂപ ടോക്കണ്‍ തുക നല്‍കി അഞ്ചാം തലമുറ ഹ്യുണ്ടായ് വെര്‍ണയുടെ പ്രീ-ബുക്കിംഗ് ഇപ്പോള്‍ നടത്താം. 2017 ഹ്യുണ്ടായ് വെര്‍ണയുടെ വില 8 ലക്ഷം രൂപയില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് പുതിയ മോഡല്‍ വിപണിയിലെത്തുക. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, പ്രോജക്റ്റര്‍ ഫോഗ് ലാംപുകള്‍, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ 2017 ഹ്യുണ്ടായ് വെര്‍ണയുടെ സവിശേഷതകളാണ്. സെഡാന്‍ സെഗ്‌മെന്റില്‍ ഇതാദ്യമായി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ ഈ അഞ്ചാം തലമുറ വെര്‍ണയില്‍ കാണാം. പുതിയ ഹ്യുണ്ടായ് വെര്‍ണ പുറത്തിറക്കുന്നതിന് ഓഗസ്റ്റ് 22 നാണ് ഹ്യുണ്ടായ് ഇന്ത്യ മുഹൂര്‍ത്തം കണ്ടുവെച്ചിരിക്കുന്നത്.

 

Comments

comments

Categories: Auto