ആകാശം കീഴടക്കാന്‍ യുഎഇയിലെ കെട്ടിടങ്ങള്‍

ആകാശം കീഴടക്കാന്‍ യുഎഇയിലെ കെട്ടിടങ്ങള്‍

ഒരു കിലോമീറ്റര്‍ ഉയരത്തില്‍ സൗദി അറേബ്യയില്‍ നിര്‍മിക്കുന്ന ജെദ്ദ ടവര്‍ പൂര്‍ത്തിയാവുന്നതോടെ ബുര്‍ജ് ഖലീഫയ്ക്ക് ആദ്യ സ്ഥാനം നഷ്ടമാകും

ദുബായ്: അംബരചുംബികള്‍ക്ക് പേരുകേട്ട നഗരമായ ദുബായില്‍ ആകെയുള്ളത് 900 വമ്പന്‍ കെട്ടിടങ്ങള്‍. ഇതില്‍ 90 ഓളം കെട്ടിടങ്ങള്‍ക്ക് 180 മീറ്ററില്‍ അധികം ഉയരമുണ്ട്. ഇതുമാത്രമല്ല അംബരചുംബികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ദുബായില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ദുബായിലെ ഏറ്റവും ഉയരം കൂടിയ ബര്‍ജ് ഖലീഫ തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. എന്നാല്‍ ബുര്‍ജ് ഖലീഫയ്ക്കുള്ള ഈ സ്ഥാനം എണ്ണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു കിലോമീറ്റര്‍ ഉയരത്തില്‍ സൗദി അറേബ്യയില്‍ നിര്‍മിക്കുന്ന ജെദ്ദ ടവര്‍ പൂര്‍ത്തിയാവുന്നതോടെ ബുര്‍ജ് ഖലീഫയ്ക്ക് ആദ്യ സ്ഥാനം നഷ്ടമാകും. 2019 ല്‍ പൂര്‍ത്തിയാവുന്ന ഈ ടവറിന് ബുര്‍ജ് ഖലീഫയേക്കാള്‍ 170 മീറ്റര്‍ ഉയരം ഉണ്ടാകും. 928 മീറ്റര്‍ ഉയരത്തില്‍ യുഎഇയില്‍ ദുബായ് ക്രീക് ടവര്‍ വരുന്നതോടെ ബുര്‍ജ് ഖലീഫ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. ഇതിന്റെ നിര്‍മാണം 2021 ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് കെട്ടിടങ്ങളില്‍ നാലും സ്ഥിതിചെയ്യുന്നത് ദുബായിലാണ്. അബുദാബിയില്‍ നിന്നുളള ബുര്‍ജ് മൊഹമ്മെദ് ബിന്‍ റഷീദിന് അഞ്ചാം സ്ഥാനം മാത്രമാണുള്ളത്.

828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ നിര്‍മാണം 2009 ലാണ് പൂര്‍ത്തിയാക്കിയത്. ചൈനയിലെ ഷാങ്ഹായ് ടവറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു ബുര്‍ജ് ഖലീഫയുടെ മുന്നേറ്റം. ചൈനീസ് ടവറിനേക്കാള്‍ 200 മീറ്റര്‍ ഉയരമാണ് ഇതിനുള്ളത്. ദുബായ് ഡൗണ്‍ടൗണില്‍ സ്ഥിതിചെയ്യുന്ന 163 നില കെട്ടിടം അഞ്ച് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

ദുബായിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ മറീനയ്ക്ക് ബുര്‍ജ് ഖലീഫയുടെ പകുതി ഉയരം മാത്രമാണുള്ളത്. 426 മീറ്റര്‍ ഉയരത്തിലുള്ള 101 നില കെട്ടിടം 2016 ലാണ് പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് എന്ന ക്രെഡിറ്റിന് ഉടമയാണ് മറീന. ദുബായ് മറീനയ്ക്ക് സമീപമുള്ള പ്രിന്‍സസ് ടവറാണ് ഉയരത്തില്‍ മൂന്നാം സ്ഥാനത്ത്. 414 മീറ്റര്‍ ഉയരമുള്ള ടവറില്‍ 101 നിലകളാണുള്ളത്.

2012 ല്‍ പൂര്‍ത്തിയാക്കിയ 23 മറീനയാണ് നാലാം സ്ഥാനത്തുള്ള അംബരചുംബി. 393 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 92 നിലകളുണ്ട്. ദുബായ് മറീനയ്ക്കും ദുബായ് മീഡിയ സിറ്റിക്കും ഇടയിലായി ആറ് വര്‍ഷങ്ങള്‍കൊണ്ടാണ് കെട്ടിടം നിര്‍മിച്ചത്. യുഎഇയുടെ തലസ്ഥാനത്തെ ബുര്‍ജ് മൊഹമ്മെദ് ബിന്‍ റഷീദാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. 381 മീറ്റര്‍ ഉയരത്തിലുള്ള കെട്ടിടത്തിന് അബുദാബിയിലെ രണ്ടാമത്തെ വലിയ കെട്ടിടത്തേക്കാള്‍ 60 മീറ്റര്‍ ഉയരമുണ്ട്. ഇതിനൊപ്പം 381 മീറ്റര്‍ ഉയരമുള്ള പാം ജുമൈറയിലെ എലീറ്റ് റസിഡന്‍സിയും അഞ്ചാം സ്ഥാനത്തുണ്ട്. 91 നിലകളുള്ള കെട്ടിടത്തില്‍ 695 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്.

Comments

comments

Categories: Arabia