അതിരപ്പിള്ളി പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്ന് എംഎം മണി

അതിരപ്പിള്ളി പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്ന് എംഎം മണി

163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതക്ക് 936 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്ന് പ്രതിപക്ഷ എംഎല്‍എ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യത്തിന് മറുപടിയായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള എല്ലാ നിയമപരമായ നടപടിക്രമങ്ങളും കെഎസ്ഇബി പൂര്‍ത്തികരിച്ചതായും മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് ആകെ പദ്ധതി ചെലവ് കണക്കാക്കിയിരിക്കുന്നത്.

സിപിഎമ്മിനകത്തും മുന്നണിയിലെ ഘടക കക്ഷികള്‍ തമ്മിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളി. പ്രതിപക്ഷ കക്ഷികളിലും ഇക്കാര്യത്തില്‍ രണ്ടു പക്ഷമുണ്ട്. നേരത്തേ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമമാരംഭിച്ചപ്പോള്‍ ഘടകക്ഷിയായ സിപിഐ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എതിര്‍പ്പുകള്‍ അവഗണിച്ച് നിര്‍ബന്ധപൂര്‍വം പദ്ധതി നടപ്പാക്കാനില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതി നടപ്പാക്കലില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ലെന്നാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

അതേസമയം 140 ഹെക്റ്ററോളം വനഭൂമിയെ ബാധിക്കുന്ന പദ്ധതി വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്നും പ്രദേശവാസികളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗുണത്തക്കാളേറെ ദോഷം ചെയ്യുന്ന ഈ പദ്ധതി പ്രകൃതിക്കും പരിസ്ഥിതിക്കും കനത്ത ദോഷം വരുത്തുമെന്ന വിലയിരുത്തലാണ് ഇപ്പോള്‍ യുഡിഎഫിനുള്ളതെന്നും പദ്ധതി നടപ്പാക്കരുതെന്നും നേരത്തേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി കേന്ദ്രത്തില്‍ നിന്ന് പാരിസ്ഥിതിക അനുമതി നേടിയെടുത്തത്. പാരിസ്ഥിതിക അനുമതിയുടെ കാലാവധി കഴിഞ്ഞതിനായി മന്ത്രിയുടെ പ്രസ്താവനയ്ക്ക് പ്രസക്തിയില്ലെന്നും അത് സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്നുമാണ് ചാലക്കുട് പുഴ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

Comments

comments

Categories: Slider, Top Stories