ഈജിപ്റ്റിലെ സൗരോര്‍ജ്ജ കരാര്‍ അക്വ പവറിന്

ഈജിപ്റ്റിലെ സൗരോര്‍ജ്ജ കരാര്‍ അക്വ പവറിന്

സൗരോര്‍ജ്ജത്തിലൂടെ ഈജിപ്റ്റിലെ 80,000 വീടുകളിലേക്ക് വൈദ്യുതി എത്തിക്കാന്‍ സൗദി അറേബ്യന്‍ കമ്പനിക്ക് സാധിക്കും

കെയ്‌റോ: ഈജിപ്റ്റിലെ മൂന്ന് സോളാര്‍ പവര്‍ പ്രൊജക്റ്റുകളുടെ നിര്‍മാണ കരാര്‍ സൗദി അറേബ്യന്‍ ഊര്‍ജ്ജ കമ്പനിയായ അക്വ പവറിന്. 190 മില്യണ്‍ ഡോളറിന്റെ പദ്ധതി അക്വ ഈജിപ്ഷ്യന്‍ പങ്കാളികളായ തവാകോള്‍, ഹസ്സന്‍ അല്ലാം ഹോള്‍ഡിംഗ് എന്നിവരുമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റ് പദ്ധതിയായ ഫീഡ് അന്‍ താരിഫിന്റെ ഭാഗമായി അശ്വനിലെ ബെന്‍ബന്‍ മേഖലയിലാണ് 165.5 മെഗാവാട്ട് മൊത്തം ശേഷിയുള്ള സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് പ്ലാന്റ് വരുന്നത്. 190 മില്യണ്‍ നിക്ഷേപത്തിന്റെ പകുതി തുക യൂറോപ്യന്‍ ബാങ്കായ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റില്‍ (ഇആര്‍ബിഡി) നിന്നും ബാക്കി തുക ഇന്റര്‍നാഷണല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, മള്‍ട്ടിലാറ്ററല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്യാരന്റി ഏജന്‍സി എന്നിവയില്‍ നിന്നുമാണ് സമാഹരിക്കുന്നത്.

ഈ പദ്ധതിയിലൂടെ അടുത്ത വര്‍ഷം ഏകദേശം 80,000 വീടുകള്‍ക്ക് സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്വ പവര്‍ ഈജിപ്റ്റില്‍ നടത്തുന്ന ആദ്യത്തെ നിക്ഷേപമാണിത്. രാജ്യത്തിന്റെ വിന്‍ഡ് സെക്റ്ററിലും നിക്ഷേപം നടത്താന്‍ അക്വ പവറിന് താല്‍പ്പര്യമുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പാഡി പത്മാനന്ദന്‍ പറഞ്ഞു.

Comments

comments

Categories: Arabia