ആധാര്‍ സംവിധാനത്തിലെ സുരക്ഷ വലിയ ആശങ്കയാകും: നന്ദന്‍ നിലേക്കനി

ആധാര്‍ സംവിധാനത്തിലെ സുരക്ഷ വലിയ ആശങ്കയാകും: നന്ദന്‍ നിലേക്കനി

മെച്ചപ്പെട്ട ഡിജിറ്റല്‍ ലോകത്തേക്ക് കടക്കുകയാണെങ്കില്‍, എല്ലാ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്

ബെംഗളൂരു: ആധാര്‍ സംവിധാനം പിഴവുകളില്ലാത്തതാണെങ്കിലും ഭാവിയില്‍ സുരക്ഷ എന്നത് ഈ സംവിധാനത്തില്‍ വലിയ ആശങ്കകള്‍ക്ക് കാരണമാകുമെന്ന് യുഐഡിഎഐ (യുനീക് ഐഡന്റിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) മുന്‍ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി. സുരക്ഷയെ സംബന്ധിച്ചാണെങ്കില്‍ ആധാര്‍ സംവിധാനത്തില്‍ യാതൊരു വീഴ്ചയും ഇല്ല, പക്ഷെ ആധാര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈക്കലാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ഇത്തരം ശ്രമങ്ങളെ ഹാക്കിംഗ് എന്ന് സാങ്കേതികമായി പറയാനാകില്ലെങ്കിലും, ആധാര്‍ സുരക്ഷ സംബന്ധിച്ച വലിയ ആശങ്കകള്‍ ഭാവിയിലുണ്ടായേക്കുമെന്നാണ് നിലേക്കനി പറയുന്നത്.

അനധികൃതമായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഐഐടി ഖരക്പൂര്‍ എന്‍ജിനീയറായ അഭിനവ് ശ്രീവാസ്തവയും അദ്ദേഹത്തിന്റെ സ്റ്റാര്‍ട്ടപ്പായ ക്വര്‍ത്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡും ഒരു ആപ്പ് വികസിപ്പിക്കുന്നതായി കഴിഞ്ഞ മാസം ബെംഗളൂരു പൊലീസില്‍ യുഐഡിഎഐ പരാതി നല്‍കിയിരുന്നു. ഈ പശ്ചത്തലത്തിലാണ് ആധാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് യുഐഡിഎഐ മുന്‍ ചെയര്‍മാനും കൂടിയായ നിലേക്കനിയുടെ പ്രതികരണം. സി കെ പ്രഹ്ലാദ് മെമ്മോറിയല്‍ ലെക്ചര്‍ 2017ല്‍ പങ്കെടുത്ത് സംസാരിക്കവേ ഡാറ്റ സ്വകാര്യത, സുരക്ഷിതത്വം, പൊതു നന്മയ്ക്കായുള്ള ഡാറ്റ ഉപയോഗം എന്നിവ സംബന്ധിച്ച് സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

‘മെച്ചപ്പെട്ട ഡിജിറ്റല്‍ ലോകത്തേക്ക് കടക്കുകയാണെങ്കില്‍, എല്ലാ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് സ്വാഭാവികമായി മുന്നോട്ടുപോകുന്ന കാര്യമാണ്. ലോകത്തില്‍ എല്ലായിടത്തും ഇത്തരം സുരക്ഷാ വെല്ലവിളി നേരിടേണ്ടി വരുന്നുണ്ട്. ഡിജിറ്റല്‍ സ്വപ്‌നങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്ര വേഗത്തിലാണ്. വളരെ പെട്ടെന്ന് തന്നെ നമ്മള്‍ ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കും,’ നിലേക്കനി പറഞ്ഞു. സ്വകാര്യതയ്ക്കുള്ള അവകാശം സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന നിയമ സംവാദത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യത വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് എന്താണെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ടെന്നും നിലേക്കനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories