ഇന്ത്യ-യുഎസ് ബന്ധവും ദക്ഷിണേഷ്യന്‍ നയവും

ഇന്ത്യ-യുഎസ് ബന്ധവും ദക്ഷിണേഷ്യന്‍ നയവും

അമേരിക്ക തങ്ങളുടെ ദക്ഷിണേഷ്യന്‍ നയങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന സാഹചര്യത്തില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ശക്തമാകേണ്ടത് അനിവാര്യതയാണ്

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഷ്ണുമായുള്ള കേന്ദ്ര മന്ത്രി വി കെ സിംഗിന്റെ കൂടിക്കാഴ്ച്ച ശ്രദ്ധേയമാകുന്നത് അമേരിക്കയുടെ ദക്ഷിണേഷ്യന്‍ നയത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. അമേരിക്കയുടെ സൈനിക ഇടപെടലില്‍ ഏറെ നിര്‍ണായകമായിരുന്നു അഫ്ഗാനിസ്ഥാനിലേത്. അതുമായി ബന്ധപ്പെട്ടും കൂടിയാണ് ദക്ഷിണ ഏഷ്യ നയത്തിന് അന്തിമ രൂപം നല്‍കാന്‍ ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ദക്ഷിണേഷ്യ/അഫ്ഗാന്‍ നയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. അടുത്തിടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസ്താവനയിലും അത് വ്യക്തമായിരുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുരക്ഷയും ജനാധിപത്യവും സംരക്ഷിക്കുന്നതില്‍ അമേരിക്ക നടത്തിയ ത്യാഗങ്ങളെ എല്ലാ അര്‍ത്ഥത്തിലും ഞങ്ങള്‍ മനസിലാക്കുന്നു, അഭിനന്ദരിക്കുന്നു-സുഷമ പറഞ്ഞു.

കഴിഞ്ഞ 16 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ഇല്ലാതാകാതിരിക്കാന്‍ യുഎസ് നടത്തുന്ന ഇടപെടല്‍ തുടരണമെന്നാണ് പൊതുവെ ഇന്ത്യക്കുള്ള അഭിപ്രായം.

അല്ലെങ്കില്‍ അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കുള്ള വലിയ താല്‍പ്പര്യത്തെ അത് ബാധിക്കും. അടുത്തിടെയാണ് അഫ്ഗാനുള്ള സാമ്പത്തിക സഹായത്തിലേക്ക് ഇന്ത്യ ഒരു ബില്ല്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തത്. യുഎസിന്റെ ഇപ്പോഴത്തെ അഫ്ഗാന്‍ ഇടപെടലില്‍ ട്രംപിന് സംതൃപ്തിയില്ല എന്നാണ് സൂചന. അഫ്ഗാനില്‍ തോല്‍ക്കുന്ന യുദ്ധമാണ് അമേരിക്ക നയിക്കുന്നതെന്ന ചിന്തയാണ് ട്രംപിനുള്ളത്.

പുതിയ മാറ്റങ്ങള്‍ യുഎസ് നയത്തില്‍ ഉണ്ടായേക്കാം. അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടലില്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കണമെന്ന് പരക്കെ അഭിപ്രായം ഉയരുന്നുണ്ട് യുഎസില്‍. ഏകദേശം 2,400 ലധികം അമേരിക്കന്‍ സൈനികരുടെ ജീവന്‍ അഫ്ഗാന്‍ യുദ്ധത്തില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. അതിനാല്‍ തന്നെ ട്രംപിന്റെ നിലവിലെ ആശങ്കയില്‍ യുക്തിയുണ്ട്. എന്നാല്‍ പൂര്‍ണമായുള്ള യുഎസിന്റെ പിന്‍മാറ്റം അവിടെ പാക്കിസ്ഥാന്‍ ഭീകരതയുടെയും താലിബാന്‍ ഭീകരതയുടെയും സജീവ വ്യാപനത്തിന് ഇടവെക്കും. അഫ്ഗാനില്‍ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ കൂടുതല്‍ ഇടപെടല്‍ വേണമെന്ന് വാദിക്കുന്നവരുമുണ്ട്. അത്തരമൊരു നീക്കം പാക്കിസ്ഥാനെ വലിയ തോതില്‍ അലോസരപ്പെടുത്തും.

നിലവില്‍ അഫ്ഗാന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രധാന പങ്കാളിയാണ് ഇന്ത്യ. അഫ്ഗാന്‍ സുരക്ഷാ സേനകള്‍ക്കുള്ള ലോജിസ്റ്റിക്‌സ്, ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലെ പിന്തുണ ഇന്ത്യ നല്‍കണമെന്ന ആവശ്യമാണ് അടുത്തിടെ ചില അമേരിക്കന്‍ നേതാക്കള്‍ മുന്നോട്ടുവെച്ചത്. 40 വര്‍ഷത്തോളമായി അഫ്ഗാനിസ്ഥാനില്‍ ഭീകരതയ്ക്ക് പരിരക്ഷ നല്‍കിപ്പോരുകയാണ് പാക്കിസ്ഥാന്‍. ഇതിന്റെ നട്ടെല്ല് പൂര്‍ണമായും തകര്‍ക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചയും വികസനവും സുസ്ഥിരമാകില്ല.

Comments

comments

Categories: Editorial, Slider