ഇന്ത്യയില്‍ മിനി ഇലക്ട്രിക് എസ്‌യുവിയുടെ സാധ്യത പരിശോധിക്കാന്‍ ഹ്യുണ്ടായ്

ഇന്ത്യയില്‍ മിനി ഇലക്ട്രിക് എസ്‌യുവിയുടെ സാധ്യത പരിശോധിക്കാന്‍ ഹ്യുണ്ടായ്

ഗ്രാന്‍ഡ് ഐ10, ഐ20 ഹാച്ച്ബാക്കുകളുടെ ഇലക്ട്രിക് വേര്‍ഷന്‍ അവതരിപ്പിക്കുന്ന കാര്യവും പരിഗണിക്കും

ന്യൂ ഡെല്‍ഹി : 2018 പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് മിനി എസ്‌യുവി അവതരിപ്പിക്കുന്നതിന് ഹ്യുണ്ടായ് ഇന്ത്യ സാധ്യതാ പഠനം നടത്തും. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10, ഐ20 ഹാച്ച്ബാക്കുകളുടെ ഇലക്ട്രിക് വേര്‍ഷന്‍ അവതരിപ്പിക്കുന്ന കാര്യവും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ പരിഗണിക്കുകയാണ്.

ഉയര്‍ന്ന ജിഎസ്ടി നിരക്കിനെതുടര്‍ന്ന് നിലവിലെ കാറുകളുടെ ഹൈബ്രിഡ് വേര്‍ഷന്‍ അവതരിപ്പിക്കാനുള്ള പദ്ധതി ഹ്യുണ്ടായ് അനിശ്ചിത കാലത്തേക്ക് ഉപേക്ഷിച്ചിരിക്കുകയാണ്.

ഇലക്ട്രിക് കാറുകളാണ് കമ്പനിയുടെ അടുത്ത മികച്ച ഓപ്ഷന്‍. ഇലക്ട്രിക് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഹ്യുണ്ടായ് ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ വൈ കെ കൂ പറഞ്ഞു.

ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ബിഗ്-സൈസ് വാഹനങ്ങളേക്കാള്‍ ചെറു കാറുകളില്‍ ഇലക്ട്രിക് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതാണ് കൂടുതല്‍ സൗകര്യപ്രദവും എളുപ്പവും പ്രായോഗികവുമെന്ന് വൈ കെ കൂ പറഞ്ഞു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കാര്യമായ വളര്‍ച്ച പ്രകടമല്ല. മഹീന്ദ്ര മാത്രമാണ് ഒരേയൊരു പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍. മാരുതി സുസുകിയും ടാറ്റ മോട്ടോഴ്‌സും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശ്രമിക്കുന്നു. മിനി ഇലക്ട്രിക് എസ്‌യുവിക്കു വേണ്ടിയുള്ള സാധ്യതാ പഠനം അനുകൂലമാണെങ്കില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുടെ സംഘത്തില്‍ ഹ്യുണ്ടായ് ചേരുമെന്ന് വൈ കെ കൂ അറിയിച്ചു.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് എന്തുമാത്രം നിക്ഷേപം നടത്തേണ്ടി വരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് കൂ പറഞ്ഞു. ആഗോളതലത്തില്‍ കമ്പനിക്ക് ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ സ്വന്തമാണ്. അടുത്ത വര്‍ഷം ആഗോളതലത്തില്‍ തങ്ങളുടെ ആദ്യ ചെറിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനാണ് ഹ്യുണ്ടായുടെ പദ്ധതി. നിലവിലെ പ്ലാറ്റ്‌ഫോമില്‍ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിക്കു കീഴിലെ കിയ മോട്ടോഴ്‌സായിരിക്കും ഈ വാഹനം പുറത്തിറക്കുന്നത്. ഒരു തവണ മുഴുവനായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്ററിലധികം ഈ ഇലക്ട്രിക് എസ്‌യുവി ഡ്രൈവ് ചെയ്യാന്‍ സാധിക്കും.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് വാഹന നിര്‍മ്മാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്ന് വൈ കെ കൂ ആവശ്യപ്പെട്ടു. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Comments

comments

Categories: Auto