ഹോണ്ട ചെറിയ അഡ്വഞ്ചര്‍ ബൈക്ക് പുറത്തിറക്കും

ഹോണ്ട ചെറിയ അഡ്വഞ്ചര്‍ ബൈക്ക് പുറത്തിറക്കും

ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ചൈനീസ് വിപണിയില്‍ ബൈക്ക് പ്രത്യക്ഷപ്പെടും

ന്യൂ ഡെല്‍ഹി : ഹോണ്ട ചെറിയ ഡിസ്‌പ്ലേസ്‌മെന്റുള്ള അഡ്വഞ്ചര്‍ ബൈക്ക് നിര്‍മ്മിക്കുന്നു. ഈ ബൈക്കിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നു. ഹോണ്ടയുടെ ചൈനീസ് സംയുക്ത സംരംഭമായ വുയാംഗ് ഹോണ്ട, ഈയിടെ ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എന്ന് തോന്നിക്കുന്ന ഇരുചക്ര വാഹനത്തിന് പേറ്റന്റ് നേടിക്കഴിഞ്ഞു.

ചൈനീസ് വിപണിയില്‍ വില്‍ക്കുന്ന നേകഡ് സ്‌പോര്‍ട്‌സ് ബൈക്കായ ഹോണ്ട സിബി190ആറിനെ (184 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍, 15.4 ബിഎച്ച്പി കരുത്ത്) അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ ചൈനീസ് വിപണിയില്‍ ഹോണ്ടയുടേതായി സിബി190എക്‌സ് ഫൈറ്റ് ഹോക് എന്ന ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് അഡ്വഞ്ചര്‍ ബൈക്ക് ലഭ്യമാണ്. കഴിഞ്ഞ വര്‍ഷമാണ് ഈ ബൈക്ക് ചൈനയില്‍ അവതരിപ്പിച്ചത്. എന്നാല്‍ പേറ്റന്റ് ലഭിച്ച ബൈക്കിന്റെ ഡിസൈന്‍ ഇതില്‍നിന്ന് വ്യത്യസ്തമാണെന്ന് ചിത്രത്തില്‍ വ്യക്തമാണ്.

സിബി190എക്‌സിനെപ്പോലെ, സിബി190ആറിന്റെ അതേ ഷാസി തന്നെയാണ് പേറ്റന്റ് ലഭിച്ച ബൈക്കിന് നല്‍കിയിരിക്കുന്നത്. ചൈനീസ് വിപണിയില്‍ ഒരേ പവര്‍പ്ലാന്റില്‍ ഹോണ്ടയുടേതായി രണ്ട് വ്യത്യസ്ത ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് അഡ്വഞ്ചര്‍ മോഡലുകള്‍ ഉണ്ടാകുമോയെന്ന് വ്യക്തമല്ല. എന്നാല്‍ അഡ്വഞ്ചര്‍ സ്‌റ്റൈലിംഗിന് ഇപ്പോള്‍ വലിയ കമ്പമുള്ളതിനാല്‍ ചൈനീസ് വിപണിയില്‍ മറ്റൊരു ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് അഡ്വഞ്ചര്‍ ബൈക്ക് വരുന്നത് ഹോണ്ടയുടെ വില്‍പ്പന വര്‍ധിപ്പിക്കും.

സിബി190ആര്‍, സിബി190എക്‌സ് എന്നിവയ്ക്ക് അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്റ്റ് ആണെങ്കില്‍ പേറ്റന്റ് ലഭിച്ച ബൈക്കിലെ വ്യത്യസ്ത ഡിസൈനിലുള്ള എക്‌സ്‌ഹോസ്റ്റ് വാഹനത്തെ കൂടുതല്‍ ഓഫ്-റോഡ് സൗഹൃദമാക്കും. ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷനാണ് ലഭിച്ചിരിക്കുന്നത്. ബോഡിവര്‍ക് പൂര്‍ണമായും വ്യത്യസ്തമാണ്. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ബൈക്ക് ചൈനീസ് വിപണിയില്‍ പ്രത്യക്ഷപ്പെടും.

ഹോണ്ടയുടെ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. ബെംഗളൂരുവിന് സമീപം നര്‍സാപുര പ്ലാന്റില്‍ പുതിയ അസംബ്ലി ലൈന്‍ സ്ഥാപിച്ചതോടെ ഹോണ്ടയുടെ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന പ്ലാന്റായി നര്‍സാപുര ഈയിടെ മാറിയിരുന്നു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഹോണ്ടയ്ക്ക് വമ്പന്‍ പദ്ധതികളാണുള്ളത്.

 

Comments

comments

Categories: Auto