മത്സരാധിഷ്ഠിത താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികാരമുണ്ടെന്ന് ട്രായ്

മത്സരാധിഷ്ഠിത താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികാരമുണ്ടെന്ന് ട്രായ്

ട്രായ് ആക്റ്റ്, സിസിഐ ആക്റ്റ് എന്നിവ വൈരുധ്യങ്ങളില്ലാതെ യോജിച്ചുനടപ്പാക്കുന്നതിന് കൂടിക്കാഴ്ച നടത്താമെന്നും ട്രായ്

ന്യൂഡെല്‍ഹി: ടെലികോം രംഗത്തെ താരിഫ് നിരക്കും വിപണി മല്‍സരവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്തങ്ങള്‍ക്ക് അധികാരവും വൈദഗ്ധ്യവും ഉണ്ടെന്ന് കാണിച്ച് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ) ക്ക് ടെലികോം റെഗുലേറ്റര്‍ ട്രായിയുടെ കത്ത്. വിപണിയിലെ കുത്തകയാകാനുള്ള ശ്രമവും ഇരപിടിക്കും പോലുള്ള വിലനിര്‍ണയവുമെല്ലാം പരിശോധിക്കേണ്ടത് തങ്ങളുടെ അധികാര പരിധിക്ക് കീഴില്‍ വരുന്നതാണെന്നും ട്രായ് അവിടെ കടന്നു കയറുകയാണെന്നുമുള്ള സിസി ഐ യുടെ ആശങ്കകള്‍ക്ക് മറുപടിയായാണ് ട്രായ് കത്തയച്ചത്. വിപണി മത്സരം ഉള്‍പ്പടെ താരിഫ് നിരക്കുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് ട്രായ് വ്യക്തമാക്കി.

സിസിഐ ചെയര്‍മാന്‍ ദേവേന്ദര്‍ കെ സിക്രിക്ക് അയച്ച രണ്ട് പേജുള്ള കത്തില്‍ ടെലികോം റെഗുലേറ്റര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രധാന ഉത്തരവാദിത്തം താരിഫുകള്‍ നിരീക്ഷിക്കുക എന്നതാണെന്ന് ട്രായ് പറയുന്നു.

എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരുടെയും വിപണി മത്സരം ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതാണെന്ന് ഉറപ്പുവരുത്തേണ്ടത് റെഗുലേറ്ററുടെ ചുമതലയാണെന്ന് ട്രായ് കത്തില്‍ വാദിച്ചു.

മത്സരത്തെ സുഗമമാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് ട്രായ് ആക്റ്റിലെ വ്യവസ്ഥകളെന്നും ട്രായ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇരപിടിക്കലിന്റെ സ്വഭാവമുള്ള വില നിര്‍ണയവുമായി ബന്ധപ്പെട്ട് 2006ല്‍ തന്നെ ട്രായ് കാലപരിധിയോടു കൂടിയ താരിഫ് പ്ലാനുകളില്‍ പരിശോധന നടത്തിയിരുന്നു. അത്തരം വിഷയങ്ങളെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുന്നത് തുടരുമെന്നാണ് ട്രായ് കത്തില്‍ പറയുന്നത്.

ടെലികോം മേഖലയുടെ ചലനാത്മക സ്വഭാവവും കത്തില്‍ സൂചിപ്പിച്ച ട്രായ്, നിരവധി പ്രമോഷണല്‍ ഓഫറുകളടക്കം സങ്കീര്‍ണമായ താരിഫുകള്‍ പരിശോധിക്കാന്‍ പ്രത്യേക വൈദഗ്ധ്യം ആവശ്യമാണെന്നും വ്യക്തമാക്കി. റെഗുലേറ്ററി പ്രിന്‍സിപ്പിള്‍സ് ഓഫ് താരിഫ് അസ്‌മെന്റ് എന്ന പേരില്‍ ട്രായ് ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയിരുന്നു. ടെലികോം ഓപ്പറേറ്റര്‍മാരുടെ താരിഫ് ഓഫറുകളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ട്രായ് ശ്രമിച്ചത്.

കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ സിസിഐ ആക്റ്റിന്റെ വ്യവസ്ഥകള്‍ കൂടി വ്യക്തമാക്കിയത് ട്രായ് ആക്റ്റ്, സിസിഐ ആക്റ്റ് എന്നിവ വൈരുധ്യങ്ങളില്ലാതെ യോജിച്ചു നടപ്പാക്കേണ്ടതാണെന്ന ട്രായ് നിലപാടിന്റെ ഭാഗമാണെന്ന് കത്തില്‍ ട്രായ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ രണ്ട് റെഗുലേറ്റര്‍മാര്‍ക്കും ഈ വിഷയത്തില്‍ കൂടിക്കാഴ്ചകള്‍ നടത്താവുന്നതാണെന്നും ട്രായ് നിര്‍ദേശിക്കുന്നു.

Comments

comments

Categories: Business & Economy