കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നിരക്കിളവ് നല്‍കിയേക്കും

കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നിരക്കിളവ് നല്‍കിയേക്കും

ഇഡലി, ദോശ മാവുകളുടെ നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കുന്നത് പരിഗണനയില്‍

ന്യഡെല്‍ഹി: സെപ്റ്റംബര്‍ 9ന് ഹൈദരാബാദില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ കൂടുതല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കും നിരക്കിളവ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും വിവിധ വ്യവസായ മേഖലകളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച ജിഎസ്ടി കൗണ്‍സിലിന്റെ ഫിറ്റ്‌മെന്റ് കമ്മിറ്റി നികുതി ഇളവിനു പരിഗണിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട് രജിസ്റ്റര്‍ ചെയ്ത ഭക്ഷ്യധാന്യ ബ്രാന്‍ഡുകള്‍ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാകുന്നതിനായി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്ന സാഹചര്യവും കൗണ്‍സില്‍ പരിഗണിക്കും.

ബ്രാന്‍ഡ് ചെയ്യപ്പെട്ടതും അല്ലാത്തതുമായ ഭക്ഷ്യധാന്യങ്ങള്‍ക്ക് ജിഎസ്ടിക്ക് കീഴില്‍ ഏര്‍പ്പെടുത്തിയ നികുതിയിലെ വ്യത്യാസം വിപണിയില്‍ സങ്കീര്‍ണമായ സാഹചര്യം സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഓള്‍ ഇന്ത്യ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തയിച്ചിരുന്നു. ബ്രാന്‍ഡ് നാമം അല്ലെങ്കില്‍ ട്രേഡ് നാമം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ചരക്കുകളുടെ വിതരണത്തില്‍ ജിഎസ്ടി ബാധകമാകില്ലെന്ന വ്യവസ്ഥയാണ് ഇപ്പോഴുള്ളത്.

മേയ് 15നകം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഏതൊരു ബ്രാന്‍ഡും അത് പിന്നീട് റദ്ദ് ചെയ്താല്‍ പോലും രജിസ്റ്റര്‍ ചെയ്തതായി കണക്കാക്കണമെന്നാണ് ഫിറ്റ്‌മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉണങ്ങിയ വാളമ്പുളിക്കുള്ള ജിഎസ്ടി നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുമ്പ് പല സംസ്ഥാനങ്ങളും വാറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്ന ഉല്‍പ്പന്നമാണിത്.

വറുത്ത പയറുവര്‍ഗങ്ങള്‍ക്ക് നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കണമെന്നും ഫിറ്റ്‌മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കസ്റ്റാര്‍ഡ് പൗഡറിന്റെ നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഇഡലി, ദോശ മാവുകളുടെ നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഇളവ് ചെയ്യാനും ആലോചനയുണ്ട്.

പരുത്തി ഫാബ്രിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. സാരീ ഫാളുകള്‍ക്കും ഇത് ബാധകമാക്കിയേക്കും. ചൂല്, ടൂത്ത്ബ്രഷ് എന്നിവയ്ക്ക് നിലവിലുള്ള 5 ശതമാനം നിരക്ക് എടുത്ത് മാറ്റുന്നതും കൗണ്‍സില്‍ പരിഗണിക്കും. കൊന്തകള്‍, ജപമാലകള്‍ എന്നിവയ്ക്ക് നിലവിലുള്ള 18 ശതമാനം നിരക്ക് 5 ശതമാനമാക്കി കുറയ്ക്കാനും ഫിറ്റ്‌മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Comments

comments

Categories: Top Stories