കേവലം 3.4 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാര്‍ ; ബോജന്‍ ഇ100 ചൈനയില്‍ അവതരിച്ചു

കേവലം 3.4 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാര്‍ ; ബോജന്‍ ഇ100 ചൈനയില്‍ അവതരിച്ചു

ആധുനികസൗകര്യങ്ങളുള്ള ചെറിയ 2 സീറ്റര്‍ സിറ്റി കാറാണ് ഇ100

ന്യൂ ഡെല്‍ഹി : ജനറല്‍ മോട്ടോഴ്‌സ്, എസ്എഐസി മോട്ടോര്‍, എസ്എഐസി-ജിഎം-വുളിംഗ് ഓട്ടോമൊബീല്‍ എന്നിവയുടെ സംയുക്ത സംരംഭ ബ്രാന്‍ഡായ ബോജന്‍ ചൈനീസ് വിപണിയില്‍ ഇ100 എന്ന അര്‍ബന്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. 5,300 ഡോളര്‍ മാത്രമാണ് ഈ കാറിന് വില. അതായത് 3.4 ലക്ഷം ഇന്ത്യന്‍ രൂപ. ആധുനികസൗകര്യങ്ങളുള്ള ചെറിയ 2 സീറ്റര്‍ സിറ്റി കാറാണ് ഇ100.

ജനറല്‍ മോട്ടോഴ്‌സും ഷെവര്‍ലെ ബ്രാന്‍ഡും ഇന്ത്യ വിടാനൊരുങ്ങുമ്പോള്‍ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എസ്എഐസി ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഇ100 എന്ന അര്‍ബന്‍ ഇലക്ട്രിക് കാര്‍ ഭാവിയില്‍ ഇന്ത്യയിലെത്തുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

39 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുന്നതാണ് ബോജന്‍ ഇ100 ലെ ചെറിയ ഇലക്ട്രിക് മോട്ടോര്‍. മണിക്കൂറില്‍ നൂറ് കിലോമീറ്ററാണ് പരമാവധി വേഗം. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 160 കിലോമീറ്റര്‍ ഓടിക്കാം. ഒരു ശരാശരി നഗരയാത്രയ്ക്ക് ഈ റേഞ്ച് ധാരാളമാണ്.

വൈഫൈ ഹോട്ട്‌സ്‌പോട്ട്, എല്‍സിഡി ടച്ച്‌സ്‌ക്രീന്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഈ ചെറു ഇലക്ട്രിക് കാറിന്റെ സവിശേഷതകളാണ്. കാറിനകത്ത് ശുദ്ധ വായു ലഭ്യമാക്കുന്ന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിക്ക ചൈനീസ് നഗരങ്ങളിലെയും വായു ഒന്നിനും കൊള്ളില്ലെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഈ സംവിധാനം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമെന്ന സ്വപ്‌നം താലോലിക്കുന്ന ഇന്ത്യയ്ക്ക് ബോജന്‍ ഇ100 എന്ന അര്‍ബന്‍ ഇലക്ട്രിക് കാര്‍ വഴിമരുന്നാവും. ഇലക്ട്രിക് കാറുകള്‍ക്ക് കുറഞ്ഞ ജിഎസ്ടി നിരക്ക് നിശ്ചയിച്ചത് 2030 ദൗത്യപൂര്‍ത്തീകരണത്തിനുവേണ്ടിയാണ്. ഇലക്ട്രിക് കാറുകള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ശക്തിയുക്തമാണ് നിലകൊള്ളുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ ഈ ചെറിയ 2 സീറ്റര്‍ അര്‍ബന്‍ കാറിന്റെ വില ചൈനയിലേക്കാള്‍ വര്‍ധിപ്പിച്ചാലും അത് ഗൗനിക്കേണ്ടതില്ല. ഇന്ത്യയില്‍ ഈ കാര്‍ ആരെയും മോഹിപ്പിക്കുന്നതായിരിക്കും.

ഇ100 ഇന്ത്യയിലെത്തുമ്പോള്‍ ബോജന്‍ ബ്രാന്‍ഡിന് റോള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എസ്എഐസി ഇന്ത്യയില്‍ എംജി (മോറിസ് ഗാരേജസ്) ബ്രാന്‍ഡിലാണ് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എംജി ബ്രാന്‍ഡില്‍ ഇന്ത്യന്‍ വിപണിയില്‍ എസ്എഐസി പുറത്തിറക്കുന്ന ആദ്യ ഹാച്ച്ബാക്ക്, ചെറു എസ്‌യുവി മോഡലുകള്‍ക്കൊപ്പം ഇ100 കാറും അവതരിപ്പിച്ചേക്കും. അഞ്ച് ലക്ഷം രൂപ വില നിശ്ചയിച്ചാലും ഇന്ത്യന്‍ ഇലക്ട്രിക് അര്‍ബന്‍ കാര്‍ വിപണിയില്‍ ഇ100 വന്‍ ചലനമുണ്ടാക്കും.

 

Comments

comments

Categories: Auto